കൊച്ചി: വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മലയാളികളുടെ ഒരു കാലത്തെ പ്രധാന വ്യായാമ ഉപാധിയായിരുന്ന സൈക്കിള്‍ സവാരി തിരിച്ചുകൊണ്ടുവരാന്‍ ഗാന്ധിജയന്തിദിനം മുതല്‍ എല്ലാമാസവും സൈക്കിള്‍ ദിനമായി ആചരിക്കാന്‍ തീരുമാനം. സൈക്കിളിലേക്കൊരു മടക്കയാത്ര എന്ന പേരിലുള്ള പദ്ധതി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തുടക്കം കുറിക്കാന്‍ എ.ഡി.എം. ബി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സൈക്കിള്ദിനാചരണം.
ഗാന്ധിജിയുടെ ആരോഗ്യ ശുചിത്വ പരിസ്ഥിതി ചിന്തകളുടെ പ്രചരണവും ഇതോടൊപ്പം സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും നടത്തിവരുന്ന വിവിധ മല്‍സരങ്ങളും നടത്തും. ഒക്ടോബര്‍ രണ്ടിന് 5000 സൈക്കിള്‍ യാത്രക്കാരുടെ സംഗമത്തോടെ കൊച്ചിയില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സൈക്കിളിലേക്കൊരു മടക്കയാത്രയില്‍ രാഷ്ട്രീയ,സാംസ്കാരിക, സിനിമ രംഗത്തെ പ്രമുഖര്‍ അണിനിരക്കും.
ഗോശ്രീ റോഡില്‍ ചാത്യാത്ത് പള്ളിക്കുസമീപത്തുനിന്നാരംഭിച്ച് എറണാകുളം രാജേന്ദ്രമൈതാനിയിലാണ് സൈക്കിള്ദിനാചരണ പരിപാടി സമാപിക്കുക. സ്കൂള്‍ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സിനിമതാരങ്ങള്‍, സാംസ്കാരിക നായകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവരെ പങ്കെടുപ്പിച്ചായിരിക്കും ദിനാചരണം.
വാരാചരണക്കാലത്ത് ഓരോ ദിവസവും പ്രത്യേക വിഭാഗങ്ങള്‍ക്കായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് വ്യവസായമേഖല കേന്ദ്രീകരിച്ച് ഇന്‍ഫോപാര്‍ക്കിലും നാലിന് സര്‍ക്കാര്‍ ഓഫീസുകളിലും അഞ്ചിന് തൊഴിലാളികള്‍ക്കിടയിലും ആറിന് ജനപ്രതിനിധികള്‍ക്കിടയിലും ഏഴിന് അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കിടയിലും എട്ടിന് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ജീവിതശൈലി രോഗ പ്രതിരോധത്തിന്റെ ഭാഗമായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും.
സൈക്കിള്ദിനാചരണവുമായി ബന്ധപ്പെട്ട് വിപുലമായ സ്വാഗതസംഘയോഗം ഓണത്തിനുശേഷം ചേരും. യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് മേഖല ഡപ്യൂട്ടിഡയറക്ടര്‍ കെ.എസ്.സുധ, ഗാന്ധിഭവന് സെക്രട്ടറി പ്രൊഫ.വി.പി.ജി.മാരാര്‍, ആയുര്‍വേദ ഡി.എം.ഒ. ഡോ. എന്‍.അംബിക, എന്‍.ആര്.എച്ച്.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, എ.ഡി.സി.ജനറല്‍ കെ.ജെ.ടോമി, സര്‍വശിക്ഷഅഭിയാന്‍ ജില്ല പ്രോഗ്രാം ഓഫീസര്‍ പി.മുഹമ്മദ് റഫീക്ക്, വിദ്യാഭ്യാസവകുപ്പ് ഓഫീസര്‍ പി.ടി.ജോര്‍ജ്, ഡോ.സി.എസ്.അജിത, സാക്ഷരമിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി.രതീഷ്, കെ.എം.യൂസഫ്, കുടുംബശ്രീ ജില്ല അസിസ്റ്റന്റ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് പി.അഗസ്റ്റിന്, സി.പി.കൃഷ്ണന്, പി.ഇ.ശശി, കെ.ജോയ്, ആന്‍സി ആന്റണി, ഡാലിയ സി. ജോണ്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: