വാഷിങ്ടണ്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലെ പ്രശ്ന പരിഹാരത്തിന് നയതന്ത്ര തലത്തിലുള്ള അവസരം നല്‍കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. എന്നാല്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി അനിവാര്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കരയുദ്ധത്തിന് അമേരിക്ക ഇല്ലെന്നും പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളുടെ പിന്തുണയോടെ സിറിയക്ക്മേല് അന്തരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്താനുള്ള നടപടികള്‍ തുടരുമെന്നും ഒബാമ പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഒബാമയുടെ പ്രസ്താവന. സിറിയയിലെ രാസായുധങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന റഷ്യയുടെ നിര്‍ദ്ദേശത്തെ പ്രോത്സാഹനജനകം എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. എന്നാല്‍ റഷ്യയുടെ നിര്‍ദ്ദേശം വിജയിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്നും ഒബാമ ചൂണ്ടിക്കാട്ടി.
സിറിയയുടെ രാസായുധ ശേഖരം നശിപ്പിക്കുന്നതിനായി റഷ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഒബാമയും ചര്‍ച്ചകള്‍ തുടരും. രാസായുധങ്ങള്‍ കൈമാറാമെന്ന് സിറിയ റഷ്യക്ക് നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ വിഷയത്തിലുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വോട്ടെടുപ്പ് മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടതായി ഒബാമ പറഞ്ഞു. ഈ സമയത്ത് തന്നെ യുഎന്‍ നിരീക്ഷകര്‍ക്ക് അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാധിക്കുമെന്നും ഒബാമ പറഞ്ഞു.
സിറിയ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. സിറിയയെ അനുകൂലിക്കുന്നവര്‍ ചെയ്യുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ഒബാമ കുറ്റപ്പെടുത്തി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടം രാസായുധം പ്രയോഗിച്ചു എന്നതിന് തെളിവുണ്ട്. രാസായുധ പ്രയോഗത്തില്‍ മരിച്ചവരുടെ തലമുടിയും രക്തവും പരിശോധിച്ചതില്‍ നിന്ന് അത് വ്യക്തമാണ്.
അന്താരാഷ്ട്ര സമൂഹത്തിനു മാത്രമല്ല അമേരിക്കയ്ക്കും സിറിയയുടെ രാസായുധപ്രയോഗം ശക്തമായ ഭീഷണിയാണെന്നും ഒബാമ പറഞ്ഞു. രാസായുധപ്രയോഗത്തിനെതിരെ നടപടി സ്വീകരിക്കാതിരുന്നാല്‍ അത് മറ്റു മാരക ആയുധങ്ങളുടെ പ്രയോഗങ്ങള്‍ക്കും വഴിയൊരുക്കും. അതിനാല്‍ സിറിയ്ക്കെതിരെ വ്യോമമാര്‍ഗത്തിലൂടെയുള്ള നിയന്ത്രിത സൈനിക നടപടി വേണം. ആഗോള സുരക്ഷയുടെ നങ്കൂരം അമേരിക്കയുടെ കൈയിലാണെന്നും അതിനാലാണ് അമേരിക്ക മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതെന്നും ഒബാമ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധാനുഭവങ്ങളില്‍ നിന്ന് അമേരിക്കന്‍ ജനത വീണ്ടും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് തനിക്ക് ബോധ്യമണ്ടെന്നും ഒബാമ പറഞ്ഞു. എന്നാല്‍ നിയന്ത്രിത സൈനിക നടപടി അനിവാര്യമാണ്. അസദിനും മറ്റുള്ള ഏകാധിപതികള്‍ക്കും രാസായുധം പ്രയോഗിക്കുന്നതിന് മുന്‍പ് ഒരു തവണ കൂടി ആലോചിക്കുന്നതിന് ഇത് ഇടയാക്കും. രാസായുധങ്ങള്‍ ഇല്ലാതാക്കുക എന്നത് മാത്രമാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: