കൊല്ലം: ഓണത്തിരക്കിനിടയില്‍ നഗരപാതയില്‍ പൊതുമരാമത്ത് വക ടാറിംഗ്. ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടി ജനം. ആശുപത്രികളിലേക്ക് രോഗികളുമായി പോകേണ്ട ആംബുലന്‍സുകള്‍ വരെ കുരുക്കില്‍ അകപ്പെട്ടു. ഇരുമ്പ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളാണ് പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തി ശുഷ്കാന്തി കൂടിയ വകുപ്പ് മേധാവികള്‍ പകല്‍നേരത്ത് ചെയ്തത്.
സാധാരണ ഇത്തരം ജോലികള്‍ രാത്രി വൈകിയാണ് നടത്താറുള്ളത്. ഓണം ആഘോഷിക്കാനും ഷോപ്പിംഗിനായുമൊക്കെ സ്വന്തം വാഹനങ്ങളുമായി പൊതുജനം നിരത്തിലിറങ്ങിയതോടെ പ്രശ്നം രൂക്ഷമായി. സൂപ്പര്‍ ഫാസ്റ്റും എക്സ്പ്രസുമടക്കമുള്ള വലിയ വാഹനങ്ങള്‍ വരെ ചാമക്കട. കല്ലുപാലം, കോട്ടമുക്ക് വഴിയുള്ള ഇടുങ്ങിയ റോഡിലൂടെ തിരിച്ചുവിട്ടതോടെ അവിടെയും ജനത്തിരക്കായി. കടകളില്‍ മണിക്കൂറുകളോളം കച്ചവടം സ്തംഭിച്ചു. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നാരംഭിച്ച വാഹനങ്ങളുടെ നിര ചിന്നകടയിലേക്കും നീണ്ടതോടെ കുരുക്ക് കൂടുതല്‍ മുറുകി. ഹൈസ്കൂള്‍ ജംഗ്ഷന്, കച്ചേരി തുടങ്ങിയ ഇടങ്ങളിലേക്ക് പോകേണ്ടവര്‍ കൈക്കുഞ്ഞുങ്ങളുമായി ഇറങ്ങി നടന്നു പോകേണ്ട ഗതികേടായി. നിയന്ത്രിക്കാന്‍ നിന്ന പോലീസുകാര്‍ക്കും ഭ്രാന്ത് പിടിച്ച അവസ്ഥ. നേരത്തെതന്നെ ഇരുമ്പ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗതാക്കുരുക്കിലായ നഗരത്തിന് പരീക്ഷണമായി ഇന്നലെത്തെ റോഡ്പണി.
അതേസമയം കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്ന് രാത്രി എട്ട് മണികഴിഞ്ഞാല്‍ കൊടി പിടിക്കാതെ കൊട്ടാരക്കരയ്ക്ക് ബസ് അയയ്ക്കില്ലെന്ന പിടിവാശിയിലാണ് ഉദ്യോഗസ്ഥരെന്ന് യാത്രക്കാര്‍ പരാതി പറയുന്നു. സ്വകാര്യബസ് സമരം പൊറുതിമുട്ടിച്ച കഴിഞ്ഞ ദിവസം രാത്രിയാണ് ബസ്ക്ഷാമം രൂക്ഷമായത്. എവിടെ നിന്നെങ്കിലും ഓടിവരുന്ന വണ്ടിയേ കൊട്ടാരക്കരയ്ക്കൂവെന്ന് ഉദ്യോഗസ്ഥര്‍ പിടിവാശിയായതോടെ സഹികെട്ട് യാത്രക്കാര്‍ പ്രതികരിക്കുകയായിരുന്നു. ഒടുവില്‍ ചവറയ്ക്ക് വന്ന വണ്ടി കൊട്ടാരക്കര റൂട്ടിലേക്ക് തിരിച്ചുവിട്ടാണ് പ്രശ്നം പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: