കൊച്ചി: ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്കാവശ്യപ്പെട്ട് ആര്‍ബിഐ നല്കിയ നോട്ടീസില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി കലൂര്‍ ആര്‍ബിഐ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഭക്തജനങ്ങള്‍ കാണിക്കയായ് അര്‍പ്പിച്ച സ്വര്‍ണം തട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഹിന്ദുഐക്യവേദി രക്ഷാധികാരി ആചാര്യ എം.കെ. കുഞ്ഞോല്‍ പറഞ്ഞു.
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രഹസ്യ അജണ്ടയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്ന് കുഞ്ഞോല്‍ ആരോപിച്ചു. രാജ്യത്തെ പാപ്പരാക്കിയത് മന്‍മോഹന്‍സിംഗിന്റെ കഴിവുകെട്ട ഭരണമാണെന്ന് തുടര്‍ന്ന് സംസാരിച്ച ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേതടക്കമുള്ള സ്വര്‍ണ ശേഖരങ്ങളിലാണ് സര്‍ക്കാരിന്റെ കണ്ണ്. വികലമായ സാമ്പത്തിക നയങ്ങള്‍ കൊണ്ട് ജനജീവിതം ദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, എന്‍.ആര്. സുധാകരന്, ക്യാപ്റ്റന്‍ സുന്ദരം, സി.ജി. രാജഗോപാല്‍, എ.ബി. ബിജു, പി.കെ. ബാഹുലേയന്, ടി.എസ്. സത്യന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: