ബ്രസീലിയ: അടുത്ത വര്‍ഷത്തെ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം. ലോകകപ്പിന്റെ ആതിഥേയരായ ബ്രസീല്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ഓസ്ട്രേലിയയെയാണ് നിലംപരിശാക്കിയത്. ബ്രസീലിയയിലെ എസ്റ്റോഡിയ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ യുവ സൂപ്പര്‍താരം നെയ്മറും സംഘവും ഏഷ്യന്‍ ശക്തികളായ ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് പുറത്തെടുത്തത്. ഇക്കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ജേതാക്കളായ ബ്രസീല്‍ കഴിഞ്ഞ മാസം സ്വിറ്റ്സര്‍ലന്റിനെതിരായ സൗഹൃദ മത്സരത്തില്‍ 1-0ന് പരാജയപ്പെട്ടിരുന്നു. ഈ പരാജയം മറന്ന് സ്വന്തം മണ്ണില്‍ പോരിനിറങ്ങിയ ബ്രസീല്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ യഥാര്‍ത്ഥ ബ്രസീലായിമാറുന്ന കാഴ്ചയാണ് കണ്ടത്. ബ്രസീലിന് വേണ്ടി ജോ (2), നെയ്മര്‍, റാമിറസ്, അലക്സാന്ദ്രേ പാറ്റോ, ലൂയിസ് ഗുസ്താവോ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ നേടിയതിന് പുറമെ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് കളിയിലെ താരം.
കിക്കോഫ് മുതല്‍ ആക്രമണമഴിച്ചുവിട്ട ബ്രസീല്‍ എട്ടാം മിനിറ്റില്‍ ലീഡ് നേടി. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച് ബോക്സില്‍ പ്രവേശിച്ച നെയ്മര്‍ നല്കിയ പാസ് ബര്‍ണാഡ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ക്രോസ്ബാറില്‍ത്തട്ടി തെറിച്ചു. എന്നാല്‍ കാത്തുനിന്ന ജോ പന്ത് അനായാസം വലയിലെത്തിച്ചു. പിന്നീട് 34-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് ഉയര്‍ത്തി. പൗളീഞ്ഞോ നല്കിയ പന്തുമായി മുന്നേറിയ ബര്‍ണാഡ് നല്കിയ ക്രോസ് ജോ വീണ്ടും വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം നെയ്മറിലൂടെ ബ്രസീല്‍ ഗോള്‍നില 3-0 ആക്കി. മൈതാന മധ്യത്തുനിന്ന് റാമിറസ് നല്കിയ പന്ത് പിടിച്ചെടുത്ത് കുതിച്ച നെയ്മര്‍ ഒപ്പം ഓടിയ ഓസ്ട്രേലിയന്‍ താരത്തെ മറികടന്ന് അനായാസം പന്ത് വലയിലെത്തിച്ചു. ആദ്യപകുതിയില്‍ ബ്രസീല്‍ 3-0ന് മുന്നിട്ടുനിന്നു.
പിന്നീട് 58-ാം മിനിറ്റിലാണ് ബ്രസീല്‍ നാലാം ഗോള്‍ നേടിയത്. ഇടതുവിംഗില്‍ക്കൂടി കുതിച്ച മാക്സ്വെല് നല്കിയ തകര്‍പ്പന്‍ ക്രോസ് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ റാമിറസ് ഓസ്ട്രേലിയന്‍ വലയിലെത്തിച്ചു. പിന്നീട് 73-ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ നിന്ന് അലക്സാന്ദ്രേ പാറ്റോ കാനറികളുടെ അഞ്ചാം ഗോള്‍ നേടി. 84-ാം മിനിറ്റില്‍ നെയ്മറുടെ പാസ് സ്വീകരിച്ച് ലൂയിസ് ഗുസ്താവോ ബോക്സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് ഓസ്ട്രേലിയന്‍ ഗോള്‍കീപ്പറെ മറികടന്ന് വലയില്‍ പതിച്ചതോടെ ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 11ന് നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ പോര്‍ച്ചുഗലുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: