തിരുവനന്തപുരം: കൊടും വരള്‍ച്ചയും അതിവര്‍ഷവുമായിരിക്കുന്നു കേരളത്തിന്റെ കാലാവസ്ഥ. ഈ താളം തെറ്റല്‍ മലയാളിയുടെ മനസ്സിനെയും ബാധിച്ചതായി കവയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു.കാലം തെറ്റിപോകുന്ന കാലാവസ്ഥയ്‌ക്ക് കാരണം കേരളത്തിന്റെ അതിവേഗത്തിലുള്ള പരിസ്ഥിതിയുടെ താളം തെറ്റലാണ്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്കോളര്‍ഷിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി.
കേരളത്തിന്റെ 44 നദികളും മലിനമായി. മണലൂറ്റിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ആയിരക്കണക്കിന് കുളങ്ങളും പതിനായിരക്കണക്കിന് പാടങ്ങളും കുന്നുകളും കാടുകളും കേരളത്തെ പച്ചപുതപ്പിച്ചതാണ്. ഇന്നതെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു. വയല്‍നികത്തി വിമാനത്താവളം സൃഷ്ടിക്കാന്‍ നോക്കുന്നവര്‍ മലയാളിക്ക് കുടിക്കാന്‍ ശുദ്ധജലത്തിന് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലെത്തിച്ചിരിക്കുകയാണ്.
ഏതുവിധേനയും പണമുണ്ടാക്കി ജീവിക്കുന്നവര്‍ക്കൊപ്പം സത്യമുള്ളവര്‍ക്കും മനുഷ്യത്വമുള്ളവര്‍ക്കും ജീവിക്കണം. അതിന് മനുഷ്യത്വമുള്ളവരായി മാറാന്‍ വിദ്യാഭ്യാസംകൊണ്ട് സാധിക്കണം. പുതിയ തലമുറയുടെ വേരുകള്‍ മുറിക്കപ്പെടരുത്. അതിന് അവര്‍ സമ്മതിക്കരുത് സുഗതകുമാരി പറഞ്ഞു. ശാസ്ത്ര പരിസ്ഥിതി വനം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. വി.എന്‍. രാജശേഖരന്‍പിള്ള മുഖ്യാതിഥിയായിരുന്നു.
ഭാരതീയ സംസ്കാരത്തിന് പൂര്‍ണത നല്‍കാന്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകണം. ഉയര്‍ന്നതലങ്ങളിലേക്ക് നമ്മുടെ യുവസമൂഹം എത്തണമെന്ന് ഡോ.രാജശേഖരന്‍പിള്ള അഭിപ്രായപ്പെട്ടു.
കെഎച്ച്‌എന്‍എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള അധ്യക്ഷത വഹിച്ചു. കവി പി. നാരായണകുറുപ്പ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.പി. ജയിംസ്, കെഎച്ച്‌എന്‍എ മുന്‍ പ്രസിഡന്റ് ശശിധരന്‍നായര്‍, ഡയറക്ടര്‍ കൃഷ്ണരാജ് മോഹന്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍, പ്രസ് ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എസ്. രാധാകൃഷ്ണന്‍, ബാലഗോകുലം വൈസ് പ്രസിഡന്റ് ഡി. നാരായണശര്‍മ്മ, ഗോപിനാഥപിള്ള, വി. ബാലകൃഷ്ണന്‍, നാരായണന്‍ കുട്ടപ്പന്‍, എംഎന്‍സി നായര്‍, ഡോ. ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി. ശ്രീകുമാര്‍ സ്വാഗതവും അശോകന്‍ വേങ്ങശേരി നന്ദിയും പറഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട 132 കുട്ടികള്‍ക്ക് 250 ഡോളര്‍ വീതമാണ് സ്കോളര്‍ഷിപ്പ് നല്‍കിയത്. അമേരിക്കന്‍ മലയാളി സംഘടനകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളില്‍ ഏറ്റവും വലിയ സ്കോളര്‍ഷിപ്പ് തുകയാണ് കുട്ടികള്‍ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: