അഞ്ചല്‍: ബാബറെ വീരപുരുഷനായി ആരാധിക്കുന്ന ഭീകരവാദികളാണ് ചടയമംഗലം മേഖലയിലെയും ക്ഷേത്രാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ശോഭാ സുരേന്ദ്രന്. ചടയമംഗലം ജടായുപ്പാറയിലെ കോദണ്ഡരാമക്ഷേത്രത്തിനു നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം സമിതി നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ സമിതിയംഗമായ അവര്‍.
രാമനെ സ്മരിക്കുന്ന ഓരോ ഭാരതീയന്റേയും അഭിമാനസ്തംഭങ്ങളാണ് രാമക്ഷേത്രങ്ങള്‍. ബാബറെ ആരാധിക്കുന്ന ദേശദ്രോഹികളാണ് ഇവ തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നത്. ഇബ്രാഹിം ലോധിയെന്ന മുസ്ലീം ഭരണാധികാരിയെ ഇല്ലാതാക്കി ഇവിടെ ദുഷ്ഭരണം നടത്തിയ ദുഷ്ടനെ മാതൃകയാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി.
മുസ്ലീംലീഗും ലോധിയെയല്ല ബാബറെയാണ് മാതൃകയാക്കുന്നത്. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഇത് സ്വാതന്ത്യത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിവനും നേരെയുള്ള കടന്നുകയറ്റമാണ്. പൗരന്റെ മതവിശ്വാസം ഹനിക്കുവാനുള്ള ഭീകരരുടെ പരിശ്രമത്തിനു നേരെ ജാഗ്രത വേണമെന്നും അവര്‍ പറഞ്ഞു.
ചരിത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് എങ്ങും നടക്കുന്നത്. ജടായുപ്പാറയിലും ആയിരവില്ലിപ്പാറയിലും കണ്ടതിതാണ്. നാമം ജപിച്ചുകൊണ്ട് നടന്നുപോയ സന്യാസിമാരെ അയോദ്ധ്യയിലെ പരിക്രമയില്‍ നിന്ന് തടഞ്ഞതും ഇതേ ആശയത്തിന്റെ വക്താക്കളാണ്. നിലമേല്‍ പഞ്ചായത്തിന്റെ പ്രസിഡന്റും വാര്‍ഡു മെമ്പറും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരായതുകൊണ്ട് കാവിനോട് ചേര്‍ന്ന് അനധികൃത തയ്ക്കാവ് നിര്‍മ്മിച്ചത് കണ്ടില്ലെന്ന് നടിച്ചത് ശരിയാണോയെന്ന് അവര്‍ ചോദിച്ചു. മറ്റുള്ള മതവിശ്വാസങ്ങള്‍ നമുക്കുകൂടി സ്വീകാര്യമാകുന്ന മാനസിക നിലയിലേക്ക് മാറുന്നതാണ് യഥാര്‍ത്ഥ മതേതരത്വം. സര്‍വമതങ്ങളോടും സമഭാവനയാണ് ബിജെപിയുടെ ഭാവം. സംസ്കാരത്തിനു മുറിപ്പാടുണ്ടാക്കുമ്പോഴാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്.
ധര്‍മ്മമൂര്‍ത്തിയായ രാമന്റെ മാര്‍ഗത്തില്‍ അധര്‍മ്മത്തിനെതിരായി നിലകൊണ്ട പക്ഷിശ്രേഷ്ഠന്റെ നന്മയെ ലോകം സ്നേഹപൂര്‍വം ഓര്‍ക്കുമ്പോള്‍, ആ നന്മയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തരിച്ചറിയാന്‍ സമൂഹത്തിനാകണമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. വിജയന്, കടവറം സുര, സുരേന്ദ്രന് ചടയമംഗലം, പഞ്ചായത്ത് സമിതി ഭാരവാഹികളായ മധുസൂദനന്‍പിള്ള, അനില്‍കുമാര്‍, മധു, ജി. രാജു, വി.എസ് ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പുത്തയം ബിജു സ്വാഗതവും കരിങ്ങന്നൂര്‍ മനോജ് നന്ദിയും പറഞ്ഞു.
ചടയമംഗലം കോദണ്ഡരാമക്ഷേത്രത്തിനും കൈതോട് നാഗര്കാവിനും വെളിനല്ലൂര്‍ ആയിരവില്ലി കാവിനും നേരെയുണ്ടായ അതിക്രമങ്ങളില്‍ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ചാണ് ബിജെപിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയത്.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ചടയമംഗലം ജടായുപ്പാറ കോദണ്ഡരാമക്ഷേത്രത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 18ന് രാത്രി അക്രമികള്‍ കയറി വാതില്‍ തകര്‍ക്കുകയും കാണിക്ക വഞ്ചി അപഹരിക്കുകയും ചെയ്തിരുന്നു. ക്ഷേത്രകവാടത്തില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് കവാടം തകര്‍ത്ത് അടുത്തുള്ള സ്കൂള്‍ വളപ്പില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നാളിതുവരെ അക്രമിസംഘത്തിലെ ഒരാളെപ്പോലും പിടികൂടാന്‍ ശ്രമിക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ചടയമംഗലത്തിനുസമീപമുള്ള നിലമേല്‍ കൈതോട്ട് മഹാദേവര്‍ ക്ഷേത്രത്തിനുനേരെയും ചെറിയവെളിനല്ലൂര്‍ ആയിരവില്ലിപ്പാറയിലെ കാവിനുനേരെയും അക്രമണം നടന്നിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ചടയമംഗലം ശ്രീരംഗം വളവില്‍ നിന്നുമാരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷനുമുന്നില്‍ തടഞ്ഞു. എം.ആര്. സുരേഷ്, പുത്തയം ബിജു, കരിങ്ങന്നൂര്‍ മനോജ്, എസ്. വിജയന്, വി.എസ്. ഉണ്ണികൃഷ്ണന്, ആലഞ്ചേരി ജയചന്ദ്രന്, ഏരൂര്‍ സുനില്‍, കേസരി അനില്‍, അഡ്വ. കാവടിയില്‍ വിനോദ്, ബി. അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: