പുനലൂര്‍: ഓണവിപണിയില്‍ ഇക്കുറി പൂവിന് തീവില. ഇതോടെ അത്തപ്പൂക്കളങ്ങളുടെ നിറം മങ്ങുമെന്ന ആശങ്കയിലാണ് മലയാളികള്‍.
കേരളത്തില്‍ വിവാഹം, വിനായകചതുര്‍ത്ഥി, ഓണം എന്നിവ ഒത്തുചേര്‍ന്നതോടെ പൂവിന്റെ ആവശ്യകതയും കൂടി. തമിഴ്നാട്ടില്‍ നിന്നും എത്തുന്ന പൂവിന് ഇതോടെ തീവിലയും ആയി. കല്യാണ ആവശ്യങ്ങള്‍ക്കൊപ്പം ഇന്നലെ മുതല്‍ അത്തപ്പൂക്കള മത്സരങ്ങളും നാളെ വിനായക ചതുര്‍ത്ഥിയും ആയതോടെ പൂമാര്‍ക്കറ്റില്‍ ഏജന്റുമാര്‍ നിശ്ചയിക്കുന്നതാണ് വില.
കഴിഞ്ഞ ഒരു മാസമായി തമിഴ്നാട്ടില്‍ നല്ല കാലാവസ്ഥ ആയതിനാല്‍ പൂവിന് ക്ഷാമമില്ല. എന്നാല്‍ കേരളത്തിനൊപ്പം തമിഴ്നാട്ടിലും രണ്ടുദിവസമായി ചെറിയതോതില്‍ മഴ ആരംഭിച്ചത് പൂവിപണിയെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയിലാണ് പൂക്കര്ഷകരും വ്യാപാരികളും.
കേരളത്തില്‍ പ്രത്യേകിച്ച് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലേയ്ക്ക് പൂവെത്തുന്നത് ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്ന് തമിഴ്നാട്ടിലെ തേനി ജില്ലയിലെ ശീലപ്പെട്ടി, ശങ്കരന്‍കോവില്‍, കടയനല്ലൂര്‍, പുളിയന്‍കുടി, പാവൂര്‍ സത്രം, സുന്ദരപാണ്ഡ്യപുരം, ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളില്‍ നിന്നുമാണ്. എന്നാല്‍ പൂവിന് ക്ഷാമമേറുമ്പോള്‍ കേരള മാര്‍ക്കറ്റിലേക്ക് മധുരയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും പൂവെത്തും. തമിഴ്നാട്ടില്‍ നിന്നും ഇപ്പോള്‍ സുലഭമായി ലഭിക്കുന്നത് കോംഗ്ങ്ങിണിപ്പൂവാണ്.
കോംഗ്ങ്ങിണി (ഓറഞ്ച്)-100, ബാംഗ്ലൂര്‍ കോംഗ്ങ്ങിണി-120, ജമന്തി-200, വാടാമുല്ല-125, അരുളി-60, വെള്ള അരുളി-80, കോഴിപ്പൂവ്-70, ബാംഗ്ലൂരില്‍ നിന്നെത്തുന്ന ട്യൂബ്റോസ്-750, റോസ (50 എണ്ണം)-90, ബാംഗ്ലൂര്‍ മുല്ല-600, താമര (ഒരണ്ണം)-20 എന്നിങ്ങനെയാണ് വിപണിവില. കല്യാണസീസണ്‍ ഏറിയതോടെ മുല്ലപ്പൂവിന് കിലോയ്ക്ക് 1000 കവിഞ്ഞു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഈ വില ഇരട്ടിയിലധികം ആകാന്‍ സാധ്യതയുണ്ടെന്ന് പുനലൂരിലെ വ്യാപാരി ഷാജി പറയുന്നു.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ വിപണിയിലേക്ക് അഞ്ച് ടണ്‍ പൂവാണ് പ്രതിദിനം വന്നുകൊണ്ടിരിക്കുന്നത്. അര്ത്ഥരാത്രിയില് ആരംഭിക്കുന്ന പൂശേഖരണം കഴിഞ്ഞ് അതിരാവിലെ കൃഷിയിടങ്ങളില്‍ നിന്നും പൂവ് ഏജന്റുമാരെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് അവര്‍ നിശ്ചയിക്കുന്നതാണ് വില. ഇത്തരത്തില്‍ ഇടനിലക്കാരായ ഏജന്റുമാരാണ് പൂവിന്റെ യഥാര്‍ത്ഥ ലാഭം കൊയ്യുന്നത്. പൂവിന് വിലയേറുമ്പോള് ക്ലബ്ബുകളുടെയും സ്ഥാപനങ്ങളുടെയും അത്തപ്പൂക്കളങ്ങളുടെ ശോഭയും കുറയും. അത്തം എത്തിക്കഴിഞ്ഞതോടെ ജില്ലയിലെമ്പാടും പൂക്കള മത്സരങ്ങളുടെ കേളികൊട്ട് ഉയര്‍ന്നുകഴിഞ്ഞു. വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ പതിവില്ലെങ്കിലും കലാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് കൂടുതല്‍ താല്പര്യം. പൂക്കളുടെ ലഭ്യ ത കുറഞ്ഞതോടെ അ ത്തരം ആവേശവും തണുത്തിരിക്കുകയാണ്. പൂ വാങ്ങുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ പലനിറങ്ങളിലുള്ള ചായക്കൂട്ടുകളും പൊടികളുംമാണ് ആശ്രയം. കയര്‍ഫെഡ് ഇക്കുറി ഓണപ്പൂക്കളത്തിന് വേണ്ടി മാത്രമായി തടുക്ക് വിപണിയിലിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: