പ്രിയപ്പെട്ട നമ്മുടെ കുഞ്ഞുങ്ങളെ,
നാം കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവര്‍ത്തിയാണ്. പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണ നാള് നമ്മുടെ ഓര്‍മയ്ക്കായി ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതിമത ഭേദമെന്യേ ആഘോഷിച്ചു വരുന്നു. അത്തം മുതല്‍ വിവിധ ആഘോഷപരിപാടികളുമായി നമ്മെ വരവേല്‍ക്കാന്‍ കേരളീയര്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്നു.
നമ്മുടെ കാലത്തെ ശ്രേഷ്ഠതകള്‍ മാലോകര്‍ ഇപ്പോഴും, പാടി പുകഴ്ത്തി വരുന്നു. നമ്മുടെ രാജ്യഭരണ കാലത്ത് ഉച്ചനീചത്വം ഉണ്ടായിരുന്നില്ല. നമ്മുടെ പ്രജകള്‍ അരോഗദൃഢഗാത്രരായിരുന്നു. ഏവര്‍ക്കും പാര്‍പ്പിടങ്ങള്‍, സമൃദ്ധമായ കൃഷി സൗകര്യങ്ങള്‍, ഏവര്‍ക്കും സുരക്ഷിതത്വം, കര്‍ശനമായ നീതിന്യായ വ്യവസ്ഥ മുതലായവ നാം അവര്‍ക്ക് നല്‍കിയിരുന്നു. നാം കാടും മേടും ജലാശയങ്ങളും സംരക്ഷിച്ചിരുന്നതിനാല്‍ അനാവൃഷ്ടി, വരള്‍ച്ച ഇവ ഉണ്ടായിരുന്നില്ല. നാം നാല്ക്കാലികളേയും ഇതര ജീവജാലങ്ങളെയും സംരക്ഷിച്ചിരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറാക്കുന്ന ഒരു പ്രവര്‍ത്തനവും നമ്മുടെ രാജ്യത്ത് നടന്നിരുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ രംഗം മുതലായവയില്‍ നാം അതീവ ശ്രദ്ധാലു ആയിരുന്നു. രാജ്യപുരോഗതിയുടെ ഒരു പ്രധാന ഘടകമായ വാണിജ്യത്തിന് നാം പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.
വിഷ്ണുഭക്തനായ നാം വിരോചനനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്. നാം യോദ്ധാവും അരോഗദൃഢഗാത്രനും ചക്രവര്‍ത്തിയുടെ പ്രൗഢഗാംഭീര്യത്തോടെ രാജ്യഭരണം നടത്തി വന്നിരുന്ന മന്നനാണ്. ആ നമ്മെ കുടവയറന്റെ വേഷത്തില്‍ കപ്പടാ മീശ, പാളത്താറ്, ഓലക്കുട മുതലായവ ധരിപ്പിച്ച് തികഞ്ഞ സര്‍ക്കസ് കോമാളിയുടെ വേഷവിധാനങ്ങളോടെ മദ്യവില്‍പ്പന ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ഫ്ലെക്സ് ബോര്‍ഡുകളിലും നോട്ടീസുകളിലും മാധ്യമങ്ങളിലും പരസ്യങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുന്നത് നമ്മെ വളരെ സങ്കടപ്പെടുത്തുന്ന വസ്തുതയാണ്. നമ്മുടെ മക്കളാല്‍ ആദരിക്കപ്പെടേണ്ട നമ്മെ ഇനിയും അവഹേളിച്ചപമാനിക്കരുതേ! എന്ന അപേക്ഷ നമ്മുടെ മക്കള്‍ മുമ്പാകെ നാം സമര്‍പ്പിക്കുകയാണ്.
നമുക്ക് ഭൂലോകവാസം തുടരണ്ടാ എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ നമ്മുടെ ഇഷ്ടദേവനായ മഹാവിഷ്ണുവിനോട് കാര്യം ഉണര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വാമനാവതാര കാലത്ത് സുതലം എന്ന സ്വര്‍ഗ്ഗ സമുച്ചയത്തിലേക്ക് നമ്മെ യാത്രയാക്കി. ആ സന്ദര്‍ഭത്തില്‍ ദീര്‍ഘനാള്‍ നാം സല്‍ഭരണം കാഴ്ച വെച്ചിരുന്ന കേരളം ആണ്ടിലൊരിക്കല്‍ സന്ദര്‍ശിക്കണമെന്ന എന്റെ ആഗ്രഹം ഭഗവാന് അനുഗ്രഹിച്ച് അംഗീകരിച്ചു.
എല്ലാ വര്‍ഷവും പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം കേരളത്തിലെത്തുന്നത്. ഏതാനും വര്‍ഷങ്ങളായി നമ്മെ ദുഃഖത്തിലാഴ്ത്തുന്ന കാഴ്ചകളും വിവരങ്ങളുമാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്. കൊള്ള, കൊള്ളിവെയ്പ്പ്, കവര്‍ച്ച, കൊലപാതകങ്ങള്‍, കൈക്കൂലി, മനുഷ്യദ്രോഹപരമായ ബന്ദുകള്‍, നിയമനിഷേധങ്ങള്‍, സ്ത്രീപീഡനങ്ങള്‍, അരക്ഷിതത്വം, ഭരണാധികാരികളുടെ കെടുകാര്യസ്ഥത, രാഷ്ട്രീയ കക്ഷികളുടെ അധികാര ദുര്‍മോഹം, കാടുകളും മേടുകളും നശിപ്പിച്ച്, ജലാശയങ്ങളെ പലവിധത്തിലും മരണത്തിലേക്ക് നയിച്ച്, കൃഷിഭൂമികള്‍ നശിപ്പിച്ച് രാജ്യത്ത് സ്വയം ദാരിദ്ര്യം സൃഷ്ടിക്കുന്നവര്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ മനുഷ്യന് ഉപയോഗപ്രദമാകേണ്ട എല്ലാ സാധനങ്ങളിലും മായം ചേര്‍ക്കല്‍, വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന സാധാരണ ജനത, വൈദ്യസഹായം ലഭിക്കാതെ പോകുന്ന സാധാരണ ജനങ്ങള്‍, കാടുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നയിച്ചിരുന്ന നമ്മുടെ വനവാസി മക്കളുടെ ദുരവസ്ഥ, വഴിതെറ്റി ജീവിക്കുന്ന യുവസമൂഹം, വിദ്യാര്‍ത്ഥികള്‍, കുടുംബ ജീവിതത്തില്‍ ഭദ്രത ഇല്ലായ്മ, പ്രകൃതിയുടെ സന്തുലിതാവസ്ഥ പല വിധത്തിലും താറുമാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങനെ പലതും നമ്മെ വളരെ വ്യസനിപ്പിക്കുന്നു.
നമ്മുടെ മക്കള്‍ ഒരു വിധ പ്രവര്‍ത്തികളില്‍ കൂടെയും അധഃപതനത്തിലേക്ക് കൂപ്പുകുത്തരുതെന്നാണ് നമ്മുടെ അപേക്ഷ. ആയതിലേക്കായി മക്കള്‍ പരസ്പ്പരം സ്നേഹിച്ചും ബഹുമാനിച്ചും അംഗീകരിച്ചും രാജ്യക്ഷേമ തല്പ്പരരായി പ്രവര്‍ത്തിച്ചും സമ്പത്തിനോടുള്ള ആര്‍ത്തി ഇല്ലാതെയും പ്രകൃതിയെ സംരക്ഷിച്ചും മുമ്പോട്ടുപോകണം. നിങ്ങളുടെ നാവിന് തുമ്പില്‍ ഇപ്പോഴും ഉതിര്‍ന്നുവരുന്ന
“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും”
എന്ന ഗാന ശകലം അന്വര്ത്ഥാക്കി നമ്മുടെ മക്കള്‍ ജീവിക്കണം.
എന്ന്
വാത്സല്യപൂര്‍വം,
മഹാബലി ചക്രവര്‍ത്തി.
ഡോ.പി.കെ.എന്‍.പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: