ജീവിതം കലയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച കലാകാരനാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. ലഹരി ഊതിക്കെടുത്തിയ ജീവിതങ്ങളിലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം പറയുന്നതിങ്ങനെ: വ്യക്തിജീവിതത്തില്‍ വളരെയേറെ തളര്‍ന്നു പോകുന്ന അവസരങ്ങളാണ് ഉണ്ടായത്. ഈ ആഘാതത്തെ മറന്ന്, മനസ്സിന്റെ കഠിനതയ്ക്കായി ഇന്നേവരെ എനിക്ക് ലഹരിയെ കൂട്ടുപിടിക്കേണ്ടി വന്നിട്ടില്ല. ലഹരി മനുഷ്യന്റെ ചിന്തയേയും ശരീരത്തേയും അവനവനെത്തന്നെയുമാണ് നശിപ്പിക്കുന്നത്. എന്റെ ഈ ജീവിതത്തിന്റെ നിര്‍മലതയ്ക്ക് ലഹരിയെ കൂട്ടുപിടിക്കാതിരുന്നതും കാരണമാവാം. കല തന്നെ ലഹരിയായി കൊണ്ടു നടക്കുന്ന ഗുരുവിന്റെ തെളിമയാര്‍ന്ന സ്വഭാവവൈശിഷ്ട്യവും എളിമയുടെ സൗന്ദര്യവും അങ്ങനെ തന്നെ ഒപ്പിയെടുത്ത പുസ്തകമാണ് ജീവിതരസങ്ങള്‍. ഗുരുവിനെ അനുധാവനം ചെയ്ത് അദ്ദേഹത്തിന്റെ കലാസ്പര്ശാനുഭൂതി വായനക്കാരിലേക്ക് പകര്ന്നുനല്കുകയാണ് അനീഷ്കുട്ടന്.
ഒരു കലാകാരന്റെ സമര്‍പ്പിത ജീവിതം എങ്ങനെയാണെന്ന് കാണിച്ചുതരുന്ന പുസ്തകമെന്നതിലുപരി നാട്യവിസ്മയങ്ങളുടെ ഗുരുത്വം നിറഞ്ഞുനില്ക്കുന്നു ഈ ഗ്രന്ഥത്തില്‍. നവരസങ്ങളുടെ അവാച്യമായ അനുഭൂതി പകര്‍ന്നു നല്കുന്ന ഗുരു ചേമഞ്ചേരിയുടെ വൈശിഷ്ട്യത്തെപ്പറ്റി സഹൃദയലോകം കുറച്ചേ അറിഞ്ഞിട്ടുള്ളൂ. കലയുടെ സാര്ഥകവഴിയിലൂടെ അനുസ്യൂതം സഞ്ചരിക്കുമ്പോള്‍ ഉണ്ടാകാവുന്ന അനുഭവങ്ങള്‍ അങ്ങനെ തന്നെ കുറിക്കുമ്പോള്‍ സംഭവിക്കാവുന്നവ ഗുരു മനസ്സിലാക്കുന്നുണ്ട്. പക്ഷേ, ചിലതൊക്കെ കുറിച്ചില്ലെങ്കില്‍ അത് ശരിയാവില്ലെന്നും അറിയാം. അനീഷ് കുട്ടന്റെ ക്ഷമാപൂര്‍ണമായ നിര്‍ബ്ബന്ധത്തിന്റെ പുറത്താണ് ഗുരു തന്റെ അനുഭവങ്ങളുടെ ചെപ്പ് തുറന്നത്.
കഠിനമായ പരിശ്രമവും ചിട്ടയും ഒരു കലാകാരനെ പരുവപ്പെടുത്തുന്നതില്‍ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് ഗുരു പറഞ്ഞുവെക്കുന്നുണ്ട്. ആ പരുവപ്പെടലില്‍ കലയുടെ മണിമുറ്റത്തെ മുത്തായി മാറുന്നു ഗുരു ചേമഞ്ചേരി. ആരോടും പരിഭവമില്ലാതെ, ഒന്നിനോടും ആഗ്രഹമില്ലാതെ, എല്ലാവരോടും തെളിഞ്ഞ ചിരിയോടെ 98-ാം വയസ്സിലും നാട്യവിസ്മയത്തിന്റെ യുവത്വമായി മാറുന്നു ഗുരു. ആ കഥകളി ആചാര്യനെക്കുറിച്ച് ഒന്നുമറിയാത്തവര്‍ക്ക് വല്ലാത്തൊരു അനുഭൂതിയും അറിഞ്ഞവര്‍ക്ക് അതിനുമപ്പുറത്തുള്ള ഗുരുകടാക്ഷത്തെക്കുറിച്ച് മനസ്സില്‍ വര്‍ണമേലാപ്പ് ഒരുക്കാനും അനീഷ് കുട്ടന്റെ ജീവിതരസങ്ങള്‍ സഹായിക്കും.
നവരസങ്ങളുടെ സജീവമായ രൂപമാണ് ഗുരു ചേമഞ്ചേരിയെന്ന് ഒരു തവണ കണ്ടവര്‍ക്കുപോലും മനസ്സിലാവും എന്നതാണ് വസ്തുത. ഒരു പക്ഷേ, ആ നവരസത്തിന്റെ സൗന്ദര്യവും ശക്തിയുമാവാം അദ്ദേഹത്തെ ഈ പ്രായത്തിലും ഇത്ര യുവത്വത്തോടെ നമുക്കു മുമ്പില്‍ നിര്‍ത്തുന്നത്. നിഷ്കളങ്കമായ അദ്ദേഹത്തിന്റെ ചിരി തന്നെയാണ് ഗുരുവിന്റെ ജീവിതം. ‘ഒരു പീഡയൊരുത്തര്ക്കും വരുത്താത്ത’ ആ ധന്യജീവിതം എന്നും നമുക്കൊപ്പം നിലനില്ക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല; ജീവിതരസങ്ങള്‍ വായിച്ചവര്‍ പ്രത്യേകിച്ചും. പേജ് 148, വില: 100, മാതൃഭൂമി ബുക്സ്.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: