“എഴുതാതെ ജീവിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ എഴുതരുത്” റില്ക്കേയുടെ വാക്കുകളാണിവ. അപ്രകാരം എഴുതിയ അനേകം കവിതകളുടെ ഊര്‍ജ്ജസമാഹാരമാണ് ബി.സന്ധ്യയുടെ ‘ചെമ്പകം നീ മടങ്ങി പോകല്ലേ’എന്നത്. പോയ കാലത്തിന്റെ നനുത്ത സ്മൃതികളെ പിന്‍വിളിക്കുന്ന സാന്ദ്രസംഗീതത്തിന്റെ മുരളീരവം പോലെ തോന്നിക്കുന്ന ശീര്‍ഷകമാണ് ‘ചെമ്പകം നീ മടങ്ങി പോകല്ലേ’ എന്നത്.
ശീര്‍ഷക കവിത പരിശോധിച്ചാല്‍ പാരമ്പര്യ ശീലില് ആവിഷ്കരിച്ചതാണെങ്കിലും ഉത്തരാധുനികര്‍ നോവലുകളിലും ചെറുകഥകളിലും പ്രയോഗിക്കുന്ന ചില മിത്തുകളുടെ അയഥാര്‍ത്ഥ സൂചന കവിതയില്‍ സമകാലിക വായനാനുഭവം തരുന്നു.
” പണ്ടൊരു നാളില്‍ സ്വര്‍ഗലോകത്തിലെ
പുഷ്പവാടിയില് വന്നോരു കല്പക-
വൃക്ഷരാജന്റെ കുഞ്ഞിളം തൈച്ചെടി
എത്തിനോക്കുവാനിയിടയായി പോല്‍
ഭൂമി തന്നിലെ പച്ചയാഥാര്‍ത്ഥ്യങ്ങള്‍
മായികമാകും സ്വര്‍ഗ്ഗലോകത്തിലെ
മായക്കാഴ്ചയില്‍ നിന്നേറെ ഭിന്നമായ് ”
അഷ്ടപദിയുടെ ധ്വനിസാന്ദ്രതയാല്‍ വായിച്ചെടുക്കാന്‍ കഴിയുന്ന കവിതയാണ് ‘സഖേ കൃഷ്ണ’.
” കൃഷ്ണനാം സഖാവോട് കൃഷ്ണയാചിക്കുന്നെ
-ന്നുള്‍ത്തടം തന്നില്‍ വാഴും തുടുത്ത കല്‍ഹാരമേ
എന്നകം നീറ്റും പാപമാറ്റുവാനെന്തേ ചെയ്വി-
തന്ത്യമാം പ്രയാണത്തിനൊടുക്കമാകുന്നല്ലോ “
എഴുത്തുകാരന് അറിയാതെ ഉപയോഗിച്ച ചില ചിഹ്നങ്ങള്‍ പോലും വായനക്കാരന്റെ അഹംബോധത്തില്‍ അനിയന്ത്രിതമായ ചില ആശങ്കകളും അസ്വസ്ഥതകളും ഉണര്‍ത്തും. അതുകൊണ്ടാണ് മെക്സിക്കന്‍ കവി ഒക്ടോവിയോ പാസ് പദങ്ങള്‍ക്കിടയിലെ സ്ഥലമാണ് കവിത എന്ന് കവിതയെ നിര്‍വചിച്ചിരിക്കുന്നതും. അത്തരത്തില്‍ പുനര്‍ വായനക്കും അഴിച്ചുപണിക്കും വിധേയമാക്കാവുന്ന കവിതാവരികളാണിവ
” ഉഷസ്സിനെ എന്റെ ശിരസ്സാക്കൂ
നക്ഷത്രങ്ങളെ എന്റെ അസ്ഥികളാക്കൂ
പ്രണവത്തെ എന്റെ ശബ്ദമാക്കൂ
നദികളെ എന്റെ നാഡികളാക്കൂ “
മൂടല്‍ മഞ്ഞിനുളളിലൂടെ സൂര്യബിംബത്തെ ദൃശ്യമാക്കുന്ന ഉഷസ്സിന്റെ നനവാര്‍ന്ന ആര്‍ദ്രതയാല്‍ തിളങ്ങുന്ന ശിരസ്സും, ഇവിടെ സന്ധ്യ ഉഷസ്സിനെ ശിരസ്സാക്കുന്നു. ആ ഉഷസ്സുദിക്കുന്ന ശിരസ്സിനെ ഊര്‍ദ്ധ്വമുഖമാക്കി നക്ഷത്രങ്ങളെ കാണുന്നു.
വാക്ക് ബ്രഹ്മം തന്നെയാണെന്ന് ബ്രഹദാരണ്യോപനിഷദ് പറയുന്നുണ്ട്. കവി അച്ഛന് മനസ്സും അമ്മ വാക്കും കുട്ടി പ്രാണനുമാണെന്ന ഉപനിഷദ് ദര്‍ശനത്തിന്റെ മുന്നില്‍ ദണ്ഡനമസ്ക്കാരം ചെയ്യുന്നു.
ഇതിഹാസോജ്ജ്വല മുഹൂര്‍ത്തങ്ങളെ ഉപജീവനഭാഷയില്‍ ആവിഷ്കരിക്കുമ്പോഴും അവയില്‍ മൗലികത പ്രകടിപ്പിക്കുക എന്നുള്ളതിന്റെ മൂര്‍ത്തമായ ഉദാഹരണമാണ് ബി.സന്ധ്യയുടെ വ്യാസപര്‍വ്വം പോലുള്ള കവിതകള്‍.
വിശാലവും എന്നാല്‍ ഊഷരവുമായ മരുഭൂമിയിലെ ചില ഹരിത ഭൂഖണ്ഡമാണ് സന്ധ്യയുടെ ചില പദ്യകവിതകള്‍. അത്തരത്തിലുള്ള കവിതകളാണ്, ഉപയോഗിച്ചു വലിച്ചെറിയുമ്പോള്‍, കര്ഷകന് എന്നിവ.
ഊഷ്മാവിന് ചാട്ടുളി തീര്‍ത്ത സുഷിരങ്ങളാല്‍
ആകാശക്കുടയാകെതാറുമാറായിത്തീര്‍ന്നെന്നാല്‍
ഭൂമിക്ക് താങ്ങായി,തണലായി ആകാശമില്ലാതായാല്‍
ഉത്തുംഗഹിമശൃംഗങ്ങളൊലിച്ചു തകര്‍ന്നാല്‍
സൂര്യന് ഭൂമിയെ നോവാതെ പുല്‍കാനെന്തുമാര്‍ഗം
ശബ്ദം കൊണ്ട് ഘോഷിക്കുന്ന കവിതയുടെ കലമ്പലില്‍ വിശ്രാന്തമായ ചില മൗനവും ഒളിച്ചിരിപ്പുണ്ട്. അത് ഉയര്‍ത്തുന്നത് ഹരിത രാഷ്ട്രീയത്തിന്റെ ചില വിഹ്വലതകളാണ്. കൂടാതെ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ചില കോമാളിത്തങ്ങളെ കറുത്ത ഫലിതത്തോടെ അവതരിപ്പിക്കുന്നു.
ഉറങ്ങിയെണീറ്റപ്പോള്‍ ഇത്രയേറെ കറുത്തിരിക്കാന്‍
ഇന്നലെ നീ എവിടെയാണ് ഉറങ്ങാന്‍ കിടന്നത്.
നെരുദ കല്‍ക്കരിയോട് ചോദിച്ചതാണിത്. നമ്മുടെ ആദിമഗോത്രത്തിന്റെയും മനുഷ്യരാശിയുടെയും ഗര്ഭഗൃഹത്തില് ഇന്നും അടിയാളരായി അന്യജീവനുതകിപീഡനത്തിന്റെ വര്‍ത്തമാനത്തില്‍ കഴിയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യസമൂഹത്തിന്റെ മോചനം ഈ കവി സ്വപ്നം കാണുന്നുണ്ട്. ഭരണകൂടത്തിന്റെ വാഗ്ദാനമഴയേറ്റ് നരച്ച ഒരു ജനതതി ഭരണകൂടത്തിന്റെ പ്രായോഗികതയെ സംശയിക്കുന്നതിനെ കവി കുറ്റം പറയുന്നില്ല. ദന്തേവാഡ വീണ്ടും വീണ്ടും മാനഭംഗം ചെയ്യപ്പെട്ട ഒരു ആദിവാസി സ്ത്രീയാണ്.
ഇന്ദ്രാവതീ നദി അവളുടെ രക്തവുമാണ്.
സച്ചിദാനന്ദന്റെ പ്രസ്തുത കവിതാഭാഗം സന്ധ്യയുടെ അമാവാസിയുടെ സ്വയം വിമര്‍ശനത്തെയും വേരി നീ കരയല്ലേ’ യിലെ മഹാസങ്കടത്തെയും ഒരു മറുനാടന്‍ കുടുംബ കഥയുടെ ദൈന്യത്തെയും ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇന്ദ്രാവതീ നദിയെ ചോരപ്പാടുകള്‍ കൊണ്ട് തീര്‍ത്ത കൈവഴിയാക്കുവാന്‍ ഈ കവി ഇഷ്ടപ്പെടുന്നില്ല. മറിച്ച് അവരുടെ സങ്കടപ്പെരുമഴയില്‍ ഈ കവി ഗോവര്‍ദ്ധനമായി ഉയരുകയാണ്.
രതീഷ് ഇളമാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: