ന്യൂദല്‍ഹി: രാജ്യത്തിന്റെ 640 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനീസ് സൈന്യത്തിന്റെ കീഴിലാണെന്ന ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ കണ്ടെത്തലിനെ തള്ളിക്കളഞ്ഞുകൊണ്ട് പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ അസത്യ പ്രസ്താവന.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ലഡാക്കിലെ മൂന്നിടത്തായി 640 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറിയെന്നായിരുന്നു സമിതി ചെയര്മാന് ശ്യാം ശരണ്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു നല്കിയ റിപ്പോര്‍ട്ട്. എന്നാല്‍ ചൈന ഇന്ത്യന്‍ ഭൂപ്രദേശം കയ്യടക്കിയതായി ശ്യാംസരണിന്റെ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഇന്നലെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി.
പട്രോളിംഗ് നടക്കാതായതോടെ വാസ്തവത്തില്‍ ഇന്ത്യക്ക് ഈ ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെട്ടതായി ദേശീയ സുരക്ഷാ ഉപദേശക സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് കുറഞ്ഞത് നാലു പ്രധാന പോയിന്റുകളില്‍ പട്രോളിംഗ് സാധിക്കാതായെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആന്റണി ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നത് കാലാവസ്ഥ പ്രതികൂലമായതുമൂലം മൂലം സൈന്യത്തിന് അങ്ങോട്ടേക്ക് എത്തിപ്പെടാന്‍ പറ്റാത്തതാണ് പ്രശ്നമെന്നാണ്. ഈ പ്രദേശം മുമ്പുതന്നെ സൈന്യത്തിനു ചെന്നെത്താന്‍ പറ്റാത്തിടമാക്കിയിരുന്നു. ഇവിടെ നിലവില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്.
ഏപ്രില്‍-മെയ് മാസത്തില്‍ ചൈനാ സൈന്യം കടന്നുകയറിയതിനെ തുടര്‍ന്ന് ഡസ്പാങ്ങ് ബള്‍ജ് ഇന്ത്യന്‍ സൈനികര്‍ക്കു പ്രവേശിക്കാനാകാത്തിടമായി മാറിയതായും റിപ്പോര്‍ട്ടു പറയുന്നുണ്ട്. ശ്യാം ശരണിന്റെ റിപ്പോര്‍ട്ടു പ്രകാരം പാങ്ഗോങ്ങ് ത്സോവിലെ 70 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം സമ്പൂര്‍ണ്ണമായി ചൈനാ സൈന്യത്തിനു കീഴിലായിക്കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ സേന 1962ലെ ചൈനീസ് യുദ്ധക്കാലത്ത് ഉപേക്ഷിച്ച ദൗലത് ബേഗ് ഔള്ഡിയിലെ എയര്‍സ്ട്രീപ്പ് സജ്ജമാക്കിയതും സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് യുദ്ധവിമാനം ഇവിടെയിറക്കിയതും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: