വാഷിംഗ്ടണ്‍: സപ്തംബര്‍ 27 ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി പ്രധാനമന്ത്രി മന്മോഹന് സിംഗ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം റഷ്യയില്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഒബാമയും സിംഗും തമ്മില്‍ ഒരു ഔദ്യോഗിക കൂടിക്കാഴ്ച ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇപ്പോഴുണ്ടായിട്ടുള്ള സിറിയന്‍ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഏതെങ്കിലും രീതിയിലുള്ള മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിറിയന്‍ ഭരണകൂടത്തിനെതിരെ സൈനിക നടപടി എടുക്കാനുളള തീരുമാനമാണ് ഒബാമയുടേത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയിരിക്കുകയാണ് അദ്ദേഹം. സൈനിക ആക്രമണം നടത്തുന്ന സമയമൊന്നും പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ അംഗീകാരം കിട്ടിയതിനുശേഷം മാത്രമേ സൈനിക നടപടികള്‍ക്ക് ഒബാമ ഉത്തരവിടുകയുള്ളൂ. 34 രാജ്യങ്ങള്‍ തങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.
സിറിയന്‍ പ്രശ്നത്തില്‍ ഇന്ത്യയുടേയും അമേരിക്കയുടേയും നിലപാട് വ്യത്യസ്തമാണെങ്കിലും ഈ പ്രശ്നത്തെപ്പറ്റി ഇന്ത്യയുമായി ഒബാമ ഭരണകൂടം ചര്‍ച്ച ചെയ്യും. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ അനുമതി കൂടാതെ ഒരു പരമാധികാര രാഷ്ട്രത്തിനെതിരെയുള്ള സൈനിക നടപടിക്ക് പിന്തുണ ഉണ്ടാവില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. സപ്തംബര്‍ 27 ന് മന്‍മോഹന്‍സിംഗ് യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: