കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേപ്പാളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇതോടെ ഇന്ത്യക്കും പാക്കിസ്ഥാനും നാല് പോയിന്റുകള്‍ വീതമായി. പോയിന്റ് പട്ടികയിലും ഗോള്‍ ശരാശരിയിലും ഇരു ടീമുകളും തുല്ല്യത പാലിച്ചപ്പോള്‍ ആദ്യമത്സരത്തില്‍ പാക്കിസ്ഥാന് വഴങ്ങിയ സെല്‍ഫ് ഗോളാണ് ഇന്ത്യയ്ക്ക് തുണയായത്.
വിജയം അനിവാര്യമായിട്ടും പ്രതിരോധത്തിലൂന്നിക്കളിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇരുടീമുകളും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മത്സരിച്ചതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് എഴുപതാം മിനിറ്റില്‍ നേപ്പാള്‍ ഇന്ത്യയെ ഞെട്ടിച്ചത്. സന്ദീപ് റായിയുടെ മനോഹരമായ ഫ്രീകിക്ക് ബിരാജ് മഹര്‍ജന്‍ ആദ്യം ഹെഡ് ചെയ്തു. പന്ത് കിട്ടിയ അനില്‍ ഗുരുങ്ങിന് പിഴച്ചതുമില്ല. ഒരു ഗോളിന്റെ ലീഡ് നേടിയതോടെ നേപ്പാള്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. പതിനൊന്ന് മിനിറ്റിനുശേഷം പകരക്കാരന് ജുമാനു റായി വീണ്ടും ലീഡുയര്‍ത്തി. ഇടതുപാര്ശ്വത്തിലൂടൈ ഇന്ത്യന്‍ ഡിഫന്‍ഡര്‍മാരെ മറികടന്ന് കുതിച്ച റാബിന് ശ്രേഷ്ഠ കൊടുത്ത പന്ത് റായി പിഴയ്ക്കാതെ വലയിലെത്തിച്ചു.
രണ്ടു ഗോളിന് പിന്നിലായിട്ടും അവസരങ്ങള്‍ തുലച്ചുകളയുന്ന പതിവ് ഇന്ത്യന്‍ സ്ട്രൈക്കര്‍മാര്‍ തുടര്‍ന്നു. രണ്ട് ഗോള്‍ വ്യത്യാസത്തിലുള്ള തോല്‍വി പുറത്തേയ്ക്കുള്ള വഴി തെളിക്കുമെന്ന് ഉറപ്പായിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ അപ്രതീക്ഷിതമായാണ് സയ്യിദ് റഹീം നബി വിജയത്തോളം മധുരമുള്ള ആശ്വാസഗോള്‍ നേടിയത്. ജ്വല്‍ രാജ തന്നെ മാര്‍ക്ക് ചെയ്ത നേപ്പാളി ഡിഫന്‍ഡറെ വലതു പാര്‍ശ്വത്തില്‍ മറികടന്ന് കൊടുത്ത ക്രോസ് തകര്‍പ്പന്‍ വോളിയിലൂടെയാണ് നബി നേപ്പാള്‍ വലയിലെത്തിച്ചത്.
മറ്റൊരു മത്സരത്തില്‍ സമിര്‍ ഇഷ്ഖ്, കലിം ഉള്ള എന്നിവരുടെ ഗോളുകള്‍ക്കാണ് പാക്കിസ്ഥാന് ബംഗ്ലാദേശിനെ കീഴടക്കിയത്. ബംഗ്ലാദേശിന്റെ ആശ്വാസഗോള്‍ ജഹിദ് ഹസ്സനാണ് നേടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് പാക്കിസ്ഥാന് വിജയം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: