മരട്: സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടര്‍ന്ന് മരട് സിപിഎമ്മില്‍ ഉണ്ടായ ചേരി തിരിവ് രൂക്ഷമാകുന്നു. തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് നല്‍കേണ്ട സാമ്പത്തിക സഹായം ലഭിക്കാനിടയില്ലെന്ന ഘട്ടം വന്നപ്പോഴാണ് സിഐടിയു വിഭാഗം പാര്‍ട്ടി മരട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്കെതിരേയും മറ്റും പരസ്യമായി രംഗത്തുവന്നത്. ക്ഷേമ നിധിയിലേക്കായി തൊഴിലാളികളില്‍നിന്നും പിടിച്ചെടുത്ത 14 ലക്ഷം രൂപ തിരിമറി നടത്തിയെന്ന ആക്ഷേപം മാസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്നിരുന്നു. ഈ വിവാദം കെട്ടടങ്ങും മുന്‍പാണ് പുതിയ സാമ്പത്തിക ക്രമക്കേടുകള്‍ മരടില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്.
വിവാദം പുറത്തുവന്നതിന് തൊട്ടുപിന്നാലെ നെട്ടൂരിലും മറ്റു പ്രദേശങ്ങളിലും സിപിഎമ്മിനെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് മുസ്ലിംലീഗില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ കമ്മറ്റി അംഗമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ച് ചൊവ്വാഴ്ച മരട് പ്രദേശത്ത് പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടെയാണ് സിപിഎമ്മിനെതിരെ പ്രചരിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ പാര്ട്ടിക്കാര് നേരിട്ട് രംഗത്തിറങ്ങി കീറി നശിപ്പിച്ചത്. പോസ്റ്റര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് മുന്‍ ലോക്കല്‍ കമ്മറ്റി അംഗമാണെന്നാരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇയാളുടെ വീടിന് മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഭാഗീയതയെക്കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പ്രതിഷേധം അരങ്ങേറി.
തുടര്‍ച്ചയായി സിഐടിയു കുണ്ടന്നൂര്‍ യൂണിറ്റില്‍ നാലാം തവണയാണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നത്. ക്രമക്കേടുകാട്ടുന്നത് ചില ഉന്നതരാണെങ്കിലും പൂള് കണ്‍വീനര്‍മാരേയും മറ്റും ബലിയാടാക്കി അവര്‍ രക്ഷപ്പെടുകയാണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: