തിരുവനന്തപുരം: സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസുകളില്‍ ഇന്നു രാവിലെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. എന്നാല്‍ പരീക്ഷ മാറ്റിയ വിവരം താന്‍ അറിയാതെയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ (ഡി.പി.ഐ) പറഞ്ഞു. അധ്യാപകദിനം പ്രമാണിച്ച് ഇന്ന് രാവിലെ നടക്കാനിരുന്ന ഏഴാം ക്ലാസിലെ കണക്ക് പരീക്ഷയും നാലാം ക്ളാസിലെ മലയാള പരീക്ഷയുമാണ് മാറ്റിവച്ചതായി അറിയിച്ചത്. പരീക്ഷകള്‍ ഉച്ചകഴിഞ്ഞ് ആക്കിക്കൊണ്ട് എസ്.എസ്.എ ഡയറക്ടറാണ് ഉത്തരവിറക്കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.പി.ഐ ബിജു പ്രഭാകര്‍ ഉത്തരവിട്ടു. കുറ്റക്കാരായവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിഎസ്ടിയു എന്ന അധ്യാപക സംഘടനയുടെ പ്രസിഡന്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റി വെയ്ക്കുന്നതെന്നാണ് എസ്എസ്എ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നത്.
ഈ മാസം രണ്ടാം തിയതി പുറത്തിറങ്ങിയ സര്‍ക്കുലറിന്റെ പകര്‍പ്പ് പല സ്കൂളുകളിലും ഇനിയും ലഭിച്ചിട്ടില്ല. ഇന്നലെ പൊതു പണിമുടക്ക് കാരണം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്താത്തിനാല്‍ പകര്‍പ്പ് ലഭിച്ച സ്കൂളുകള്‍ക്കും പരീക്ഷ മാറ്റിയ കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കാന്‍ സാധിച്ചില്ല.
സ്വന്തം ഇഷ്ട പ്രകാരം പരീക്ഷ മാറ്റിയ എസ്എസഎയുടെ നടപടി കനത്ത അച്ചടക്ക ലംഘനമാണെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: