ചവറ: തൊഴിലാളി സമരത്തിന്റെയും മാനേജ്മെന്റ് പിടിവാശിയുടെയും ഫലമായി പൊതുമേഖലാസ്ഥാപനമായ ചവറ കെഎംഎംഎല്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന മട്ടാണ്. ഓണക്കാലമായിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ചര്‍ച്ചകള്‍ക്കോ അധികൃതര്‍ തയ്യാറായിട്ടില്ല. സ്ഥാപനത്തിന്റെ താല്പര്യങ്ങള് കാത്തുസൂക്ഷിക്കാന്‍ ഒരു പൂര്‍ണ സമയ മാനേജിംഗ് ഡയറക്ടറെ നിയമിക്കണമെന്ന ആവശ്യം ഇപ്പോഴും അവഗണിക്കപ്പെട്ടിരിക്കുകയാണ്. സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ യാഗ്യതയുള്ള പ്രതിഭകള്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു എന്ന മട്ടിലാണ് ഇത് സംബന്ധിച്ച് ചോദ്യമുയരുമ്പോഴെല്ലാം അദികൃതരുടെ മറുപടി.
അതിനിടയിലാണ് തൊഴില്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ മൈനിംഗ് മേഖലയില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. തൊഴിലുമായും ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതായും ബന്ധപ്പെട്ട ചര്‍ച്ചകളിലെ തീരുമാനങ്ങളൊന്നും ഫലപ്രദമായ രീതിയില്‍ നടപ്പായില്ല എന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി ചവറക്കാരനായ ഷിബുബേബിജോണ്‍ ആയിട്ടുകൂടി തദ്ദേശവാസികള്‍ക്ക് നീതി ലഭിച്ചില്ല എന്നും ആരോപണമുണ്ട്. ഫലത്തില്‍ തൊഴിലാളികളും നാട്ടുകാരും ഓരേപോലെ അസംതൃപ്തരാണ്.
കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു.സമരത്തിന്റെ ഭാഗമായി എംഎസ് യൂണിറ്റിലെ ജംഗാര്‍ ഉപരോധിച്ചിരിക്കുന്നതിനാല്‍, ഉല്പന്നങ്ങള് കൊണ്ടുപോകുന്നതിനും, ഉല്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ കൊണ്ടു വരുന്നതിനും സാധിക്കാതെ വന്നിരിക്കുകയാണ്.
എംഎസ് യൂണിറ്റില്‍ നിന്നും ടൈറ്റാനിയം ഡ്രൈ ഓക്സൈഡിന്റെ ഉല്പാദനത്തിന് ആവശ്യമായ ഇല്‍മനൈറ്റ് എത്താത്തതിനാല്‍ ടൈറ്റാനിയം പിഗ്മെന്റ് യൂണിറ്റിന്റെയും പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇതുമൂലം കമ്പനിക്ക് കോടികള്‍ നഷ്ടമുണ്ടാകുന്നു. സര്‍ക്കാരിന്റെയും കോടതിയുടെയും പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തിലാണ് സമരം. ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടുന്ന മാനേജ്മെന്റും ഗവണ്മെന്റും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് സംഘടനകള്‍ ആരോപിച്ചു.
ഈ നീക്കത്തിന് പിന്നില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള ഗൂഡശ്രമം ആണ്. കെഎംഎംഎല്ലിന്റെ രണ്ടു യൂണിറ്റിലും കൂടി തൊഴില്‍ ചെയ്യുന്ന അയ്യായിരത്തോളം തൊഴിലാളികള്‍ ആശങ്കയിലാണ്. ഗവണ്മെന്റും അടിയന്തിരമായി ഇടപെട്ട് സ്ഥാപനത്തെ രക്ഷിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് എംഎസ് യൂണിറ്റിലെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: