വാഷിങ്ടണ്‍: സിറിയയ്ക്കെതിരായ സൈനിക നടപടിയുടെ കരട് സംബന്ധിച്ച് അമേരിക്കന്‍ സെനറ്റിന്റെ വിദേശകാര്യ സമിതിയില്‍ ധാരണയായി. രണ്ട് മാസം നീണ്ട് നില്ക്കുന്ന സൈനിക നടപടിയ്ക്കാണ് വിദേശകാര്യ സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു മാസത്തേയ്ക്ക് കൂടി ആക്രമണം ദീര്‍ഘിപ്പിക്കും.
അതേസമയം സിറിയയ്ക്കെതിരെ ഏകപക്ഷീയമായ നടപടിക്ക് ഒരുങ്ങുന്ന അമേരിക്കയ്ക്കെതിരെ ശക്തമായ താക്കീതുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് രംഗത്തെത്തി. യുഎന്‍ അനുമതിയില്ലാതെ സിറിയയ്ക്കു നേരെയുള്ള സൈനിക നടപടി അതിക്രമമായാണ് റഷ്യ കാണുകയെന്നും പുടിന് മുന്നറിയിപ്പ് നല്കി.
അമേരിക്കയുള്‍പ്പെടെയുള്ള ജി 20 രാജ്യങ്ങളുടെ സംമ്മേളനം നാളെ റഷ്യയില്‍ തുടങ്ങാനിരിക്കെയാണ് സിറിയന്‍ വിഷയത്തില്‍ റഷ്യ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്. രാസായുധം പ്രയോഗിച്ചത് സിറിയന്‍ സൈന്യമാണെന്ന് സംശയാതീതമായി തെളിയിക്കാനായാല്‍ യുഎന്‍ പ്രമേയത്തെ തങ്ങള്‍ എതിര്‍ക്കുകയില്ലെന്നും പുടിന് വ്യക്തമാക്കി.
വിമതര്‍ക്കെതിരെ വ്യക്തമായ ആധിപത്യം നേടിയ സിറിയന്‍ ഭരണകൂടം രാസായുധം ഉപയോഗിച്ചെന്ന് പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനനുവദിച്ച അഭിമുഖത്തിലാണ് പുടിന് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: