വാഷിഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമക്ക് സിറിയന്‍ കാര്യത്തില്‍ ആശയക്കുഴപ്പമാണെന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം അമേരിക്ക യുദ്ധ പ്രഖ്യാപനം നടത്തുമെന്നു പ്രതീക്ഷിച്ചിരിക്കെ സിറിയന്‍ പ്രശ്നത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം തേടാന്‍ തീരുമാനിച്ചതിനെ വിശകലന വിദഗ്ദ്ധര്‍ കര്‍ക്കശമായി വിമര്‍ശിച്ചിരുന്നു. ക്ഷീണിതനായ ഒബാമയെയാണ് ഞായറാഴ്ച പത്രസമ്മേളനത്തില്‍ കണ്ടതെന്ന് പലരും വിമര്ശിച്ചെഴുതുകയും ടിവി ഷോകളില്‍ പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍, യുഎസ് കോണ്‍ഗ്രസ് അനുകൂലിച്ചാലും എതിര്‍ത്താലും സിറിയയിലെ കാര്യത്തില്‍ ഒബാമക്ക് കര്‍ക്കശമായ തീരുമാനമുണ്ടെന്നും അതു സമയത്ത് നടപ്പാക്കുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഒരു ടിവി ഷോയില്‍ വ്യക്തമാക്കി. അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“യുഎസ് കോണ്‍ഗ്രസ് ഒബാമയുടെ പദ്ധതികളെ പിന്തുണക്കുമോ ഇല്ലയോ എന്ന് എനിക്കു പറയാനാവില്ല, പക്ഷേ, ഒരു സ്വേച്ഛാധിപതിയായ ഭരണാധികാരി സ്വന്തം ജനതക്കെതിരേ രാസായുധം പ്രയോഗിച്ചതിനെ അവരാരും പിന്തുണക്കാനിടയില്ല.”
എന്നാല്‍, ഒബാമ, അരബ് രാജ്യങ്ങള്‍ പോലും പ്രതീക്ഷിച്ച ആക്രമണ പ്രഖ്യാപനത്തില്‍നിന്ന് പിന്മാറിയപ്പോള് അമേരിക്കയുടെതന്നെ വിശ്വാസ്യതയാണ് ഇല്ലാതായതെന്ന് അവര്‍ കുറ്റപ്പെടുത്തി. “പല അരബ് രാജ്യങ്ങളും ഒബാമയെ വിശ്വസിക്കാന്‍ കൊള്ളാത്തയാളെന്നു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു,” ബ്രൂക്കിംഗ് ദോഹാ സെന്റര്‍ ഡയറക്ടര്‍ സല്മാന് ഷൈഖ് അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ കോണ്‍ഗ്രസ് മീറ്റിംഗ് സെപ്തംബര്‍ ഒമ്പതിനാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: