ന്യൂയോര്‍ക്ക്: ഇരുപത് ലക്ഷത്തിലേറെ ജനങ്ങള്‍ സിറിയയില്‍ നിന്നും പലായനം ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. പലായനം ചെയ്തവരില്‍ പകുതിയോളം കുട്ടികളാണ്. കുട്ടികളില്‍ നാലില്‍ മൂന്ന് ഭാഗവും 11 വയസ്സിന് താഴെയുള്ളവരാണെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളായ ഇറാഖ്, ലെബനന് എന്നിവിടങ്ങളിലേക്കാണ് സിറിയന്‍ ജനങ്ങള്‍ പലായനം ചെയ്യുന്നത്. ലെബനനില്‍ ആറില്‍ ഒരാള്‍ വീതം സിറിയന്‍ അഭയാര്‍ത്ഥിയാണെന്നാണ് കണക്ക്. സിറിയയോട് അടുത്ത് കിടക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് ലെബനന്. ജോര്‍ദാനിലേക്കും തുര്‍ക്കിയിലേക്കും പലായനം വ്യാപകമാണ്. പണത്തിനായി സിറിയന്‍ പെണ്‍കുട്ടികളെ അന്യരാജ്യത്തേയ്ക്ക് വിവാഹം ചെയ്തു കൊടുക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സിറിയന്‍ അയല്‍ രാജ്യങ്ങള്‍ പാടുപെടുകയാണ്. ഈ രാജ്യങ്ങളെ സഹായിക്കാന്‍ രാജ്യാന്തര പിന്തുണ ആവശ്യമാണെന്നും യുഎന്‍ വ്യക്തമാക്കി. ഓഗസ്റ്റില്‍ ആയിരത്തോളം പേര് കൂട്ടത്തോടെ സിറിയയില്‍ നിന്നും ഇറാഖിലെ കുര്‍ദിലേക്ക് പലായനം ചെയ്തിരുന്നു. 1,70,000 സിറിയക്കാരാണ് നിലവില്‍ ഇറാഖില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. രണ്ട് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ഇതുവരെ പതിനായിരം പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
രാസായുധ പ്രയോഗത്തിലൂടെ കൂട്ടക്കൊല നടത്തിയ സിറിയന്‍ സര്‍ക്കാരിനെതിരെ അമേരിക്കയും ഫ്രാന്‍സും സൈനിക നടപടിക്ക് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ കൂട്ട പലായനം. സിറിയയ്ക്ക് മേല്‍ സൈനിക നടപടി ഉണ്ടായാലും ഇല്ലെങ്കിലും രാജ്യത്തിന്റെ ഭാവി പടുത്തുയര്‍ത്തേണ്ട ഒരു തലമുറ നഷ്ടമാകുന്നുവെന്നാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: