അങ്കമാലി: അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ചെയര്മാന് പുറത്താക്കിയവരുടെ പിന്തുണയോടെ വീണ്ടും ചെയര്‍മാനായി. അങ്കമാലി നഗരസഭയിലെ ചെയര്‍മാനായി സി. കെ. വര്‍ഗീസിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ നഗരസഭ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന ചെയര്മാന് തെരഞ്ഞെടുപ്പിലാണ് സി. കെ. വര്‍ഗീസ് വീണ്ടും ചെയര്മാന് സ്ഥാനത്തെത്തിയത്.
കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ ശക്തമായ തീരുമാനപ്രകാരം വിമതപക്ഷത്തെ കൗണ്‍സിലര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചെയര്‍മാനുവേണ്ടി വീണ്ടും വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ പടലപിണക്കത്തോടെ ചെയര്മാന് സ്ഥാനം കരസ്ഥമാക്കാമെന്ന് കരുതിയ എല്‍ഡിഎഫിന്റെ തത്രങ്ങള്‍ പാളി. സി. കെ. വര്‍ഗീസിന്റെ പേര് വിമതപക്ഷത്തെ നേതാവായ കെ. എ. പൗലോസാണ് നിര്‍ദ്ദേശിച്ചത്. മേരി വര്‍ഗീസ് പിന്താങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ബെന്നി മൂഞ്ഞേലിയുടെ പേര് ഇ. വി. കമലാക്ഷന്‍ നിര്‍ദ്ദേശിച്ചു. സെലീന ദേവസ്സി പിന്താങ്ങി. 30 അംഗ കൗണ്‍സിലില്‍ മുന്‍ ചെയര്‍പേഴ്സണ്‍ ലില്ലി രാജു, കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും വോട്ട് ചെയ്യാതെ പുറത്തേയ്ക്ക് പോയി. ബാക്കി 29 കൗണ്‍സിലര്‍മാരില്‍ 17 പേരുടെ പിന്തുണ സി. കെ. വര്‍ഗീസിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ ബെന്നി മൂഞ്ഞേലിയ്ക്ക് 11 പേരുടെ പിന്തുണ ലഭിച്ചു. സിപിഐ(എം)ലെ എ. എന്‍. ഹരിയുടെ വോട്ട് അസാധുവായി. ഉച്ചതിരിഞ്ഞ് നടന്ന വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ മേരി വര്‍ഗീസിനെ വീണ്ടും വൈസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തു.
നഗരസഭ തുടങ്ങിയ കാലം മുതല്‍ ചെയര്മാന് വാഴാത്ത അങ്കമാലി നഗരസഭയില്‍ പ്രതിപക്ഷത്തെ 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് നല്കിയ അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ പെട്ട 8 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ കഴിഞ്ഞ ജൂലൈ 27ന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തില്‍പ്പെട്ട ചെയര്മാന് സി. കെ. വര്‍ഗ്ഗീസിനെയും, ഐ ഗ്രൂപ്പ് വക്താവായി വൈസ്ചെയര്‍പേഴ്സണായി പിന്നീട് എ ഗ്രൂപ്പിലേക്ക് മാറിയ മേരി വര്‍ഗ്ഗീസിനെയും പുറത്താക്കുകയായിരുന്നു. 30 അംഗ കൗണ്‍സിലില്‍ 16 കോണ്‍ഗ്രസ്സ് അംഗങ്ങളും, 12 എല്‍. ഡി. എഫ്. അംഗങ്ങളും, 2 സ്വതന്ത്ര അംഗങ്ങളുമാണ് ഉള്ളത്.
പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന രണ്ട് സ്വതന്ത്രമാര്‍ ഉള്‍പ്പെടെ 18 അംഗങ്ങളുടെ പിന്തുണയോടെ നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ്സില്‍ ഇപ്പോഴത്തെ ഭരണം തുടങ്ങിയ കാലം മുതല്‍ ചെയര്മാന്, വൈസ്ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ക്കുവേണ്ടി എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം ഉണ്ടായിരുന്നു. ഈ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ നോക്കിനില്‍ക്കെ 2013-14ലെ ബഡ്ജറ്റ് മുന്‍സിപ്പല്‍ സെക്രട്ടറി അവതരിപ്പിച്ച് അങ്കമാലി നഗരസഭ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. എ ഐ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ 12 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് നല്കിയ അവിശ്വാസപ്രമേയം കൗണ്‍സിലിലെ എ ഗ്രൂപ്പ് വിഭാഗം വിട്ട് നിന്നെങ്കിലും പാസാകുകയായിരുന്നൂ.
സ്ഥിരമായി ഒരു മുന്നണിയിലും ഉറച്ച് നില്‍ക്കാത്ത കൗണ്‍സിലര്‍മാര്‍ ഉള്ള അങ്കമാലി നഗരസഭയില്‍ പുറത്തായ ചെയര്മാന്, പുറത്താക്കിയ വിമതരുടെ പിന്തുണയോടെ വീണ്ടും ആ സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെടുന്നത് അങ്കമാലിയുടെ ചരിത്രത്തില്‍ നടാടെയാണ്. ഡിസംബര്‍ 31 വരെ തത്സ്ഥിതി തുടരാനാണ് പാര്‍ട്ടി തീരുമാനം. പിന്നീട് പാര്‍ട്ടി നിശ്ചയിക്കുന്ന ആളെ ചെയര്‍മാനാക്കും. നഗരസഭയുടെ ഭരണസ്തംഭനത്തിലേക്ക് നയിക്കുകയും പാര്‍ട്ടിയെ അവഹേളിക്കുന്ന രീതിയില്‍ വിമതപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ലില്ലി രാജുവിനെ ഒറ്റപ്പെടുത്തിയ തീരുമാനങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: