കൊച്ചി: നിയമവിരുദ്ധമായി റോഡ് വെട്ടിപ്പൊളിക്കല്‍ തടഞ്ഞ പിഡബ്ലിയുഡി ഉദ്യോഗസ്ഥക്കു നേരെ ഉന്നതരുടെ പീഡനം. തൃപ്പൂണിത്തുറയില്‍ അസി.എഞ്ചിനീയറായിരുന്ന വി.കെ.ശൈലമോളെയാണ് പ്രതികാര നടപടിയുടെ ഭാഗമായി ഒരാഴ്ചക്കകം രണ്ടുതവണ സ്ഥലം മാറ്റിയത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.ബാബുവിന്റെ സമ്മര്‍ദ്ദമാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്നാണ് ആക്ഷേപം. പിഡബ്ലയുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറും, കരാര്‍ലോബിയുമാണ് ഇതിനുവേണ്ടി ചരടുവലി നടത്തിയതെന്നും ആരോപണമുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ സത്യസന്ധത പുലര്‍ത്തിയ തിനാല്‍ ഉന്നതര്‍ നിരന്തരം പീഡിപ്പിക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, വനിതാകമ്മീഷന് എന്നിവര്‍ക്ക് പരാതിനല്‍കിയിരിക്കുകയാണ് ശൈലമോന്‍.
കുടിവെള്ള പൈപ്പുസ്ഥാപിക്കാന്‍ തൃപ്പൂണിത്തുറയില്‍ റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിവാദങ്ങള്‍ക്കും എഇയെ സ്ഥലം മാറ്റുന്നതിലും വരെ ചെന്നെത്തിയത്. പിഡബ്ല്യുഡി മാന്വല്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിമാത്രമെ റോഡ് വെട്ടിപ്പൊളിക്കാന്‍ അനുവതിനല്‍കുകയുള്ളു എന്നനിലപാടിലായിരുന്നു അസി.അഞ്ചിനീയര്‍ ശൈലമോള്‍. തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷനു സമീപം 1700 മീറ്റര്‍ റോഡ് പൊളിക്കുന്നതിനാണ് അനുമതി ആവശ്യമായിവന്നത്. ഇതിലേക്കായി 1.25 കോടിരൂപയാണ് പൊതുമരാമത്തു വകുപ്പിന് ജലഅതോറിറ്റി കെട്ടിവെക്കേണ്ടിയിരുന്നത്. എന്നാല്‍ മുഴുവന്‍ തുകയും നല്‍കുന്നതിനുമ്പേ കരാറുകാരന് റോഡ് പൊളിക്കാന്‍ തുടങ്ങി. തകര്‍ന്ന തൃപ്പൂണിത്തുറ- വൈക്കം റോഡില്‍ അപകടങ്ങളും പതിവായി. ഇതോടെ സ്ഥലം എംഎല്‍എ കൂടിയായി മന്ത്രി കെ.ബാബുവിനും ഉദ്യോഗസ്ഥര്‍ക്കും എതിരെ ജനരോക്ഷം ശക്തമായി.
വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിവാദമായതോടെ അവസരം മുതലെടുത്ത് കരാറുകാരന് റോഡ് പെട്ടിപ്പൊളിക്കല്‍ ഊര്‍ജ്ജിതമാക്കി. 1700 മീറ്റര്‍ നീളത്തില്‍ ഒരു വശം പൊളിക്കാനാണ് അനുമതിയെങ്കില്‍ രണ്ടുവരിയില്‍ 3700 മീറ്ററോളം റോഡ് പൊളിച്ചു. പിഡബ്ല്യുഡി മാന്വല്‍ അനുസരിച്ചാണെങ്കില്‍ 3.63 കോടിരൂപ കെട്ടിവെച്ചാല്‍ മാത്രമെ ഇത്രയും ഭാഗത്ത് റോഡ് കുഴിയടക്കാന്‍ അനുമതി നല്‍കാവൂ. എന്നാല്‍ മന്ത്രിയുടേയും ഉന്നതരുടേയും ഇടപെടല്‍ മൂലം പണം കെട്ടിവെക്കാതെ തന്നെ പണി തുടര്‍ന്നു. ഇതിനിടെ നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള റോഡ് പൊളിക്കലിനെതിരെ റോഡിന്റെ ചുമതലക്കാരിയായ തൃപ്പൂണിത്തുറ അസി.എഞ്ചിനീയര്‍ പരസ്യമായി നിലപാടുകളുമായി രംഗത്തുവന്നു. ഇതാണ് മന്ത്രിയേയും ഉന്നതരേയും കരാറുകാരനേയും പ്രകോപിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
ഇതിനിടെ മന്ത്രിയുടെ പിഎയും പൊതുമരാമത്തുവകുപ്പിലെ ഉന്നതരും എഇ ശൈലമോള്‍ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. ഇവരെ സ്ഥലംമാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രി കെ.ബാബു പൊതുമരാമത്തുവകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് നേരിട്ട് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയെ പൊത്താനിക്കാട്ടേക്ക് മന്ത്രി ഇടപെട്ട് സ്ഥലംമാറ്റുകയായിരുന്നു ആദ്യനടപടി. ഇതിനിടെ തന്റെ നിരപരാധിത്വം വ്യക്തമാക്കി ഉദ്യോഗസ്ഥ മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കൂടാതെ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, വകുപ്പുസെക്രട്ടറി ടി.ഒ.സൂരജ് എന്നിവരെ നേരില്‍കണ്ട് പരാതിനല്‍കി. എന്നാല്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദ്ദേശം പ്രകാരമാണ് സ്ഥലം മാറ്റ നടപടിയെന്നതിനാല്‍ തങ്ങള്‍ ഇതില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ അസി എഞ്ചിനീയറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ ഓഫീസിലെത്തി സ്ഥലം മാറ്റം റദ്ദാക്കാന്‍ നിവേദനം നല്കി. എട്ടും ആറും വയസ്സായ രണ്ടുകുട്ടികളുടെ പഠനവും മറ്റും ബുദ്ധിമുട്ടിലാകുമെന്നതിനാല്‍ തൃപ്പൂണിത്തുറയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ ആക്ഷേപിച്ച് ഇറക്കിവെട്ടെന്നാണ് ആരോപണം. മന്ത്രിമാരില്‍നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും നീതി ലഭിക്കാതായപ്പോള്‍ സംസ്ഥാന വനിതാകമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്കി. കൂടാതെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സ്ഥലംമാറ്റത്തിനെതിരെ കേസ് ഫയല്‍ ചെയ്തും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഈ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: