കൊച്ചി: നിത്യസംഗീതത്തില് ലയിച്ച ശുദ്ധ സംഗീതജ്ഞന് സാംസ്കാരിക നഗരത്തിന്റെ വേറിട്ട സ്മരണാഞ്ജലി. സംഗീതക്കടലായിരുന്ന ദക്ഷിണാമൂര്‍ത്തി സ്വാമിയെ അനുസ്മരിക്കാന്‍ തപസ്യ കലാസാഹിത്യവേദി ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തില്‍ ഇന്നലെ സായാഹ്നത്തിലൊരുക്കിയ ഗാനാര്‍ച്ചന പരബ്രഹ്മത്തില്‍ വിലയംകൊണ്ട ആ മഹാത്മാവിനുള്ള ‘ദക്ഷിണ’യായി.
കര്‍ണാടക സംഗീതത്തെ അലിയിച്ചലിയിച്ച് അരിച്ചെടുത്ത തേനാക്കി സാധാരണക്കാരുടെ ചുണ്ടില്പ്പുരട്ടിയ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ മധുരഗാനങ്ങള്‍ കേള്‍ക്കാന്‍ പ്രൗഢഗംഭീരമായ സദസ് ഒഴുകിയെത്തി.
പ്രശസ്ത സംഗീതസംവിധായകന് കെ.എം. ഉദയന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാനാര്‍ച്ചന കാട്ടുമുളന്തണ്ടുകളില് കരിവണ്ടുകള്‍ തുരന്നുണ്ടാക്കുന്ന സുഷിരങ്ങളിലൂടെ കാറ്റൂതുന്ന സംഗീതംപോലെ ഹൃദ്യമായി.
തപസ്യ കലാസാഹിത്യവേദിയും ഇടപ്പള്ളി സംഗീതസദസും ചേര്‍ന്നൊരുക്കിയ ദക്ഷിണാമൂര്‍ത്തി ഗാനാര്‍ച്ചനയ്ക്ക് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ജിസിഡിഎ മുന്‍ ചെയര്മാന് കെ. ബാലചന്ദ്രന് അധ്യക്ഷനായിരുന്നു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു ദക്ഷിണാമൂര്‍ത്തിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
വടവൃക്ഷത്തിന്റെ ചുവട്ടിലിരിക്കുന്നവനും എല്ലാ മുനിജനങ്ങള്ക്കും ജ്ഞാനത്തെ കൊടുക്കുന്നവനും മൂന്ന് ലോകങ്ങള്‍ക്കും ഗുരുനാഥനും ജനനമരണ ദുഃഖത്തെ നശിപ്പിക്കുന്നതില്‍ സമര്‍ഥനുമായ സാക്ഷാല്‍ ദക്ഷിണാമൂര്‍ത്തി സങ്കല്‍പ്പത്തെ സാക്ഷാത്കരിക്കുന്ന മഹാഗുരുവാണ് അഗാധമായ സംഗീത മൗനവുമായി വേദിയൊഴിഞ്ഞ് അണിയറയിലേക്കുപോയ സംഗീതമഹര്ഷി ദക്ഷിണാമൂര്‍ത്തിയെന്ന് അനുസ്മരണപ്രഭാഷണത്തില്‍ കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്.രമേശന് നായര്‍ പറഞ്ഞു. മേഘമല്‍ഹാര്‍ പാടി മഴപെയിച്ച താന്‍സന്റെയും മേഘവര്ണനെക്കുറിച്ച് പാടി വൃന്ദാവനം തളിര്‍പ്പിച്ച മീരയുടെയും ശൃംഖലയിലെ കരുത്താര്‍ന്ന കനകക്കണ്ണിയായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാമചന്ദ്രന് സ്വാഗതമാശംസിച്ചു. ഇടപ്പള്ളി സംഗീതസദസിന്റെ സെക്രട്ടറി പി.ആര്. നായര്‍ നന്ദി രേഖപ്പെടുത്തി. തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് സന്നിഹിതനായിരുന്നു.
ഉദയന്റെ നേതൃത്വത്തില്‍ പ്രമുഖ ഗായകരായ ഗണേഷ് സുന്ദരം, കലാമണ്ഡലം സാബു, ദേവദാസ്, ചിത്ര അരുണ്‍ തുടങ്ങിയവര്‍ ദക്ഷിണാമൂര്‍ത്തി രാഗാധിഷ്ഠിതമായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ അര്‍ച്ചനയില്‍ പങ്കാളികളായി. സാഹിത്യകാരി പി. രമ അവതാരകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: