കൊല്ലം: സ്പീഡ്പോസ്റ്റ് നഷ്ടപ്പെട്ടതിന് തപാല്‍ വകുപ്പ് 1800 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തിന്റെ വിധി. സ്പീഡ് പോസ്റ്റ് മുഖേന തപാല്‍ ഉരുപ്പടികള്‍ നഷ്ടപ്പെട്ട കേസില്‍ പരാതിക്കാരനായ കൊല്ലം കാവനാട് സുകു നിവാസില്‍ എ. സജീവിനാണ് 18,000 രൂപ നഷ്ടപരിഹാരം ആയും 2,500 രൂപ കോടതി ചെലവായും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചത്. ഫോറം പ്രസിഡന്റ് ജി. വസന്തകുമാരി, മെമ്പര്‍ അഡ്വ. രവിസുഷ എന്നിവരുടെയാണ് വിധി.
ഹരിയാനയിലെ ഗുര്‍ഗോണ്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്ന മകളുടെ പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയവ സജീവ് കൊല്ലത്തെ സ്പീഡ് പോസ്റ്റ് സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്ത് അയച്ചിരുന്നു. മേല്‍വിലാസക്കാരിക്ക് തപാല്‍ കിട്ടാതായപ്പോള്‍ സജീവ് കൊല്ലം ഹെഡ്പോസ്റ്റോഫീസില്‍ പരാതിപ്പെട്ടു. യാതൊരു നടപടികളും കാണാതായപ്പോള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ക്കും ഗൂര്‍ഗോണിലെ പോസ്റ്റല്‍ സൂപ്രണ്ടിനും രേഖാമൂലം പരാതി നല്‍കി. തപാല്‍ ഉരുപ്പടി നഷ്ടപ്പെട്ടുപോയെന്നും ചട്ടപ്രകാരം 100 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും നിരവധി മാസങ്ങള്‍ക്കുശേഷം തപാല്‍ വകുപ്പ് അറിയിച്ചപ്പോഴാണ് സജീവ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്.
തപാല്‍ വകുപ്പിന്റെ നിരുത്തരവാദിത്തം മൂലം മകളുടെ വിദേശജോലി നഷ്ടപ്പെട്ടെന്നും ഹരിയാനയിലെ ജോലിസ്ഥലത്തുനിന്നും കൊല്ലത്തു വന്നു പാസ്പോര്‍ട്ടിന്റെയും, പാന്‍ കാര്‍ഡിന്റെയും ഡ്യൂപ്ലിക്കേറ്റ് അപേക്ഷിക്കുന്നതിനും മറ്റുമുള്ള ഫീസിനത്തിലും പത്ര പരസ്യ ചെലവിനത്തിലും യാത്രാചെലവിനത്തിലുമായി 13,450 രൂപ ചെലവായെന്നും നഷ്ടപരിഹാരമായി 5000 രൂപ ലഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. ഉരുപ്പടി നഷ്ടപ്പെട്ടെന്നു സമ്മതിച്ച തപാല്‍ വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും ഫോറത്തില്‍ ബോധിപ്പിച്ചു. ഇന്‍ഡ്യന്‍ പോസ്റ്റ് ഓഫീസ് ആക്ടിലെ വകുപ്പ് 6 പ്രകാരം തങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും ചട്ട പ്രകാരമുള്ള നഷ്ടപരിഹാരമായ 100 രൂപ നല്‍കാന്‍ മാത്രമേ ബാദ്ധ്യതയുള്ളു എന്നുമായിരുന്നു വകുപ്പിന്റെ വാദം. എന്നാല്‍ തട്ടിപ്പ്, മനപ്പൂര്‍വ്വമായ പ്രവര്‍ത്തി, വീഴ്ച എന്നിവ മൂലം തപാല്‍ ഉരുപ്പടി നഷ്ടപ്പെട്ടാല്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന് നിയമത്തില്‍ തന്നെ വ്യക്തമായി ഉണ്ടെന്ന പരാതിക്കാരന്റെ വാദം ശരിവെയ്‌ക്കുകയായിരുന്നു. നഷ്ടപരിഹാര തുകയും കോടതി ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് ഫോറം വിധിച്ചു. പരാതിക്കാര ന് വേണ്ടി. അഡ്വ. ബോറിസ് പോള്‍, അഡ്വ. ജി. വിജയകുമാര്‍, അഡ്വ. പ്രദീപ്കുമാര്‍. എസ്.ജെ എന്നിവര്‍ ഫോറം മുമ്പാകെ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക