തിരുവനന്തപുരം: വിലക്കയറ്റം നേരിടാന്‍ വിപണിയില്‍ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് 25 കോടിയും സപ്ലൈകോയ്ക്ക് 30 കോടി രൂപയും ഉടന്‍ നല്‍കും. വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നേരത്തെ 60 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 25 കോടി കൂടി കൊടുക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പിന് 20 കോടി രൂപയും നല്‍കും. ഒന്നു മുതല്‍ എട്ടു വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് മുമ്പ് അഞ്ചുകിലോ അരി വീതം നല്‍കും. 22.6 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. ആ തുക സപ്ലൈകോ വഹിക്കും. ഓണക്കിറ്റ് വിതരണത്തിനുള്ള തുക മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം ഒമ്പതു മുതല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ മിനി സ്റ്റോറുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓണക്കാലത്ത് വിലനിയന്ത്രിക്കാന്‍ സാധിക്കാത്തതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അവലോകന യോഗം വിളിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മാവേലി, നന്മ സ്റ്റോറുകളില്‍ മിക്ക സാധനങ്ങളും കിട്ടാനില്ലെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുവെന്നാണ് ധനമന്ത്രി കെ.എം.മാണി പറഞ്ഞത്. ഇന്നത്തെ യോഗത്തില്‍ നിന്ന് ധനമന്ത്രിയും കൃഷി മന്ത്രിയും വിട്ടു നിന്നു. പെട്ടെന്ന് തീരുമാനിച്ച യോഗമായിരുന്നതിനാലാണ് ബന്ധപ്പെട്ട മറ്റു മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: