ആലപ്പുഴ: രാജ്യത്തിന്റെ അതിര്‍ത്തിയായ കടലോരങ്ങളും കായലോരങ്ങളും വിദേശികള്‍ അനധികൃതമായി സ്വന്തമാക്കിയിട്ടും സര്‍ക്കാരും സുരക്ഷാ വിഭാഗങ്ങളും അവഗണിക്കുന്നു. ടൂറിസത്തിന്റെ മറവില്‍ ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളില്‍ ഇത് വ്യാപകമാണ്.
തീരപ്രദേശങ്ങള്‍ വിദേശികള്‍ ബിനാമി പേരില്‍ വിലയ്ക്ക് വാങ്ങി വന്‍ റിസോര്‍ട്ടുകള്‍ നിര്‍മിച്ചിട്ടും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അറിഞ്ഞ ഭാവം നടിക്കാത്തതില്‍ ദുരൂഹതയേറെയുണ്ട്. കടല്‍, കായലോരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന വിനോദസഞ്ചാര ബിസിനസില്‍ നല്ലൊരു പങ്കും പണം മുടക്കിയിട്ടുള്ളതും വിദേശികളാണ്.
തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായല്‍ കയ്യേറി നിര്മിച്ചതിനാല് പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട റിസോര്‍ട്ടുകളിലൊന്ന് നേരത്തെ വിദേശിയുടേതായിരുന്നു. ജര്‍മന്‍ സ്വദേശിയുടെ റിസോര്‍ട്ട് ഭരണകക്ഷിയിലെ പ്രമുഖന്റെ അടുപ്പക്കാരായ വന്‍കിട സ്വകാര്യ പണമിടപാട് സ്ഥാപന ഉടമകളാണ് സ്വന്തമാക്കിയത്. പിന്നീട് ഭരണസ്വാധീനം ഉപയോഗിച്ച് കായല്‍ കയ്യേറി റിസോര്‍ട്ട് വിപുലീകരിക്കുകയായിരുന്നു. പാണാവള്ളി, തണ്ണീര്‍മുക്കം, മുഹമ്മ, ആലപ്പുഴ നഗരം എന്നിവിടങ്ങളില്‍ ബിനാമി പേരുകളില്‍ വിദേശികള്‍ക്ക് റിസോര്‍ട്ടുകളുണ്ട്.
ഇവ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാരും ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒരുവിഭാഗം എംഎല്‍എമാരും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിലും അപകടകരമാണ് കടലോരത്തെ ടൂറിസം മാഫിയകളുടെ കടന്നുകയറ്റം. വിദേശികളും സ്വദേശികളുമായ കുത്തകകളുടെ കൈവശമാണ് ആലപ്പുഴ ബീച്ച് അടക്കം ജില്ലയിലെ കടല്‍ത്തീരങ്ങള്‍. പ്രധാന രാഷ്ട്രീയ കക്ഷികളിലെ നേതാക്കള്‍ മാസപ്പടിയെന്ന രീതിയില്‍ ഇവിടങ്ങളില്‍ നിന്ന് പണം പറ്റാറുണ്ടെന്ന് ആക്ഷേപവുമുണ്ട്.
ആലപ്പുഴ ബീച്ചിന് കിഴക്ക് ഭാഗത്തെ പ്രശസ്തമായ ഒരു ബംഗ്ലാവ് വാങ്ങിയത് വിദേശചാനലിന്റെ മുന്‍ ലേഖികയായിരുന്നു. പത്തനംതിട്ട സ്വദേശിയുടെ ബിനാമി പേരിലാണ് ഇവര്‍ പുരാതന ബംഗ്ലാവ് സ്വന്തമാക്കിയത്. ജില്ലാ പോലീസ് ചീഫ് ഓഫീസിന് സമീപമുള്ള അത്യാഢംബര റിസോര്‍ട്ടിന്റെ ഉടമ ഫ്രഞ്ച് സ്വദേശിയാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിന്റെ പ്രമാണം നടന്നിരിക്കുന്നത് ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളുടെ പേരിലും.
ഒരു വിദേശി ഇവിടെ ബിനാമി പേരില്‍ വസ്തുവകകള്‍ വാങ്ങിയാല്‍ വസ്തുവിന്റെ യഥാര്‍ഥ ഉടമയെ കണ്ടുപിടിക്കാന്‍ പോലീസ്, റവന്യു, രജിസ്ട്രേഷന്, ആദായനികുതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാത്തതില്‍ ദുരൂഹതയുണ്ട്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: