സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തനത്തിലെ (കേരളത്തിലെ) വിശദമായ വിവരങ്ങളും പ്രസക്തമായ കാര്യങ്ങളും അറിയുന്നവരുടെ എണ്ണം കൈവിരലില്‍ എണ്ണാന്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഏഴു പതിറ്റാണ്ട് മുമ്പ് നടന്ന പ്രാരംഭം മുതല്‍ ഒരു ദശകക്കാലത്തെ ചരിത്രം ഇന്നത്തെ മിക്ക പ്രവര്‍ത്തകര്‍ക്കും അറിയില്ല. മുതിര്‍ന്ന പ്രചാരകന്മാരായ രാ.വേണുഗോപാല്‍, പരമേശ്വര്‍ജി, ഹരിയേട്ടന്, എം.എ.സാര്‍, എ.വി.ഭാസ്കര്‍ജി തുടങ്ങിയ ഏതാനും പ്രചാരകന്മാര്ക്ക് പുറമെ കണ്ണൂര്‍ വിഭാഗ് സംഘചാലക്, സി.ചന്ദ്രശേഖരന്, എറണാകുളത്തെ ഡി.അനന്തപ്രഭു, തൃശ്ശിവപേരൂരിലെ ജി.മഹാദേവന് തുടങ്ങിയ ചിലരില്‍ അതൊതുങ്ങുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കോഴിക്കോട്ടും എറണാകുളത്തും കൊച്ചിയിലും ആലുവയിലും പാലക്കാട്ടുമായി ചിലര്‍ കൂടിയുണ്ടാകാം.
വരും തലമുറയ്ക്ക് വേണ്ടി അവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ ആവശ്യമാണ്. കുറേക്കാലം മുമ്പ് അതിന് ചില തീരുമാനങ്ങള്‍ എടുക്കപ്പെടുകയും തുടര്‍ നീക്കങ്ങളുണ്ടാകുകയും ചെയ്തതായി ഓര്‍മിക്കുന്നു. അവയൊക്കെ ഇടയ്ക്കെവിടെയോ മുങ്ങിപ്പോയി. കേരളത്തിലെ ഏറ്റവും ശക്തിമത്തും ബഹുമുഖവുമായ ഹൈന്ദവ പ്രവര്‍ത്തനത്തിന്റെ ഉത്പത്തിയും വളര്‍ച്ചയും വികാസ പരിണാമങ്ങളും തീര്‍ച്ചയായും പഠനങ്ങള്‍ അര്‍ഹിക്കുന്നു.
പത്തുപതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ.ജയപ്രസാദ് തന്റെ പിഎച്ച്ഡി ഗവേഷണത്തില്‍ തയ്യാറാക്കിയ പ്രബന്ധം ഉണ്ടെങ്കിലും പരിമിതികള്‍ മൂലം അത് പൂര്‍ണമായും പ്രയോജനപ്പെടുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു.
ഇത്രയും പറയാന്‍ ഇട വന്നത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രമുഖ പ്രവര്‍ത്തകനായ കാ.ഭാ.സുരേന്ദ്രന് ഫോണിലൂടെ ഒരു വിവരം അന്വേഷിച്ചതുമൂലമാണ്. ഏതൊ പത്രത്തിലെ പത്രാധിപര്‍ക്കുള്ള കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗാനശകലത്തിന്റെ വിവരങ്ങളന്വേഷിച്ചാണദ്ദേഹം വിളിച്ചത്.
മാതൃപൂജയ്ക്കായൊരുങ്ങുക നമ്മളോരോരുത്തരും
ആത്മബലിദാനത്തെ മാതൃസേവനാര്ഥം ചെയ്ക എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പൂര്‍ണ രൂപമായിരുന്നു അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്നത്.
ഞാന്‍ സംഘശാഖയില്‍ പോകാന്‍ തുടങ്ങിയ 1951 ല്‍ പാടി കേട്ട പാട്ടുകളില്‍ ഒന്നായിരുന്നു അത്. രണ്ടുദിവസം ഓര്‍മിക്കാന്‍ ശ്രമിച്ചിട്ടും മുഴുവന്‍ പിടികിട്ടിയില്ല. എം.എ.സാര്‍, അന്നത്തെ മുഖ്യ ശിക്ഷകനായിരുന്നതിനാല് അദ്ദേഹത്തോടന്വേഷിക്കാനും ആദ്യകാലത്തെ ഗാനാഞ്ജലി സംഘടിപ്പിച്ച് നോക്കാനുമാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. എനിക്ക് ഓര്മിച്ചെടുക്കാന് കഴിഞ്ഞ രണ്ടു ചരണങ്ങള്‍ ചൊല്ലിക്കൊടുത്തത് സുരേന്ദ്രന് റിക്കാര്‍ഡ് ചെയ്തു.
സംസ്കൃത കോളേജില്‍ എം.എ. സാറിന്റെ സഹപാഠിയും നാട്ടുകാരനുമായ ചെല്ലപ്പന് അക്ഷരസ്ഫുടതയോടെ വികാരഭരിതനായി പാടിത്തന്നതിന്റെ മുഴക്കം ഇന്നും കാതുകളില്നിന്നുമാഞ്ഞിട്ടില്ല. അക്കാലത്ത് സാംഘിക്കുകളില്‍ പ്രാര്‍ത്ഥന ചൊല്ലിത്തന്നിരുന്നതും ചെല്ലപ്പനായിരുന്നു. അക്ഷരശുദ്ധിയും അര്‍ത്ഥധ്വനിയും തികഞ്ഞ ആ ചൊല്ലല്‍ പ്രാര്‍ത്ഥന സ്ഫുടതയോടെ പഠിക്കാന്‍ എനിക്ക് കഴിവ് തന്ന വിവരം ഈ പംക്തികളില്‍ പറഞ്ഞിട്ടുണ്ട്. എന്റെ കൈവശമുള്ള 1984 ല്‍ പുറത്തിറക്കപ്പെട്ട ഗാനാഞ്ജലിയിലും ആ ഗീതമില്ല. ഗാനാഞ്ജലിയുടെ പുനഃപ്രസിദ്ധീകരണത്തിനിടെ എവിടെയോ അതുപേക്ഷിക്കപ്പെട്ടു.
അതുതന്നെയാണ് ആദ്യകാലത്ത് ശാഖയില്‍നിന്ന് പഠിച്ച മറ്റൊരു ഗീതത്തിനും വന്നിരിക്കാവുന്ന അവസ്ഥ.
‘ഹിന്ദുസ്ഥാനമുയരുവാന്‍ ഹിന്ദുധര്മുണരുവാന്
ഹിന്ദുക്കള്‍ക്ക് സംഘശക്തി വളര്‍ത്തിടുവാന്‍
ഓരോ ഹിന്ദു സ്വയംസേവകായി മാറി പ്രവര്‍ത്തിപ്പിന്‍
ഓരോ ഹിന്ദു പടയാളി ധീരരായ് മാറിന്’
എന്നു തുടങ്ങി ഏതാനും ഈരടികള്‍ വഞ്ചിപ്പാട്ടായി ചൊല്ലാവുന്നതായിരുന്നു അത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു ബൈഠക്കില്‍ എല്ലാവരും ഓരോ പാട്ടു പാടണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍, എനിക്ക് ആദ്യം മുതല്‍ തന്നെ ശാഖയില്‍ പാടുന്നതിന് ഭാസ്കര്‍ റാവുജിയുടെ വിലക്കുണ്ടായിരുന്നിട്ടും പാടി നോക്കി. അന്ന് പങ്കെടുത്തവരില്‍ മിക്കവരും അത് കേട്ടിരുന്നില്ല. ഗാനാഞ്ജലിയിലും അതില്ലായിരുന്നു.
പക്ഷേ, ഈ ഗീതങ്ങള്‍ ഒരുകാലത്ത് സ്വയം സേവകരെ ആവേശം കൊള്ളിച്ചിരുന്നുവെന്നത് മറന്നുകൂടാ. അതിനാല്‍ അത്തരം ഗീതങ്ങള്‍ സമാഹരിക്കാന്‍ ഒരു ശ്രമം ആവശ്യമാണ്. മുതിര്‍ന്ന പ്രചാരകന് കെ.പെരച്ചന് ആവേശകരമായ ഗാനാലാപനം കൊണ്ട് ശ്രോതാക്കളെ ഇളക്കി മറിച്ച് നൃത്തം ചെയ്യിക്കാന്‍ കഴിവുള്ള ആളായിട്ടാണ് അറിയപ്പെടുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം കോഴിക്കോട്ട് കാര്യാലയത്തില്‍ വിശ്രമ ജീവിതത്തിന്റെ ഓര്‍മച്ചെപ്പ് തുറപ്പിക്കാന്‍ സാധിച്ചാല്‍ നഷ്ടമായെന്ന ആശങ്കയിലുള്ള ഒട്ടേറെ ഗാനങ്ങള്‍ ലഭിച്ചേക്കും. വേണുവേട്ടന്റെയും ഹരിയേട്ടന്റെയും കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെന്നേയുള്ളൂ. ഒട്ടേറെ ഗാനങ്ങളുടെ സ്രഷ്ടാക്കളായ അവര്‍ക്കും ഇക്കാര്യത്തില്‍ സഹായം നല്കാന് കഴിയും.
ഗാനാലാപനത്തിന്, അത് വ്യക്തിഗീതമായാലും ഗണഗീതമായാലും 80-ാം വയസ്സിലും ശബ്ദശുദ്ധിയും കണ്ഠശുദ്ധിയും നിലനിര്‍ത്തുന്ന തലശ്ശേരിയിലെ ചന്ദ്രേട്ടന് മുന്നിട്ടിറങ്ങിയാല്‍ കാര്യം എളുപ്പമായി.
സംഘത്തിന്റെ ആദ്യകാല പ്രചാരകന്മാരെ ഓര്മിച്ചെടുക്കാന് കഴിവുള്ളവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ പ്രചാരകന്മാരായിട്ടല്ലെങ്കിലും ഒരുകാലത്ത് നിര്‍ണായകമായ സേവനം നല്കിയ പലരും ഉണ്ട്. അത്തരം പഴയ പ്രവര്‍ത്തകരില്‍ പലരും വിസ്മൃതിയിലാണിന്ന്. അറുപത്തിരണ്ടുവര്ഷങ്ങള്ക്ക് മുമ്പ് ഈ ലേഖകനെ ആദ്യമായി ശാഖയിലേക്ക് കൂട്ടിക്കൊണ്ടുപോയ കെ.ഇ.കൃഷ്ണന് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അത്തരത്തില്‍പ്പെടുന്നു. മൂവാറ്റുപുഴയ്ക്കടുത്ത് ചെറുവട്ടൂര്ക്കാരനായിരുന്നു അദ്ദേഹം. പഠനം കഴിഞ്ഞ് റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി അദ്ദേഹം സെക്കന്തരാബാദില്‍ പോയി. പിന്നീട് കുറേക്കാലം എഴുത്തുകുത്തുകള്‍ നടന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായില്ല. ആദ്യമായി പങ്കെടുത്തിരുന്ന തിരുവനന്തപുരത്തെ പട്ടം ശാഖയിലെ മുഖ്യ ശിക്ഷകായിരുന്ന ജി. കൃഷ്ണമൂര്‍ത്തിയെ കാല് നൂറ്റാണ്ടിനുശേഷം ബന്ധപ്പെടാന്‍ കഴിഞ്ഞു. അതിമനോഹരമായി പാടുമായിരുന്ന അദ്ദേഹത്തില്‍ നിന്ന് ഗാനങ്ങള്‍ കടലാസ് നോക്കാതെ ചൊല്ലാനുള്ള പ്രചോദനം ലഭിച്ചു. ഫാസിറ്റ് ഇന്ത്യാ എന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനായി കൊല്‍ക്കത്തയിലും പിന്നീട് ചെന്നൈയിലും ജോലി ചെയ്തിരുന്ന കൃഷ്ണമൂര്‍ത്തിയെ ജന്മഭൂമി തുടങ്ങാനുള്ള ചുമതല ലഭിച്ച വിവരം അറിയിച്ചപ്പോള്‍ അയച്ച മറുപടി കത്ത് ഹൃദയസ്പര്‍ശിയായിരുന്നു. മാത്രമല്ല ഷെയര്‍ എടുക്കാനുള്ള ഫോം ആവശ്യപ്പെടുകയും എടുക്കുകയും ചെയ്തു. എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ച ജന്മഭൂമിയുടെ ആദ്യ ലക്കം തപാലില്‍ അയച്ചു കൊടുത്തതിനും ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു.
ഇങ്ങനെ നോക്കുമ്പോള്‍ ഈ ഹൈന്ദവ ജാഗരണത്തിനും നവോത്ഥാനത്തിനും തങ്ങളുടെ പങ്ക് നിര്‍വഹിച്ച് എവിടെയോ വിസ്മൃതരായ അനേകം പേരുണ്ടാകാം. ഗാനങ്ങളുണ്ട് എന്നും വ്യക്തമാണ്. അതുപോലെ സംഘത്തെ പരിചയപ്പെടുത്തുന്ന ആദ്യകാല സാഹിത്യം എന്തായിരുന്നു? 1948-49 കാലത്ത് സംഘത്തെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ പത്രങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ആര്‍എസ്എസ് എന്ത് എന്തിന്? എന്ന പേരില്‍ കൊച്ചിയില്‍നിന്ന് പ്രതാപ് പ്രസിദ്ധീകരണത്തിന്റെ ഒരു ലഘുലേഖ കണ്ടിട്ടുണ്ട്. പി.വി.കെ. നെടുങ്ങാടിയാണ് അതിന്റെ കര്‍ത്താവ്. മാധവജിയും നെടുങ്ങാടിയും തമ്മിലുണ്ടായിരുന്ന അടുപ്പത്തില്നിന്നാണതിന് പ്രചോദനമുണ്ടായതെന്ന് നെടുങ്ങാടി പറഞ്ഞതോര്‍ക്കുന്നു. ശബരിമല തീവെപ്പു കഴിഞ്ഞപ്പോള്‍ രാമസിംഹന് മുതല്‍ ശബരിമല വരെ എന്നൊരു ലഘുലേഖയും നെടുങ്ങാടി പ്രസിദ്ധീകരിച്ചിരുന്നു.
അനുസ്യൂതമായി ഏഴുപതിറ്റാണ്ടുകള്‍ സംഘപഥത്തില്‍ മുന്നേറിയവരില്നിന്നും ലഭിക്കാവുന്ന വിവരങ്ങള്‍ സംഭരിക്കാന്‍ ഇപ്പോള്‍ തന്നെ വൈകിയെന്നാണ് കാ.ഭാ.സുരേന്ദ്രന് വിളിച്ചതില്‍നിന്നും തോന്നിയത്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: