പെരുമ്പാവൂര്‍: ആലാട്ട് ചിറയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായിരുന്നു. 50 വയസ് പിന്നിടുന്ന സ്കൂളിന്റെ മുറ്റത്ത് ആദ്യബാച്ചിലെ 59 പേരാണ് ഒത്തുചേര്‍ന്നത്.
നിത്യവും പരസ്പരം കാണുന്നവരായിരുന്നെങ്കിലും അറിവിന്റെ അക്ഷരമുറ്റത്തെ പഴയ ചക്കരമാവിന്റെ ചുവട്ടിലെത്തിയപ്പോള്‍ ഇവര്‍ മറ്റൊരു ലോകത്തായി.
ആലാട്ടുചിറ സെന്റ്മേരീസ് എല്‍പി സ്കൂളായിരുന്നു സംഗമവേദി. സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഇവിടെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്കൂള്‍ മാനേജര്‍മാരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ആദരിച്ചു. മക്കളോടും കൊച്ചുമക്കളോടുമൊപ്പമാണ് പലരും എത്തിച്ചേര്‍ന്നത്. വിശേഷങ്ങള്‍ പങ്കുവച്ചും പലഹാരങ്ങള്‍ കഴിച്ചും ഇവര്‍ ഓര്‍മ്മകള്‍ പുതുക്കി.
സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. മാത്യൂസ് മോര് അഫ്രേം മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി.തങ്കച്ചന്, സാജുപോള്‍ എംഎല്‍എ, ബാബു ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ.പൗലോസ്, സ്കൂള്‍ മാനേജര്‍ ഫാ. എല്‍ദോ തുരുത്തേല്‍, കണ്‍വീനര്‍ എം.പി.പ്രകാശ്, ടി.ഐ.ചന്ദ്രന് ഹെഡ്മിസ്ട്രസ് ജിബി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: