കൊച്ചി: ഓണക്കാലത്ത് വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഗുണനിലവാരമുള്ള അരി റേഷന്കടകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ വികസന സമിതി യോഗം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. എഫ്.സി.ഐ ഗോഡൗണുകളില്‍ ഇതിനകം എത്തിയിട്ടുള്ള അരി റേഷന്‍ മൊത്ത വ്യാപാര ഗോഡൗണുകളിലേക്കുള്ള യാത്രക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത തടയണമെന്നും യോഗം ആവശ്യപ്പെട്ടു.
എഫ്.സി.ഐ ഗോഡൗണില്‍ നിന്നുള്ള രണ്ട് ലോഡ് ഗോതമ്പ് ഏലൂരില്‍ പോലീസ് പിടിച്ചെടുത്ത സംഭവം ചൂണ്ടിക്കാട്ടി എം.പി. ശിവദത്തനാണ് വിഷയം ജില്ല വികസന സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അരി ലോറികളില്‍ പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ലോറികളുടെ യാത്ര നിരീക്ഷിക്കുന്നതിന് ജി.പി.എസ് സംവിധാനം പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ കടകളില്‍ ഓരോ മാസവും വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ ഏത് ഇനത്തില്‍ പെട്ടവയാണെന്ന് മുന്‍കൂറായി പ്രസിദ്ധപ്പെടുത്താന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. ഏലൂരില്‍ ഗോതമ്പ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഗോഡൗണുകളിലും മില്ലുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡുകളും രംഗത്തുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ നീക്കത്തിനിടയിലുണ്ടാകുന്ന ക്രമക്കേട് തടയാന്‍ ജനപ്രതിനിധികളുടെ സഹകരണവും കളക്ടര്‍ അഭ്യര്‍ഥിച്ചു.
മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്ത അരിയുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയര്‍ന്നതായി ജോസഫ് വാഴയ്ക്കന് എം.എല്‍.എ പറഞ്ഞു. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കുള്ള റേഷന്‍ ലഭ്യത ഉറപ്പു വരുത്തണം. റേഷന്‍ ധാന്യങ്ങളുടെ നീക്കത്തില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്കെതിരെ അവശ്യവസ്തു നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് ജീവനക്കാരുടെ യൂണിഫോമും നെയിംബോര്‍ഡും പെര്‍മിറ്റ് നിബന്ധനകളുടെ ഭാഗമാക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് ആര്.ടി.ഒ ബി.ജെ. ആന്റണി അറിയിച്ചു. സ്വകാര്യ ബസുകളിലും കെ.എസ്.ആര്.ടി.സി ബസുകളിലും സ്ത്രീകള്‍ക്കായി അനുവദിച്ചിട്ടുള്ള സീറ്റുകള്‍ക്ക് ഏകോപിത രൂപം കൈവരുത്തും. സ്ത്രീ സീറ്റുകള്‍ കയ്യടക്കുന്നവര്ക്കുള്ള പിഴ 500 രൂപയായി വര്‍ധിപ്പിക്കണമെന്ന ജില്ല വികസന സമിതി യോഗത്തിന്റെ നിര്‍ദേശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ആര്.ടി.ഒ പറഞ്ഞു.
കാക്കനാട് – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസുകളുടെ രാവിലത്തെയും വൈകിട്ടത്തെയും ട്രിപ്പുകള്‍ തിരുവാണിയൂര്‍ വഴിയാക്കണമെന്ന നിര്‍ദേശവും പരിഗണിക്കുമെന്ന് ഡി.ടി.ഒ അറിയിച്ചു.
പ്ലാന്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച് വകുപ്പുകള്‍ നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും ജില്ല വികസന സമിതി യോഗത്തില്‍ അവതരിപ്പിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാകും. ഫണ്ട് വിനിയോഗത്തിന് മൂന്നു മാസം തിരിച്ച് ലക്ഷ്യം നിശ്ചയിക്കണം. മാര്‍ച്ച് 31ന് ഫണ്ട് വിനിയോഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നെട്ടോട്ടം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കിഴക്കന്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ പരിഗണിക്കുന്നില്ലെന്ന പരാതിയും ജോസഫ് വാഴയ്ക്കന് സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി. ആര്‍ക്കിടെക്ടും ഡി.ടി.പി.സി സെക്രട്ടറിയും അടങ്ങുന്ന സംഘം ഈ മേഖല സന്ദര്‍ശിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: