തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തുന്ന കൂട്ടുകാരെ കളിക്കളത്തിലെ രസതന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്ത് ട്രാക്കിലിറിക്കാന് ‘അമ്മു’ എത്തുന്നു. സ്കൂള്‍ വിട്ടാല്‍ പന്തുകളിക്കാനോടുന്ന കുട്ടികള്‍ക്കു പുറകെ വടിയെടുത്തോടുന്ന അമ്മമാര്‍ക്ക് അല്പം ഉപദേശം നല്‍കാനും അമ്മു റെഡിയാണ്. 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യമുദ്രയായ ‘അമ്മു വേഴാമ്പലാണ്’ കൊച്ചു കൂട്ടുകാരെ കളിക്കളത്തിലേക്കു കൊണ്ടുവരാനുള്ള തയാറെടുപ്പുകളുമായി കാക്കിക്കുള്ളിലെ കലാകാരന്മാരോടൊപ്പം കൂട്ടുകൂടിയിരിക്കുന്നത്. കളിയിലെ കാര്യം കൂട്ടുകാര്‍ക്കു പകര്‍ന്നു നല്കാന് അമ്മുവും കേരള പോലീസിലെ കലാകാരന്മാരുമെത്തുകയാണ്.
ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി സംഘാടക സമിതി അണിയിച്ചൊരുക്കുന്ന കളിക്കുന്ന കുട്ടികള്‍ക്കായി ‘ഭാരതം കാത്തിരിക്കുന്നു’ എന്ന നാടകത്തിലൂടെയാണ് അമ്മു സ്കൂള്‍ കുട്ടികള്‍ക്കു മുന്നിലെത്തുന്നത്. നാടകത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പൂര്‍ത്തിയായി. രണ്ടു കളിക്കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന നാടകം കുട്ടികള്‍ പഠനത്തോടൊപ്പം കായിക പരിശീലനത്തിലും ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയെയാണ് ആവിഷ്കരിക്കുന്നത്. അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള നാടകം ജീവിതശൈലീ രോഗങ്ങളെ അകറ്റുന്നതില്‍ കായിക വിനോദങ്ങളുടെ പ്രധാന്യത്തെ കുറിച്ചുള്ള സന്ദേശം നല്‍കിക്കൊണ്ടാണ് അവസാനിക്കുന്നത്.
മോനു, സണ്ണി എന്നീ കൂട്ടുകാരുടെ ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങള്‍ അവിഷ്കരിക്കപ്പെടുന്ന രംഗങ്ങള്‍ക്കിടയില്‍ കാണികളുമായി സംവദിക്കാനും സല്ലപിക്കാനും അമ്മു വേഴാമ്പല്‍ എത്തുന്ന തരത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. ദേശീയ ഗെയിംസ് നടക്കുന്ന ഏഴു ജില്ലകളിലെ തെരഞ്ഞെടുത്ത സ്കൂളുകളിലാകും നാടകം അരങ്ങേറുക.
കേരള പോലീസ് സേനാംഗങ്ങളായ ചന്ദ്രകുമാര്‍, രാജശേഖരന്, പ്രസാദ്, സന്തോഷ്, അഗേഷ്ദാസ്, സുധര്‍മന്‍ എന്നിവരാണ് അരങ്ങിലെത്തുന്നത്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ ആശയത്തെ മുന്‍നിര്‍ത്തി അനില്‍ കാരേറ്റാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്നലെ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടന്ന ഡ്രസ് റിഹേഴ്സല്‍ കാണാന്‍ ജേക്കബ്പുന്നൂസും എത്തിയിരുന്നു. റിഹേഴ്സലിനു ശേഷം നാടകത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും ആശയങ്ങളും അദ്ദേഹം സംവിധായകനുമായി പങ്കുവച്ചു.
നാടകത്തിന്റെ അവസാനഘട്ട റിഹേഴ്സല്‍ കഴിഞ്ഞ് ഇന്നലെ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ട സദസിനും മാധ്യമങ്ങള്‍ക്ക് മുന്നിലും നാടകം അവതരിപ്പിച്ചു. തലസ്ഥാന ജില്ലയിലെ 12 സ്കൂള്‍ ഉള്‍പ്പെടെ ദേശീയ ഗെയിംസ് നടത്തുന്ന ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 165 സ്കൂളുകളിലാണ് 35-മത് നാഷണല്‍ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം പൊലീസ് നാടകം അവതരിപ്പിക്കുന്നത്. നാടകത്തിന്റെ ഔദ്യോഗികമായ പ്രയാണം ഗാന്ധിപാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യം കണ്ണൂര്‍ ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ക്ക് മുന്നിലാണ് നാടകം അവതരിപ്പിക്കുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: