കേരളഗാന്ധി എന്ന അപരാഭിധാനത്താല്‍ ആദരിക്കപ്പെട്ടു പോരുന്ന കേളപ്പജിയുടെ 125 ാം ജന്മദിനമാണ് സപ്തംബര്‍ 2. ഇന്ത്യക്ക് എങ്ങനെയായിരുന്നോ ഗാന്ധിജി അങ്ങനെയായിരുന്നു കേരളത്തിന് കേളപ്പന്. ആദര്‍ശ പ്രേമിയോ ആദര്‍ശവാദിയോ വെറും ആദര്ശശാലിയോ മാത്രമല്ല തികഞ്ഞ ആദര്‍ശധീരനായിരുന്നു അദ്ദേഹം.
കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ പഠ്യേതര വിഷയങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇടപെട്ട് മിടുക്ക് തെളിയിച്ച കേളപ്പന് ഭാരതത്തെ മാതൃഭൂമിയായി സ്വീകരിച്ച ആനിബസന്റിന്റെ കര്‍മ്മമണ്ഡലവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ബ്രഹ്മവിദ്യാസംഘത്തിന്റെ പ്രവര്ത്തനപരിപാടികള് കേളപ്പന്റെ ജന്മവാസനകളുടെ വികാസവീഥികളായി തീര്‍ന്നു. ജാതിമതാതീതമായ ഏകമാനവികതയുടെ പ്രബോധനങ്ങളും, ദീനരെയും പതിതരേയും സേവിക്കാനുള്ള ഉന്നത മനോഭാവവും അവിടെ നിന്നാണ് കേളപ്പനില്‍ നാമ്പിടുന്നത.് മതം മുനഷ്യ സേവനത്തിനുള്ള ഉപാധി എന്ന ചിന്തയിലേക്ക് കേളപ്പന് ഉയരുന്നത് ആ ബന്ധത്തിലുടെയാണ്. കോളേജിലെ അന്നത്തെ സോഷ്യല്‍സര്‍വ്വീസ് ലീഗ് നിരുപാധികവും നിസ്വാര്‍ത്ഥവുമായി സാമൂഹ്യസേവനം നടത്തുന്ന ഒരു കര്‍മ്മയോഗിക്കുള്ള പരിശീലനക്കളരിയായി ആ വിദ്യാര്‍ത്ഥിക്ക് അനുഭവപ്പെട്ടു.
28 – ാം വയസ്സില്‍, വക്കീലാകാനുള്ള പഠനത്തിനായി ബോംബെയിലേക്ക് പോയ കേളപ്പന് പഠനം നിര്‍ത്തി പൊന്നാനിയിലെത്തി വീണ്ടും അദ്ധ്യാപകനായെങ്കിലും മൂന്നാം കൊല്ലം വീണ്ടും ബോംബെയിലേക്ക് തിരിച്ചു. മടങ്ങിവന്നത് അടിയുറച്ച ഒരു കോണ്‍ഗ്രസ്സുകാരനായിട്ടാണ്. റൗലറ്റ് നിയമത്തിനെതിരായിട്ടുള്ള സ്വാതന്ത്ര്യദാഹികളുടെ പ്രതിഷേധം ഇന്ത്യയിലെങ്ങും അലയടിച്ച സംഭവമാണ് കേളപ്പനെ സ്ഫുടം ചെയ്യുന്നത്. ചൗപ്പാത്തി കടപ്പുറത്തെ പരസഹസ്രങ്ങളുടെ പ്രതിഷേധസംഗമം ആ യുവധീരനെ സ്വാതന്ത്ര്യസംഗരത്തിന്റെ പടച്ചട്ടയണിയിച്ചു.
കേരളത്തിലെ നിസ്സഹകരണ പ്രസ്ഥാനം ചരിത്രത്തില്‍ ഇടം പിടിക്കും മട്ടില്‍ ബ്രിട്ടീഷ് നിയമം ലംഘിച്ചുകൊണ്ട് അഭിമാനബോധമുള്ളവര്‍ അടിമത്തത്തെ ചെറുക്കുന്ന അന്തരീക്ഷം നാടെങ്ങും ഉയര്‍ന്നു. അതായിരുന്നു തന്റെ വക്കീല്‍ പഠനം നിര്‍ത്താന്‍ കേളപ്പനെ പ്രേരിപ്പിച്ച സംഗതി.
മകന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്ന അച്ഛന്റെ ആശയേക്കാള്‍ നാടിന്റെ ആഹ്വാനം, പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്ന മഹാവാക്യം ആ മനസ്സില്‍ ആന്ദോളനം സൃഷ്ടിച്ചു. ആ വീരപുത്രന് അച്ഛനെഴുതി ? മനുഷ്യ ജീവിതം ഉത്കൃഷ്ടമാക്കേണ്ടത് സാധുക്കളെ പരിചരിച്ച് മനസിന് ബുദ്ധിയും ശുദ്ധിയും പക്വതയും വരുത്തിയിട്ടാണ്. കോടതിയിലും നിയമത്തിലും സമാധാനബുദ്ധിയോ, സഹോദരഭാവമോ ഇല്ല . വക്കീല്‍പരീക്ഷ പാസ്സാകണമെന്ന് വിചാരിച്ചാലും പാസ്സായിട്ടെന്ത് കാര്യം എന്നാണ് എന്റെതോന്നല്‍ ?? (കണാരന്നായരുടെ മരണത്തിന് ആ പുത്രശോകം കാരണമായെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.)
കോഴിക്കോട് എത്തി കര്‍മ്മോത്സുകനായ കേളപ്പന് നേരെ ചെന്നത് പാര്‍ട്ടി ഓഫീസിലേക്കാണ്. പൊന്നാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ തന്നെ അനുവദിക്കണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
പൊന്നാനി നിറഞ്ഞു നിന്ന ആ കോണ്ഗ്രസ്സുകാരന് ഖിലാഫത്ത് പ്രക്ഷോഭത്തിന് ശക്തികൂട്ടാനുള്ള വലിയൊരു രാസത്വരകമായി പൊടുന്നനെ മാറി. സമരനേതാവിന്റെ കരുത്തറിഞ്ഞ ബ്രീട്ടീഷധികാരികള് കേളപ്പനെയും സഹപ്രവര്ത്തകന് ബാലകൃഷ്ണമേനോനെയും അറസ്റ്റു ചെയ്തു. ഒരു മാസം കണ്ണൂര്‍ ജയിലില്‍ അടച്ചു. ആദ്യത്തെ ജയില്‍ ശിക്ഷ.
കോണ്ഗ്രസ്സുകാരുടേതുപോലുള്ള അഹിംസാത്മകചെറുത്ത് നില്‍പ്പ് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതിരുന്ന ചില മുസ്ലീം ഖിലാഫത്തുകാര് പോലീസിന് തലവേദനയായി. അതോടെ അവര്‍ നിരപരാധികളേയും വേട്ടയാടി. തത്ഫലമായി ഉണ്ടായ സംഘര്‍ഷത്തില്‍ നിന്ന് സംഭവിക്കുമായിരുന്ന ഭരണഭീകരതയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും പൊന്നാനിയെ രക്ഷിച്ചത് ആ സഹനസമരനായകനായിരുന്നു.
പൊന്നാനി ലഹളകാലത്ത് പോലീസ് സ്റ്റേഷന് അക്രമിക്കാന്‍ മാരകായുധങ്ങളും തീപ്പന്തങ്ങളുമായി അട്ടഹസിച്ച് ആര്‍ത്തുവിളിച്ചു നീങ്ങിയ ?മുസ്ലീംപട്ടാളത്തെ ?? ആത്മവീര്യവും ദൈവാധീനവും കൊണ്ട് തടഞ്ഞുനിര്‍ത്തി സമാധാനം സ്ഥാപിച്ചെടുത്ത ആ സംഭവത്തോടെ കേളപ്പന്റെ നേതൃമഹിമയും ശാന്തിദൗത്യവും അഭിനന്ദനങ്ങളിലൂടെ, അപദാനങ്ങളിലൂടെ പൊന്നാനിക്കരയിലും കേരളം മുഴുവനും വ്യാപിച്ചു. ആ പടയോട്ടത്തിലെ വിവേകശാലികളും, പ്രത്യേകിച്ചും സമാധാനകാംക്ഷിയുമായി വന്ന ഇമ്പിച്ചിക്കോയ തങ്ങളുമൊക്കെ ഓര്‍മ്മിക്കപ്പെടേണ്ട സുമനസ്സുകള്തന്നെ.
എന്നാല്‍, പൊന്നാനി പോലീസ് സ്റ്റേഷനേയും ചിലപ്പോള്‍ അവിടുത്തെ പോലീസുകാരേയും ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തിയ കേളപ്പനും സഹപ്രവര്‍ത്തകര്‍ക്കും ബ്രിട്ടന്റെ ക്രൂരമായ ചതിക്ക് വിധേയരാകേണ്ടി വന്നു. കെ. കേളപ്പന്, ബാലകൃഷ്ണമേനോന്, രാമന്മേനോന് എന്നിവരെ ലഹളയുടെ പ്രേരകരും ആസൂത്രകരും എന്ന കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. 90 പേര്‍ക്ക് 11 മാസത്തെ ജയില്‍ ശിക്ഷ. കാലാവധിക്കുള്ളില്‍ ചിലര്‍ മരണപ്പെടുകയും ചെയ്തു.
കേളപ്പന്റെ പ്രകാശപൂര്ണ്ണിമയുടെ മുഖ്യനിദാനമായ മാതൃഭൂമിപത്രവുമായുമായുള്ള ഗാഢബന്ധത്തിന്റെ കാലമാണിനി- തിളച്ചു മറിയുന്ന സമരസംഘര്ഷങ്ങളുടേയും. 37 ല്‍ തന്റെ വിശ്വസ്ത സഖാവും സഹപ്രവര്‍ത്തകനുമായ, പ്രബുദ്ധനും പ്രഗത്ഭനുമായ കെ. എ ദാമോദരമേനോന്റെ കൈയില്‍ പത്രാധിപത്യപദവി ഏല്പ്പിച്ചുകൊടുക്കുന്നതുവരെ, നീണ്ട 14 വര്‍ഷം കേളപ്പന് മാതൃഭൂമിയിലും മാതൃഭൂമി കേളപ്പനിലും നിറഞ്ഞു നിന്നു. ദുര്‍മാര്‍ഗ്ഗിയും ധനാഢ്യനുമായ ഒരാളെ അയാളുടെ അധാര്‍മ്മികത നിമിത്തം , കുറുവടിയും തെരണ്ടിവാലും കൊണ്ട് അടിക്കണമെന്ന് വരെ കേളപ്പന് നിര്‍ദ്ദേശിച്ചിട്ടുണ്ടത്രെ! ( അഹിംസാപരമോധര്മ്മ എന്നതിന്റെ കൂടെ ധര്മ്മഹിംസാ തഥൈവച എന്നുകൂടി ചേര്‍ത്തു വായിക്കണമെന്നര്ത്ഥം)
ഹിന്ദുവിന്റെ ഉദ്ഗ്രഥനത്തിന് വിഘാതവും അധഃപതനത്തിന് നിദാനവുമായ ജാതിചിന്തയെ ഉന്മൂലനം ചെയ്യുവാനും കേളപ്പന് തുനിഞ്ഞത് ഗാന്ധിശിഷ്യനായതുകൊണ്ടു തന്നെ. 1924 മാര്ച്ചില്തുടങ്ങി 20 മാസം നീണ്ടുനിന്ന് വിജയകരമായി പര്യവസാനിച്ച വൈക്കം സത്യഗ്രഹത്തിലും , 37 ല്‍ ഒക്ടോബര്‍ 31 ന് തുടങ്ങി അടുത്ത ഒക്ടോബറില്‍ വിജയകരമായി തന്നെ – ഗാന്ധിജി ഇടപെട്ടതിനാല്‍ – നിര്‍ത്തിവെച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിലും മഹാത്മജിയുടെ ഐത്തോച്ചാടനമെന്ന മഹായജ്ഞത്തിന്റെ സാഫല്യമുദ്രകള് കേളപ്പനിലൂടെ തന്നെയാണ് കേരളത്തിന് ലഭ്യമാകുന്നത്. സമോഹം സര്‍വ്വഭൂതേഷു എന്ന് പറഞ്ഞ ഭഗവാന് കൃഷ്ണന്റെ മുമ്പില്‍ വരുന്നതില്‍നിന്നും അവര്‍ണരെ തടഞ്ഞ ധാര്ത്തരാഷ്ട്രഭാവം അവസാനിപ്പിക്കുന്നതില്‍ ഗുരുവായൂരപ്പന് സഹായിക്കുമെന്നുതന്നെയായിരുന്നു കേളപ്പന്റെ ദൃഢവിശ്വാസം. സത്യഗ്രഹത്തില്‍ ഗാന്ധിജി ഇടപ്പെട്ടതും തന്റെ ആയുരാരോഗ്യവിഷയങ്ങളില് അദ്ദേഹം ആശങ്കപ്പെട്ടതും കേളപ്പന് കിട്ടിയ വലിയൊരു അംഗീകാരം തന്നെയായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ ഇടംവലം നിന്ന് പൊരുതിയ മറ്റ് രണ്ട് സത്യാഗ്രഹ ധീരരായിരുന്നു എ കെ ജിയും കൃഷ്ണപിള്ളയും സത്യഗ്രഹം നിര്‍ത്തിവെക്കാന്‍ ഗാന്ധിജി പ്രയോഗിച്ച വാചകം, ? ഇന്ത്യയുടെ ഈ ഉല്‍കൃഷ്ടനായ ഈ നിശബ്ദ സേവകനെ മരിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്നായിരുന്നു. അത് കേരളക്കരയിലെ മുഴുവന്‍ സ്വതന്ത്ര്യസമരസേനാനികള്ക്കും ആവേശമായിതീര്ന്നു.
ഹരിജനോദ്ധാരണത്തിനായി അദ്ദേഹം വിനിയോഗിച്ച ആരോഗ്യവും അവസരങ്ങളും ഒട്ടേറെ സംഭവങ്ങളും, സ്ഥാപനങ്ങളുമായി ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നു. ഹരിജന്കുട്ടികള്ക്ക് പഠിക്കാനും വേണ്ട പരിലാളനം ലഭിക്കാനുമായാണ് പാക്കനാര്‍ പുരത്തും പവൂര്കുന്നിലുമുണ്ടാക്കിയ വിദ്യാലയങ്ങള്‍. കല്ല്യാശ്ശേരിയിലെ ഒരു സ്കൂളില്‍ പഠിക്കാന്‍ വന്ന ഏതാനും പുലയകുട്ടികളെ ചില യാഥാസ്ഥിക തിയ്യന്മാര് കൈകാര്യം ചെയ്തപ്പോള്‍ കേളപ്പനിടപെട്ടതും കുട്ടികളുടെ യാത്രാവഴി തടയപ്പെട്ടപ്പോള്‍ പ്രശ്നം പരിഹരിച്ച് കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നതും മറക്കാനിടയില്ലാത്ത സംഭവമാണ്.
ഹരിജന്‍ കുട്ടികളുടെ പഠനത്തിനും. ജീവിതപരിശീലനത്തിനും വേണ്ടിയാണ് പാക്കനാര്‍പുരം വിദ്യാലയവും പാവുര്കുന്നിലെ ഇന്നത്തെ ഗോഖലെ സ്കൂളും ഉണ്ടായത്. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്തുള്ള നല്ലമ്പര്കുന്നിന് അന്ന് കേളപ്പന് കൊടുത്ത പേരാണ് പാക്കനാര്‍പുരം. വിദ്യഅഭ്യസിക്കല് അടിസ്ഥാന വിദ്യാഭ്യാസരീതിയില്‍. അധ്വാനിക്കുക, ആഹരിക്കുക, അറിവു നേടുക, ജീവിതം പരിശീലിക്കുക. പ്രാര്‍ത്ഥിക്കുകയും പഠിക്കുകയും ഒക്കെ സംഘമായി – സമൂഹമായി. ഒരുപാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സംഗമിക്കാനൊരിടം കൂടിയായിരുന്നു അത്. മലബാറിലെ വാര്ദ്ധയെന്നു പേരുവന്നു.
ഇനിയും വിളിക്കാം – മലബാറിലെ ശാന്തിനികേതനം. അറിയപ്പെടുന്ന പേര് ഇരിങ്ങത്ത് ഗാന്ധിസദനം. അവശനിലയില്‍ അസ്തമിച്ചു തീരാറായ ഒരു സ്മൃതിമണ്ഡപം. കൈകാര്യകര്‍തൃത്വം ഇന്ന് അഖിലേന്ത്യാഹരിജനസേവക്സംഘത്തിന്. ഇപ്പോള്‍ നാട്ടുകാരുള്‍പ്പെടുന്ന ഒരു കമ്മിറ്റി നോക്കി നടത്തുന്നു. അതുകൊണ്ട് ആ മുറ്റത്ത് കേളപ്പജിയുടെ ഒരു ലോഹ പ്രതിമയുണ്ട്.
മൂടാടിയിലെ പവൂര്കുന്നിലെ ഗോഖലെ സ്കൂള്‍ ഇന്ന് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഹരിജന്‍ ബന്ധുവായ ദേവദാറിന്റെ സ്മാരകസംഘത്തിനാണ് അതിന്റെ നടത്തിപ്പ്. വള്ളത്തോള്‍ ആയിരുന്നു ഉദ്ഘാടകന്‍. ഐത്തോച്ചാടന സത്യഗ്രഹത്തിന്റെ മറ്റൊരു പ്രത്യക്ഷസാക്ഷ്യമാണ് പാലക്കാട് ജില്ലയിലെ ശബര്യാശ്രമം.
ജാതിമതവംശംകുടുംബ സംഘര്‍ഷങ്ങളില്‍ ഓടിയെത്താറുള്ള കേളപ്പന് ഗാന്ധിയുടെ സമാധാന ദൗത്വത്തിന്റെ ഒരു കേരളപ്പതിപ്പാണ്. അസത്യത്തിനും അഴിമതിക്കുമെതിരെ അധികാരത്തിനകത്തും ( ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായപ്പോഴും , പാര്ലമെന്റംഗമായപ്പോഴും ) അധികാരത്തിന് പുറത്തും ( അധ്യാപക വിദ്യാര്‍ത്ഥികളുടെ സമരവും, കേരളത്തിലെ മദ്യവിരുദ്ധ സമരങ്ങളും) കേളപ്പജിയുടെ സത്യനിഷ്ഠയും സത്യഗ്രഹനിഷ്ഠയും തെളിഞ്ഞുകാണാം.
ഉപ്പുസത്യാഗ്രഹത്തിന്റെ മുഖ്യ സാരഥിയാകയാലാണ് കേളപ്പന് കേരള ഗാന്ധിയായതെന്ന് ചിലര്‍ പറയും. അതുമാത്രമല്ല. ഗാന്ധിജി കണ്ടുവെച്ച കേരളത്തിലെ മുഖ്യസത്യാഗ്രഹി ഏതുരംഗത്തും കേളപ്പജി തന്നെയായിരുന്നു. .എങ്കിലും ഉപ്പുസമരം അതില്‍ ശ്രദ്ധേയമാണ്. ഏപ്രില്‍ 13 ന്റെ കോഴിക്കോടന്‍ ജാഥയില്‍ 30 പേരായിരുന്നു ഉണ്ടായിരുന്നത്. 8-ാം ദിവസം പയ്യന്നൂരെത്തി. 23 ന് സത്യഗ്രഹം. 116 സന്നദ്ധഭടന്മാര്, പോലീസക്രമമില്ലാതെ ശാന്തമായ സമരം.
എന്നാല്‍ ഗാന്ധിജിയെ അറസ്റ്റു ചെയ്തതോടെ ഇന്ത്യ പ്രക്ഷുബ്ധമാകാന്‍ തുടങ്ങി. കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോടു നടത്തിയ സത്യഗ്രഹം ഗംഭീര ലാത്തിചാര്‍ജ്ജില്‍ അവസാനിച്ചു. കേളപ്പനും സഹപ്രവര്‍ത്തകരും വെല്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. 10 മാസം ജയില്‍ വാസം.
ലോകമഹായുദ്ധത്തില്‍ ബ്രിട്ടന് ഇന്തയെ സ്വപക്ഷത്ത് ചേര്‍ക്കുന്നതില്‍ എങ്ങും അമര്‍ഷം പുകഞ്ഞു തുടങ്ങി. അതിനെതിരെ പ്രതിഷേധ സത്യഗ്രഹം തീരുമാനിക്കപ്പെട്ടു. 1940 ലെ എന്‍ സി സി യോഗതീരുമാനത്തില്‍ ബ്രിട്ടീഷുകാര്‍ കേരളത്തിലെ മുഖ്യസത്യാഗ്രഹിയായി തെരഞ്ഞെടുത്തത് കേളപ്പനെയാണ്. 9 പേരെ വേറെയും. കൊയിലാണ്ടിയില്‍ മദ്യവിരുദ്ധസമരം നടത്തിയതിന് കേളപ്പനെ അറസ്റ്റുചെയ്തു. കണ്ണൂര്‍ സെന്റര്‍ ജയിലില്‍ പാര്‍പ്പിച്ചു. ശിക്ഷ ഒരു കൊല്ലം തൃശ്ശനാപ്പള്ളി ജയിലിലും. ജയില്‍ വാസത്തിനിടക്കാണ് തത്വചിന്തകളും ഉപനിഷത്തുകളും സ്വാധീനിക്കുന്നത്. തലശ്ശേരിയില്‍ സമരം മൂര്ച്ഛിച്ചകാലം തലശ്ശേരി മട്ടന്നൂര്‍ വെടിവെയ്പ്പില്‍ രണ്ടുപേര്‍ രക്തസാക്ഷികളായി. കുപ്രസിദ്ധമര്ദ്ദക വീരന് പോലീസ് അധികാരി കുട്ടികൃഷ്ണന് നായര്‍ കൊല്ലപ്പെട്ട കേസില്‍ കെ. പി ആറിന് വധശിക്ഷ. ( ഗാന്ധിജി ഇടപെട്ട് കെ. പി. ആറിനെ ശിക്ഷാമുക്തനാക്കിയതില് കേളപ്പന്റെ പങ്ക് വളരേയേറെ)
ജര്‍മ്മനി റഷ്യയെ ആക്രമിച്ചതോടെ ബ്രിട്ടന് റഷ്യയെ സഹായിക്കാനുള്ള ചിന്തയിലായി. അതുകൊണ്ട് ബ്രിട്ടനെ നോവിക്കരുതെന്ന മനസായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാര്‍ക്ക്. അതോടെ കമ്മ്യൂണിസ്റ്റ്കാരിലൂടെ കോണ്‍ഗ്രസ്സ് സോഷ്യലിസറ്റ് പാര്‍ട്ടി പിടിമുറിക്കിയിരുന്ന കെ പി സി സിയെ മാറ്റി നിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ്സ് പുതിയ നേതൃത്വമുണ്ടാക്കി . അപ്പോഴേക്കും മൂന്ന് കൊല്ലം മുമ്പ് പിറവിയെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശരിക്കും രംഗത്തുവരികയും ചെയ്തു.
ബ്രിട്ടന് ഇന്ത്യവിടുക എന്ന മുദ്രാവാക്യനിര്ഘോഷങ്ങള് ആ സേതുഹിമാചലം വരെ പ്രതിധ്വനിച്ചു. രാജ്യമാകെ സമരസംഘര്ഷങ്ങള്. പട്ടാളവും പോലീസും സമരാനുകൂലികളെ ഞെട്ടിച്ചു. അരിച്ചു പെറുക്കി നേതാക്കളെ കിട്ടുന്നിടത്തുവെച്ച് അറസ്റ്റുചെയ്തു. കേരളത്തിലും സ്ഥിതിക്കുമാറ്റമില്ല. കേളപ്പന്, മാധവമേനോന്, ദാമോദരമേനോന്‍, കുട്ടിമാളു അമ്മ, മൊയ്തുമൗലവി, പി. കെ മൊയ്തിന്‍കുട്ടി, സി കെ ജി തുടങ്ങി അനേകം നേതാക്കളും പ്രവര്‍ത്തകരും വെല്ലൂര്‍ ജയിലില്‍. ആഗസ്ത് 9 ന് തന്നെയാണ് കേളപ്പന് കസ്റ്റഡിയിലായത്. മകനും മരുമകനും ജേഷ്ഠനുള്പ്പെടുന്ന കുടുബാംഗങ്ങളും സമരത്തില്‍ പങ്കെടുത്ത് ലാത്തിയും ജയിലും നേരിട്ടവരാണ്.
ബ്രിട്ടന് ഇന്ത്യ വിട്ടു. കോണ്‍ഗ്രസ്സിന്റെ വീക്ഷണവ്യതിയാനവും തന്റെ ആദര്ശസ്ഥൈര്യവും പാര്‍ട്ടി ബന്ധങ്ങളിലുണ്ടാക്കിയ ഗതിഭേദങ്ങള്‍ നിമിത്തം സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ നിരയിലായിരുന്നു ആ ധീര രാഷ്ട്രീയ നായകന്റെ ഇരിപ്പിടം. കേളപ്പന്റെ കിസാന്മസ്ദൂര്പ്രജാപാര്ട്ടി (കര്‍ഷക തൊഴിലാളി ജനകീയ കക്ഷി എന്നു പറയാം) കമ്മ്യൂണിസ്റ്റുകാരുമായി കൂട്ടുകൂടി കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചു. പൊന്നാനി ജനത തങ്ങളുടെ നേതാവായി കേളപ്പനെ തന്നെ സ്വീകരിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ പാര്‍ലിമെന്റില്‍ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്റെ പ്രഥമ പ്രസംഗത്തില്‍ തന്നെ പ്രതിപക്ഷ നിരയിലെ കേളപ്പനെ കണ്ടുകൊണ്ടു നടത്തിയ ആദരപരാമര്‍ശം മാത്രംമതി ആ വീരപുരുഷന് സമസ്ത ഭാരതത്തിന്റെയും പ്രണാമവാക്യമായി.
അധികാര രാഷ്ട്രീയം ആദായരാഷ്ട്രീയത്തിന് വഴിമാറി . ആദര്‍ശ രാഷ്ട്രീയത്തിന് മുന്‍തൂക്കമുള്ള ഒരു അടിസ്ഥാന രാഷ്ട്രീയം അനിവാര്യമാണെന്ന് കേളപ്പന് നിശ്ചയിച്ചു. അതിനുള്ള വേദിയായി സര്‍വ്വോദയമണ്ഡലം തെരഞ്ഞെടുക്കുന്നതിന് മുമ്പെ ഒരു പരീക്ഷണംകൂടി നടത്തി. മാര്‍ക്സില്‍ ആകൃഷ്ടനായി ഗാന്ധിയിലെത്തിച്ചേര്ന്ന ജയപ്രകാശ്നാരായണനുമായി അല്പകാലംമുമ്പ് നടത്തിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു അത്. ജെ. പിയുടെ എസ്. പിയും, കെ. എം. പി. പിയും യോജിച്ച് പി എസ് പി ആയ കഥയാണത്. അതും സഫലമാകാതെ വന്നപ്പോളാണ് ശുദ്ധസര്വ്വോദയം നിത്യവ്രതമായി ആ ജനനായകന് സ്വീകരിക്കുന്നത്.
വായുവും വെള്ളവും മണ്ണുമാകാശവും തീയും ഹാ നിന്റെയനുഗ്രഹങ്ങള് എന്ന ദൈവസ്തുതി നടത്തുന്ന ഭക്തജനലക്ഷങ്ങളിലെ ഭൂസ്വാമികളെ നോക്കി , എന്നാല്‍ അവരുടെ ഭൂമി നിങ്ങളെന്തിന് പിടിച്ചുവെക്കുന്നു. അല്പ്പവും മണ്ണില്ലാത്ത ദൈവമക്കളായ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് കൊടുക്കരുതോ എന്ന പരോക്ഷമായ ചോദ്യമായിരുന്നു ഭൂദാന പ്രവര്‍ത്തനത്തിലെ കേളപ്പജിയുടെ മുഖ്യ പ്രസംഗങ്ങളും വിനോബാഭാവെയുടെ നേതൃത്വമുണ്ടെങ്കിലും കേളപ്പജിയുടെയും മന്മഥന്ജിയുടേയും മധുരഗംഭീരങ്ങളായ പ്രഭാഷണങ്ങളായിരുന്ന പല ഭൂവുടമകളുടേയും മനസ്സലിയിച്ചത് ആ ഭൂമിസത്യഗ്രഹത്തില്, ഇന്ത്യയില്‍ കേരളത്തിന്റെ ഭൂവിസ്തൃതി നോക്കുമ്പോള്‍ ആനുപാതികമായി ഏറെ ഭൂമി കിട്ടിയത് കേരളത്തില്‍ നിന്നാണ്.
തനിക്കും, അതിലേറെ സഹോദരിക്കുമുള്ള വലിയമലയിലെ 35 ഏക്കര്‍ ഭൂമി ദാനം ചെയ്തുകൊണ്ട് ഭൂദാനത്തിന് മാതൃക കാട്ടിയാണ് കേളപ്പന് ആ രംഗത്തും ഇറങ്ങിയത്. ആ പ്രദേശമാണ് ഇന്നത്തെ മുചുകുന്ന് കേളപ്പജി നഗര്‍. 67 ലെ ഭൂപരിഷ്ക്കരണ നിയമത്തിന് പ്രേരകവും 70 ലെ ലക്ഷംവീട് പദ്ധതിക്ക് നിദാനവും ഈ ഭൂദാന വിപ്ലവമായിരുന്നു. 71 ഏപ്രില്‍ 19 ന് പാര്‍ലമെന്റില്‍ ഇന്ദിരാഗാന്ധി നടത്തിയ, പാവങ്ങള്‍ക്ക് വീടെടുത്തു കൊടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 4 സെന്റ് ഭൂമി കേന്ദ്രം തരാം, എന്ന പ്രഖ്യാപനത്തിന്റെ പ്രചോദനവും ഈ ഭൂദാന നയം തന്നെ.
രാഷ്ട്രീയത്തില്‍ നിന്ന് മാറി സര്വ്വോദയത്തിലുറച്ചുനിന്ന കേളപ്പന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിറഫലങ്ങളാണ് സ്വാശ്രയാധിഷ്ഠിത ചര്ക്കാകേന്ദ്രങ്ങളും നെയ്തുശാലകളും ഖാദിബോര്ഡിന്റേയും ഖാദികമ്മീഷന്റേയും വിവിധ ഗ്രാമീണ തൊഴില്‍ കേന്ദ്രങ്ങളും തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടും അതിന്റെ അത്ഭുതകരമായ വികാസ പരിണാമങ്ങളും.
തിരുവിതാകൂറും കൊച്ചിയും മലബാറുമായി 3 കഷ്ണങ്ങളായി കിടന്ന മലയാളമണ്ണിനെ ശരഭൂമിയായി ഏകോപിപ്പിച്ച കേളപ്പന് ഐക്യകേരളത്തിന്റെ മുഖ്യശില്പിയാണ്.
ഹരിജനങ്ങളുടെ അഭിമാനമുയര്‍ത്തിപ്പിടിക്കാന്‍ സമരം ചെയ്യുകയും സംസാരിക്കുകയും ചെയ്തതിന് കേളപ്പനെ ചിലര്‍ പുലയന്കേളപ്പനെന്നു വിളിച്ചു. അങ്ങാടിപ്പുറം തളിക്ഷേത്രസമരത്തില്, ന്യൂനപക്ഷത്തിനുള്ള ആരാധനാസ്വാതന്ത്ര്യം ഭൂരിപക്ഷത്തിനും ലഭിക്കണമെന്ന വാദമുന്നയിച്ചപ്പോള്‍ കേളപ്പന് ചിലര്‍ക്ക് ഹിന്ദുവര്ഗീയവാദിയുമായി. ആ ന്യായത്തിനുവേണ്ടി സത്യഗ്രഹം അനുഷ്ഠിച്ചതിനാണ് 80 ാം വയസ്സിലും കേളപ്പന് അറസ്റ്റും വരിച്ചത്.
മരിക്കുന്നതിന് കൃത്യം 2 വര്‍ഷം മുമ്പ് 1969 ല്‍ മഹാത്മജിയുടെ ജന്മശതാബ്ദി ആഘോഷം ഭാരതമെങ്ങും ആസുത്രണം ചെയ്യപ്പെട്ടപ്പോള്‍ കേളപ്പജിയായിരുന്ന കേരളത്തിലെ ആഘോഷസമിതിയുടെ സാരഥി. അക്കാലത്താണ് ഇ എം എസ് മന്ത്രിസഭ നിലവിലുള്ള മദ്യനിരോധനനിയമം സസ്പെന്റ് ചെയ്തത് സര്‍ക്കാരിന്റെ ഈ നീക്കം നാടിനെ തകര്‍ക്കുമെന്ന് സര്‍വോദയമണ്ഡലം താക്കീതു നല്കി. ഇ എം എസ് പരിഗണിച്ചതേയില്ല. മദ്യനിരോധനത്തിന്റെ ആധികാരികവക്താവായ ഗാന്ധിജിയുടെ ജന്മശതാബ്ദി ആഘോഷവേളയിലെ ഗുരുതരമായ ഗാന്ധിനിന്ദയാണിതെന്ന് പറഞ്ഞുകൊണ്ടാണ്, ആഘോഷസമിതിയുടെ നേതൃത്വം കേളപ്പജി രാജിവെക്കുന്നത്.
സംശുദ്ധമായ ആന്തരിക പ്രേരണയിലൂടെ ധീ (ബുദ്ധി) അനുസരിച്ചുള്ള സല്‍ക്കര്‍മ്മങ്ങള്‍ നല്കുന്ന കൃതാര്ത്ഥതയില് രമിക്കുന്നവനാണ് – ആനന്ദിക്കുന്നവനാണ് ധീരന്. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ കര്‍മ്മങ്ങളിലൂടെ സച്ചിദാനന്ദം അനുഭവിച്ചു ആ ഗാന്ധിശിഷ്യന്. സ്വധര്‍മ്മേ നിധനംശ്രേയ, പരധര്‍മ്മോ ഭയാവഹ എന്ന് പഠിച്ച് ജീവിതത്തില്‍ പ്രയോഗിച്ച ഉത്തമ ഭാരത പൗരന്. ജ്ഞാനകര്മ്മസന്യാസയോഗത്തിന്റെ കേവലാര്‍ത്ഥം ഒരു കാലഘട്ടത്തെ പഠിപ്പിച്ച അതുല്യനായ ഗുരുനാഥന്. വാക്കും പ്രവര്‍ത്തിയും ഒന്നാകണമെന്ന ആ അദ്വൈതത്തെ സഫലമാക്കിയ സത്യവ്രതന്. പതിതജനസേവനത്തിനും വ്യക്തിയുടേയും നാടിന്റേയും പാരതന്ത്ര്യത്തിനെതിരെയും ആന്ത്യം വരെയും പടപൊരുതിയ, സ്വരാജിന്റെ അര്‍ത്ഥം തെളിയിച്ച അഹിംസാവിപ്ലവകാരി. ഇങ്ങനെ, പറയും തോറും ഏറി വരുന്ന വിശേഷണങ്ങളുടെ വിഷയമൂര്ത്തി; അതായിരുന്നു കേരളഗാന്ധി കേളപ്പജി.
ചുരുക്കത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക്, അധ്യാപകന്, അനുയായിക്ക്, നേതാവിന്, രാഷ്ട്രീയക്കാരന് – പൊതു പ്രവര്ത്തകന്, പത്രപ്രവര്ത്തകന്, പത്രസംവിധായകന്, പ്രഭാഷകന്‍, നിരൂപകന്, ഭരണാധികാരിക്ക്, ഭരണീയന് എന്നു വേണ്ട, ജീവിതത്തിന്റെ സമസ്തമേഖലയിലുമുള്ളവര്ക്ക് തങ്ങളുടെ കര്‍മ്മ മണ്ഡലത്തിലെ ധാര്‍മ്മികത അളന്നുനോക്കാനുള്ള ഒരുപകരണമാണ്- ആ ധര്മ്മമാപിനിയാണ് കേളപ്പജി. ആ അനശ്വരധന്യസ്മൃതികളുടെ മുന്നില്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കട്ടെ. ജന്മനക്ഷത്രമനുസരിച്ച് ചിങ്ങത്തിലെ പൂയ്യം നാളില്‍ ( സെപ്തംബര്‍ 2 ) കേളപ്പജിക്ക് 122 വയസ്സ് പിറക്കുന്നു.
ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ( കേരളമദ്യനിരോധനസമിതി ജന: സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: