മുംബൈ: കര്‍ണാടകയിലെ പുരാതന വാണിജ്യ നഗരമായ ഭട്കലിലെ ജനങ്ങള്‍ അവിടുത്തുകാരനായ യാസിന്റെ അറസ്റ്റോടെ ദീര്‍ഘനിശ്വാസം വിടുകയാണ്. അവര്‍ക്ക് മാധ്യമങ്ങളോട് ഒരേ ഒരു അപേക്ഷ മാത്രമേയുള്ളൂ. യാസിന് എന്ന പേരിനൊപ്പം ഭട്കല് ചേര്‍ക്കരുത് എന്നതാണ് ആ അപേക്ഷ.
ഇത് ചേര്‍ക്കുന്നത് നഗരത്തില്‍ ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കുന്നു. സമാധാനത്തെയും പുരോഗതിയെയും മാത്രം സ്നേഹിക്കുന്നതാണ് ഭട്കല് നഗരം.
എന്നാല്‍ മൂന്നുപേരെ ഭട്കല് സഹോദരന്മാര് എന്നു വിളിച്ച് മാധ്യമങ്ങള്‍ അതെല്ലാം തകര്‍ത്തു. യാസിന്, ഇഖ്ബാല്‍, റിയാസ് എന്നിവരെ ഭട്കല് സഹോദരങ്ങളെന്ന് വിശേഷിപ്പിച്ച് നഗരത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. ഇപ്പോഴിവിടുത്തെ ചെറുപ്പക്കാര്‍ക്ക് മറ്റു പ്രദേശങ്ങളില്‍ നിന്നും വധൂവരന്മാരെ കിട്ടാന്‍ ബുദ്ധിമുട്ടുകയാണെന്നും പഴയ ഭട്കല് നഗരത്തിലെ വ്യാപാരിയായ രത്നാകര്‍ പറയുന്നു.
നഗരം അറിയപ്പെട്ടിരുന്നത് ആഭരണശാല, ബിരിയാണി പിന്നെ ഭട്കലി ഐസ്ക്രീം എന്നിവയുടെ പേരിലായിരുന്നു. ഈ അറസ്റ്റില്‍ യാതൊരു വിഷമവും പ്രകടിപ്പിക്കാതെ പ്രദേശവാസികള്‍ പറയുന്നു.
മകന് അറസ്റ്റിലായതില്‍ സന്തോഷമുണ്ടെന്ന് യാസിന്റെ പിതാവ് സരാര്‍ സിദ്ധിബാപയും പറഞ്ഞു. രാജ്യത്തിനും ജനങ്ങള്‍ക്കും എതിരായ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജീവിതം കാലം മുഴുവനും അവനെ അഴിക്കുള്ളിലിടണം. മകനോട് തനിക്ക് യാതൊരു സഹതാപവും ഇല്ല. ഈ നഗരത്തിനോടും കുടുംബത്തിനോടും അവന് വിടപറഞ്ഞിട്ട് അനേകം നാളുകളായി. താനോ ഭാര്യ റെഹ്നയോ മാതൃരാജ്യത്തെക്കാളും ഇവിടുത്തെ ജനങ്ങളെക്കാളും വലുതായി മകനെ കാണുന്നില്ലെന്നും യാസിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.
മൂന്നു സഹോദരന്മാരില് ഇഖ്ബാലും റിയാസും ചില പാക്കിസ്ഥാന് കേന്ദ്രമാക്കിയുള്ള ഭീകരസംഘടനകളുമായാണ് സഹകരിക്കുന്നത്. യാസിന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രൂപീകരിക്കുകയും ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാനായി ഡെക്കാന്‍ മുജാഹിദ്ദീനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗള്‍ഫും പാക്കിസ്ഥാനും കേന്ദ്രമാക്കിയുള്ള ചില അധോലോക സംഘങ്ങളുമായും യാസിന് ബന്ധുമുണ്ടാക്കിയിരുന്നു.
ഭീകര സംഘടനകളുമായി ബന്ധപ്പെട്ടതു മുതല്‍ തങ്ങള്‍ റിയാസ്, യാസിന്, ഇഖ്ബാല്‍ എന്നിവരെ തള്ളിപ്പറഞ്ഞതായി യാസിന്റെ അമ്മാവന് യാക്കൂബ് സിദ്ധിബാപ പറഞ്ഞു. ഇഖ്ബാലും റിയാസും യാസിന്റെ മച്ചുനന്മാരാണെന്നും നേരെ സഹോദരന്മാരല്ലെന്നും മറ്റൊരു കുടുംബാംഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: