മരട്: കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം പൊട്ടിയ പൈപ്പ് ഇന്നലെ ഉച്ചയോടെ മാറ്റി സ്ഥാപിച്ചു. പൊട്ടിയ പൈപ്പ് മാറ്റി ഇതേ സ്ഥാനത്ത് അഞ്ച് മീറ്റര്‍ നീളമുള്ള പുതിയ കോണ്‍ക്രീറ്റ് പൈപ്പ് ഘടിപ്പിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് കണ്ടെത്താനായി ജെസിബി ഉപയോഗിച്ച് എടുത്ത വലിയ കുഴി മൂടിയശേഷം പരീക്ഷണാടിസ്ഥാനത്തില്‍ പമ്പിംഗ് നടത്തി. തമ്മനത്തെ പമ്പിംഗ് സ്റ്റേഷനില്‍നിന്നും വൈകിട്ട് മൂന്ന് മുതല്‍ നാലര വരെയാണ് പൈപ്പിലൂടെ കുമ്പളം ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്തത്.
ഇതോടൊപ്പം തമ്മനത്തുനിന്നും കുമ്പളങ്ങി, പശ്ചിമകൊച്ചി ഭാഗത്തേക്കുള്ള പൈപ്പിലൂടെയും ഇന്നലെ വെള്ളം പമ്പ് ചെയ്തു. അരൂര്‍ പാലത്തിന് താഴെ കായലിനടിയില്‍ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്നലെ പൂര്‍ത്തിയായിരുന്നു. കുമ്പളം ഭാഗത്തേക്കുള്ള പൈപ്പിന്റെ വാല്‍വ് അടച്ചശേഷം രാത്രിയോടെ കുമ്പളങ്ങിയിലേക്ക് പമ്പിംഗ് ആരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ പശ്ചിമകൊച്ചി ഭാഗത്തെ ജലവിതരണം സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷ.
ടോള്‍ പ്ലാസയ്ക്കു സമീപം 50 മീറ്റര്‍ നീളത്തില്‍ ഇരുമ്പ് പൈപ്പ് സ്ഥാപിക്കാന്‍ അനുമതിയായിട്ടുണ്ട്. വലിയ ലോറികളും മറ്റും കടന്നുപോകുന്നതിനാല്‍ കോണ്‍ക്രീറ്റ് പൈപ്പിന് മര്‍ദ്ദം താങ്ങാന്‍ കഴിയില്ല. ഇതുമൂലമുള്ള പൊട്ടലും ചോര്‍ച്ചയും ഒഴിവാക്കാനാണ് ലോഹപൈപ്പ് സ്ഥാപിക്കുന്നത്. ദേശീയപാതാ അധികൃതരുടെയും മറ്റും അനുമതി ലഭിച്ചാലുടന്‍ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: