കൊച്ചി: മുളവുകാട് ഗ്രാമപഞ്ചായത്തിലെ പനമ്പുകാട് അംബേദ്കര്‍ ഗ്രാമവാസികള്‍ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുതാര്യകേരളത്തില്‍ ലഭിച്ച പരാതിക്ക് മറുപടിയായി റോഡ് വികസനത്തിനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഗോശ്രീ ദ്വീപുകളുടെ വികസനത്തിനായി ജിഡ നീക്കിവച്ചിട്ടുള്ള തുക ഇതിനായി വിനിയോഗിക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ തുക സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കളക്ടറുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ദ്വീപിലെ സാഹചര്യം മുഖ്യമന്ത്രി വിശദമായി ചോദിച്ചു മനസിലാക്കി. അംബേദ്കര്‍ ഗ്രാമവാസിയായ ഭുവനേശ്വരിയാണ് പരാതിയിലൂടെ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചത്. അംബേദ്കര്‍ ഗ്രാമത്തിലേക്കുള്ള റോഡിന്റെ വീതിയില്ലായ്മയും ദുരിതാവസ്ഥയും ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി വീക്ഷിച്ചു.
കണ്ടല്‍ക്കാടുകളും ചതുപ്പും നിറഞ്ഞ പ്രദേശമായതിനാല്‍ പരിസ്ഥിതി നിയമത്തിലെ വ്യവസ്ഥകള്‍ റോഡ് നിര്‍മാണത്തിന് തടസമാണെന്ന് കളക്ടര്‍ പറഞ്ഞു. റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷിക്കുകയാണ് പോംവഴി. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 17.14 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പിനാണ് ഇതിന്റെ ചുമതല. വിവിധ പദ്ധതികള്‍ക്കായി അമ്പത് ലക്ഷം രൂപ ജിഡയില്‍ നിന്നും പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ 50 ശതമാനത്തില്‍ താഴെയായതിനാല്‍ വികസനപദ്ധതികള്‍ക്കുള്ള പ്രത്യേക ഫണ്ട് പഞ്ചായത്തിന് ലഭിക്കുന്നില്ല. പൊതുഫണ്ട് ഉപയോഗിച്ചുള്ള വികസനപദ്ധതികളാണ് അംബേദ്കര്‍ ഗ്രാമത്തില്‍ നടപ്പാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി 41 ലക്ഷം രൂപയുടെ 21 നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടത്തിയിട്ടുണ്ട്. 22 വര്‍ഷം മുമ്പാണ് പനമ്പുകാട് അംബേദ്കര്‍ ഗ്രാമം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന നടപ്പാതയാണ് ഗ്രാമത്തില്‍ നിലവിലുള്ളതെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനും പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തി. പ്രദേശം സന്ദര്‍ശിച്ച് സമഗ്ര വികസനത്തിനുള്ള പദ്ധതി ഉടനെ തയാറാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: