കൊച്ചി: ടൂറിസ്റ്റ് സീസണില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നൂതന പദ്ധതികളുമായി ജില്ലാടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ഒരുങ്ങുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തിലുള്ള വിസിറ്റര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ടൂറിസ്റ്റുകള്‍ക്കായി പുത്തന്‍ പാക്കേജുകള്‍ ഡി.ടി.പി.സി അവതരിപ്പിക്കുന്നത്. പെഡല്‍ ട്രെയില്അറ്റ് കൊച്ചിന്, സീറ്റ് ഇന്‍ കോച്ച് എന്നു പേരിട്ടിരിക്കുന്ന പുത്തന്‍ പദ്ധതികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകുമെന്ന് ഡി.ടി.പി.സി ചെയര്മാന് കൂടിയായ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി കാണാനെത്തുന്ന വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകള്‍ക്ക് കൊച്ചിയുടെ പൈതൃക പാരമ്പര്യമുള്ള പ്രദേശങ്ങള്‍ കാണാനുള്ള അവസരമാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ കൊച്ചിയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്ശിക്കാനുതകുന്ന വ്യത്യസ്തമായ പാക്കേജുകള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാകുമെന്നാണ് ഡി.റ്റി.പി.സിയുടെ കണക്കു കൂട്ടല്‍.
സൈക്കിള്‍ സവാരിയുടെ രസം നുകരാനാഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് സൈക്കിളില്‍ യാത്ര ചെയ്ത് കൊച്ചിയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാനായി അവസരമൊരുക്കുന്ന ‘പെഡല്‍ ട്രെയില്‍ അറ്റ് കൊച്ചിന്’ പദ്ധതിയാണ് പ്രധാന വിനോദ പരിപാടി. പദ്ധതി പ്രകാരം എറണാകുളത്തപ്പന് ക്ഷേത്ര മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ ടൂര്‍, ഫോര്‍ട്ട്കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളി, സാന്താക്രൂസ് ബസിലിക്ക, ജൂദസിനഗോഗ്, ജൂദസെമിത്തേരി, കുമ്പളങ്ങി ടൂറിസം ഗ്രാമം, കണ്ണമാലി സെന്റ് ആന്റണീസ് പള്ളി, കണ്ണമാലി ബീച്ച്, പള്ളുരുത്തി വെളിമൈതാനം തുടങ്ങിയ പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ച് എറണാകുളത്തപ്പന് ശിവക്ഷേത്ര മൈതാനിയില്‍ത്തന്നെ എത്തിച്ചേരും. ടൂറിസ്റ്റുകള്‍ക്കുള്ള ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ നല്കുന്ന പാക്കേജില്‍ ടൂറിസ്റ്റ് ഗൈഡിന്റെ സഹായവും ലഭ്യമായിരിക്കും. 2500 രൂപയാണ് പെഡല്‍ ട്രെയില്‍ അറ്റ് കൊച്ചിന് എന്ന പദ്ധതിയില്‍ ഒരാള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞത് അഞ്ചു പേരടങ്ങുന്ന ടീമായാണ് സൈക്കിള്‍ സവാരി ക്രമീകരിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
ഇതില്‍ നിന്നും തികച്ചും വിഭിന്നമാണ് ‘സീറ്റ് ഇന്‍ കോച്ച്’ എന്ന യാത്രാ സംവിധാനം. എയര്‍ കണ്ടീഷന്‍ഡ് ട്രാവലറിലാണ് ടൂറിസ്റ്റുകള്‍ക്കുള്ള യാത്രാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പാര്‍ക്ക് അവന്യൂവിലുള്ള ഡി.ടി.പി.സി ഓഫീസ് പരിസരം, അവന്യൂറീജന്റ് ഹോട്ടല്‍, കാസിനോ സര്‍ക്കിള്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ടൂറിസ്റ്റുകള്‍ക്ക് സീറ്റ് ഇന്‍ കോച്ച് സംവിധാനത്തില്‍ ഉള്ച്ചേരാം. നിശ്ചിതസമയങ്ങളിലാവും ഇവിടെ വാഹനം എത്തിച്ചേരുക. പ്രസ്തുത വാഹനം, ഫോര്‍ട്ട്കൊച്ചിയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളും മട്ടാഞ്ചേരിയുമെല്ലാം ചുറ്റി സഞ്ചരിച്ച് യാത്രികര്‍ക്ക് വ്യത്യസ്തമായൊരുടൂര് അനുഭവം പകര്ന്നുനല്കും. ഭക്ഷണമടക്കം ഒരാള്‍ക്ക് 550 രൂപയാണ് സീറ്റ് ഇന്‍ കോച്ച് സംവിധാനത്തില്‍ ഒരാള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
ടൂറിസം വകുപ്പില്‍ നിന്നും സീറ്റ് ഇന്‍ കോച്ച് സംവിധാനത്തിനായി പുതിയ രണ്ടു ബസുകള്‍ അനുവദിക്കുന്നുണ്ട്. ഇവ ലഭ്യമായാല്‍ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
മാര്‍വല്‍ ടൂര്‍സ് ആണ് ടൂറിസ്റ്റുകള്‍ക്കായുള്ള ഈ വ്യത്യസ്തസഞ്ചാര പരിപാടികള്‍ ഡി.ടി.പി.സിക്കായി ക്രമീകരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പ്രതിദിന ടൂര്‍ പാക്കേജുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9544 700 828 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ടി.എന്‍ ജയശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: