കൊച്ചി: ജില്ലയിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദമായ പഠനം നടത്തുന്നതിന് ജലവിഭവ വകുപ്പിന്റെ പ്രത്യേക സംഘത്തെ ജില്ലയിലേക്ക് അയയ്ക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഗസ്തൗസില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘം പ്രധാനമായും പരിശോധിക്കുക. കുടിവെള്ള ചോര്‍ച്ച, ബലം കുറഞ്ഞ പൈപ്പുകള്‍, പൊതു ആവശ്യത്തിനുള്ള വെള്ളം സ്വകാര്യ ആവശ്യത്തിനായി ആരെങ്കിലും എടുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംഘം പരിശോധിക്കും. സംഘം നല്കുന്ന റിപ്പോര്‍ട്ടനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ പൈപ്പ് പൊട്ടിയ ടോള്‍പ്ലാസ-അരൂര്‍ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ 24 മണിക്കൂറിനകം പൂര്‍ത്തിയാക്കി പഴയപടിയാകും. ഈ ഭാഗത്ത് ചരക്കുവാഹനങ്ങളുള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ പോകുന്നത് കാരണം തുടര്‍ന്നും പൈപ്പ് പൊട്ടാനിടയുണ്ട്. ഇത് ഒഴിവാക്കാന്‍ വാഹനങ്ങള്‍ കടന്ന് പോകുന്ന ഭാഗത്ത് 100 മീറ്റര്‍ സ്ഥലത്ത് ചെറിയ പൈപ്പുകള്‍ മാറ്റി വലിയ ഡി.ഐ പൈപ്പ് (ഉകജകജഋ) ഇടുന്നതിന് നടപടി സ്വീകരിക്കും. ജനറം പദ്ധതി ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാവി നിരീക്ഷണത്തിന് ജില്ല കളക്ടര്‍ക്ക് ചുമതല നല്‍കിയട്ടുണ്ട്-മന്ത്രി പറഞ്ഞു.
ഇതിനു പുറമെ കുടിവെള്ളം ക്ഷാമം പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി എറണാകുളം ജില്ലയ്ക്ക് മാത്രമായി 900 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ 135 എം.എല്‍.ഡി വെള്ളം അധികമായി ലഭിക്കും. പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് പണത്തിന്റെ ലഭ്യത പ്രശ്നമല്ല. പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനറം പദ്ധതി കമ്മീഷന് ചെയ്യുന്നതിനുള്ള അടിയന്തിര നടപിടകള്‍ സ്വീകരിക്കണമെന്ന് ഡൊമിനിക്ക് പ്രസന്റേഷന് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ പശ്ചിമ കൊച്ചി ഭാഗത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകൂ. പൈപ്പ് പൊട്ടുന്നത് ഇല്ലാതാക്കാന്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയവ ഇടുന്നതിനുള്ള നടപടി സ്വീകരിക്കുണമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ പ്രദേശം അതി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണെന്ന് ഹൈബി ഈഡന് എം.എല്‍.എ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് നടപടിയുണ്ടാകണം. ഇതിനു പുറമെ കുന്നുമ്പുറം, ഇടപ്പള്ളി പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നമുണ്ട്. നേരത്തെ ലഭിച്ചിരുന്ന വെള്ളം വെട്ടിക്കുറച്ചതാണ് പ്രശ്നമുണ്ടാക്കിയത്. നേരത്തെ ലഭിച്ച വെള്ളം തോത് പുനസ്താപിക്കണം. കൂടാതെ വരള്‍ച്ച സമയത്ത് പ്രത്യേകമായി അനുവദിച്ച കുടിവെള്ള പദ്ധതികളുടെ പണികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം തേടണമെന്ന് ബെന്നി ബഹന്നാല്‍ എം.എല്‍.എ പറഞ്ഞു. നിലവില്‍ ആരംഭിച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിന് പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു.
മേയര്‍ ടോണി ചമ്മിണി, മരട് നഗരസഭ ചെയര്മാന് ദേവരാജന്‍, ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ.കുര്യന്, എം.ഡി അശോക് കുമാര്‍ സിംഗ്, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: