ദമാസ്ക്കസ്: സിറിയയിലെ അസദ് ഭരണകൂടം ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിച്ചുവെന്നതില്‍ സംശയമില്ലെന്നും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു. രാസായുധം പ്രയോഗിച്ചത് വിമതരാണെന്ന് ഒരു തരത്തിലും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമേരിക്ക പ്രശ്നം വഷളാക്കുകയാണെന്ന് റഷ്യ അറിയിച്ചു. അതേസമയം യു.എന്‍ പരിശോധകര്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലു ദിവസം കൂടി സമയം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. അതിനിടെ സിറിയന്‍ ജനതയെ രക്ഷിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമാണെന്ന് കാണിച്ച് ബ്രിട്ടന് സുരക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ തീരുമാനമായില്ല.
പ്രമേയത്തെ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും എതിര്‍ത്തു. എന്നാല്‍, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവര്‍ എത്രയും പെട്ടെന്ന് സിറിയയില്‍ സൈനിക ഇടപെടല്‍ വേണമെന്ന നിലപാടിലാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ ഇവര്‍ നടത്തുന്നുമുണ്ട്. നാറ്റോ സിറിയയ്ക്ക് ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സിറിയയില്‍ രാസായുധ ആക്രമണം നടന്നിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കിലും രക്ഷാസമിതിയുടെ അനുമതി ഇല്ലാതെ ആക്രമണം നടത്തരുതെന്ന് സിറിയയിലേക്കുള്ള യു.എന്‍-അറബ് ലീഗ് ദൂതന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: