ഇപോ: ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി ഏഷ്യാകപ്പ് ഹോക്കിയുടെ സെമിയില്‍ സ്ഥാനമുറപ്പിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഒന്നിനെതിരെ ഒന്‍പത് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. രൂപീന്ദര്‍പാല്‍, രഘുനാഥ് എന്നിവര്‍ നേടിയ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഇന്ത്യന്‍ പടയോട്ടം. രൂപീന്ദര്പാല്സിംഗ് നാല് ഗോളുകളാണ് ഇന്ത്യക്കുവേണ്ടി സ്കോര്‍ ചെയ്തത്.
ആക്രമിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. കളിയുടെ നാലാം മിനിറ്റില്‍ ലഭിച്ച പെനാലിറ്റി കോര്‍ണര്‍ ഗോളാക്കിമാറ്റിക്കൊണ്ട് രൂപീന്ദര്‍പാല്‍ സിംഗാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. കളിയുഖെട 19-ാം മിനിറ്റില്‍ രൂപീന്ദര്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഈ ഗോളും പിറന്നത് പെനാലിറ്റി കോര്‍ണറില്‍നിന്നായിരുന്നു. 25-ാം മിനിറ്റില്‍ നിതിന്‍ തിമ്മയ്യ ഇന്ത്യയുടെ ലീഡുയര്‍ത്തി. മനോഹരമായ ഫീല്ഡുഗോളായിരുന്നു ഇത്. നിതിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍കൂടിയാണിത്. രണ്ട് മിനിറ്റുകള്‍ക്കകം രൂപീന്ദര്‍പാല്‍ ഹാട്രിക് നേട്ടം കൈവരിച്ചു. ഇന്ത്യ 4-0 എന്ന നിലയില്‍ മുന്നിലെത്തി.
29-ാം മിനിറ്റില്‍ ഷോര്‍ട്ട് കോര്‍ണര്‍ ഗോളാക്കി മാറ്റി രഘുനാഥ് ഇന്ത്യയുടെ ലീഡുയര്‍ത്തി. ബംഗ്ലാദേശ് ഗോളി സാഹിദ് ഹുസൈന് വെറും കാഴ്ചക്കാരനായി നിന്നു. 35-ാംമിനിറ്റില്‍ ബംഗ്ലാദേശ് തിരിച്ചടിച്ചു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ചയാന്‍ പെനാലിറ്റി കോര്‍ണറില്‍നിന്നും ഇന്ത്യയുടെ ഗോള്‍പോസ്റ്റില്‍ ലക്ഷ്യം കണ്ടു.
47-ാം മിനിറ്റില്‍ മന്ദീപ് സിംഗ് ഇന്ത്യയെ 6-1 എന്ന നിലയിലാക്കി. മലക്സിംഗുമായി ചേര്‍ന്ന് നടത്തിയ നീക്കം ഗോളില്‍ കലാശിക്കുകയായിരുന്നു. 52-ാം മിനിറ്റില്‍ രഘുനാഥ് പെനാലിറ്റി കോര്‍ണര്‍ ഗോളാക്കിക്കൊണ്ട് തന്റെ രണ്ടാം ലക്ഷ്യം കണ്ടു. 59-ാം മിനിറ്റില്‍ രൂപീന്ദര്‍പാല്‍ സിംഗ് തന്റെ നാലാമത്തെ ഗോള്‍ കണ്ടെത്തി ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.
ആദ്യ മത്സരത്തില്‍ ഒമാനെ മറുപടിയില്ലാത്ത പത്ത് ഗോളിന്പരാജയപ്പെടുത്തി ദക്ഷിണകൊറിയ ഏഷ്യാകപ്പ് ഹോക്കിയുടെ സെമിഫൈനലില്‍ പ്രവേശിച്ചു. മഴമൂലം വൈകിആരംഭിച്ച മത്സരത്തില്‍ ഗോളിന്റെ പെരുമഴ തീര്‍ത്താണ് നിലവിലുള്ള ചാമ്പ്യന്മാരായ കൊറിയ ആഘോഷിച്ചത്. കളിയുടെ 15-ാം മിനിറ്റില്‍ ജാങ്ങ് ജോങ്ങ് ഹ്യൂന് ആണ് കൊറിയയുടെ ആദ്യഗോള്‍ നേടിയത്. 22-ാം മിനിറ്റില്‍ കാങ്ങ് മൂണ്‍ ഗോള്‍നില ഉയര്‍ത്തി. ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ മാത്രമാണ് കൊറിയക്ക് നേടാനായത്. എന്നാല്‍ തന്ത്രം മാറ്റിയ രണ്ടാംപകുതിയില്‍ ഒമാന്റെ വലനിറച്ചുകൊണ്ട് ദക്ഷിണകൊറിയ ഉറഞ്ഞുതുള്ളി. 39, 40 മിനിറ്റുകളില്‍ യൂണ് സങ്ങ് മിന്നല്‍പ്പിണര്‍ പോലെ രണ്ട് ഗോളുകള്‍ നേടി. ജാങ്ങ് ജോങ്ങ് ഹൂണ്‍ 42-ാംമിനിറ്റില്‍ പെനാലിറ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിക്കൊണ്ട് ലീഡ് വര്‍ധിപ്പിച്ചു. ജുനാങ്ങ് മാനും കൊറിയക്കുവേണ്ടി ലക്ഷ്യം കണ്ടു. 51-ാം മിനിറ്റില്‍ ഒമാന്‍ സ്വന്തം പോസ്റ്റില്‍ ഗോളടിച്ച് ലീഡുയര്‍ത്തി നല്കി. 62-ാം മിനിറ്റില്‍ കാങ്ങ് മൂണും കളിയവസാനിക്കുന്നതിന് മുമ്പ് ജാങ്ങ് ജോങ്ങ് ഹ്യൂണും വീണ്ടും ലക്ഷ്യം കണ്ടതോടെ ഒമാന്റെ പരാജയം പൂര്‍ത്തിയായി. ജാങ്ങ് ജോങ്ങ് ഹ്യൂനിന്റെ ഹാട്രിക് മികവ് കൊറിയക്ക് മികച്ച ജയം നേടിക്കൊടുത്തു.
ഏഷ്യാകപ്പില്‍ ഇന്ന് വിശ്രമദിനമാണ്. നാളെ സെമിഫൈനലുകള്‍ നടക്കും. ഇന്ത്യ ആതിഥേയരായ മലേഷ്യയെയും പാക്കിസ്ഥാന് ദക്ഷിണകൊറിയയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: