പളളുരുത്തി: കഴിഞ്ഞ ഒന്‍പത് ദിവസമായി തുടരുന്ന കുമ്പളങ്ങിയിലെ കുടിവെള്ള പ്രശ്നം അടിയന്തരമായി തുടരും. അരൂര്‍ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന കായലില്‍ സ്ഥാപിച്ചിട്ടുള്ള തകര്‍ന്ന പൈപ്പ് കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതനെത്തടുര്ന്ന് ശ്രമം ഉപേക്ഷിച്ചതായി എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് അറിയിച്ചു. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ജോലികള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശിച്ചതായി എംഎല്‍എ പറഞ്ഞു. പകരം പുതിയ പൈപ്പ് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാനാണ് ഇനിയുള്ള ശ്രമമെന്ന് ഇദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ കുമ്പളങ്ങി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുമെന്നുള്ള സൂചനയാണ് എംഎല്‍എയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്.
അതേസമയം കഴിഞ്ഞ ദിവസം വെട്ടിക്കുറച്ച കുടിവെള്ള ടാങ്കര്‍ലോറികള്‍ പുനഃസ്ഥാപിച്ചുവെന്ന് കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപ് അറിയിച്ചു.
എട്ട് ലോറികള്‍ വരുംദിവസങ്ങളില്‍ കുമ്പളങ്ങിയിലേക്ക് മാത്രം സര്‍വീസ്നടത്തും. കുടിവെള്ള പൈപ്പിന്റെ ജോലികള്‍ നടക്കില്ലെന്ന അധികൃതരുടെ പ്രസ്താവനയെത്തുടര്‍ന്ന് പ്രദേശത്തെ ജനം കടുത്ത ആശങ്കയിലായി. കുടിവെള്ളം കിട്ടില്ലെന്ന ആശങ്കയില്‍ ടാങ്കറുകളില്‍ വരുന്ന വെള്ളം അമിതമായി ശേഖരിച്ചുവെക്കുന്നതും കുടിവെള്ളവിതരണത്തെ ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ചെല്ലാനം ഭാഗത്തേക്ക് ആലപ്പുഴ ജില്ലയില്‍നിന്നും കുടിവെള്ളം കൊടുത്ത് പ്രശ്നം പരിഹരിക്കുമെന്നും ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.
ചെല്ലാനത്തേക്ക് കുടിവെള്ള ടാങ്കറുകള്‍ ഇന്നലെയും സര്‍വീസ് നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: