മുംബൈ: പെണ്ണും പൊന്നും തമ്മിലുള്ള ബന്ധം അത്ര ദൃഢമാണ്. പെണ്ണിനെ പൊന്നിന് കുടമാക്കാന് അണിഞ്ഞൊരുങ്ങാന്‍ പൊന്നു വാങ്ങിക്കൊടുക്കുന്ന റോള്‍ മാത്രമായിരുന്ന ആണുങ്ങള്‍ക്ക്. സ്വര്‍ണ്ണമണിയുന്നത് ആണുങ്ങള്‍ക്ക് പോരായ്മയായി പോലും കരുതിയിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ സ്വര്‍ണ്ണ ഭ്രമം പെണ്ണിനേക്കാള്‍ ആണുങ്ങള്‍ക്കായി എന്നു വേണം കരുതാന്‍. കാരണം അലങ്കാരത്തിനുള്ള ആഭരണമെന്ന നിലയില്‍നിന്ന് പണപ്പെട്ടി കനപ്പിക്കുന്ന നിക്ഷേപം എന്ന പദവിയിലേക്കു സ്വര്‍ണ്ണം മാറിയിരിക്കുന്നു.
ഇന്ത്യയില്‍ ആഭരണാലങ്കാരമെന്നല്ലാതെ നിക്ഷേപ മൂല്യമുള്ള വസ്തുവെന്ന നിലയില്‍ സ്വര്‍ണ്ണം മാറിയത് അടുത്തിടെയാണ്. സ്വര്‍ണ്ണം കട്ടികളായും ബിസ്കറ്റായും സൂക്ഷിക്കുന്ന സമ്പ്രദായം നിലവില്‍വന്നതോടെയാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇത്ര വര്‍ദ്ധിച്ചത്.
1997-നും 2011-നും ഇടയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത സ്വര്‍ണ്ണം 10,600 ടണ്ണാണ്. സ്വര്‍ണ്ണത്തിലുള്ള നിക്ഷേപ പ്രവണത കൂടിയതോടെ ഇറക്കുമതിയും വര്‍ദ്ധിച്ചു. നിക്ഷേപ രംഗത്ത് സ്വര്‍ണ്ണത്തിന്റെ വിഹിതം 2008-ല്‍ 28 ശതമാനമായിരുന്നു, അതായത് 210 ടണ്‍ സ്വര്‍ണ്ണ നിക്ഷേപം. അത് അടുത്ത വര്‍ഷം, 2009-ല്‍ 25 ശതമാനം വര്‍ദ്ധിച്ച് ആകെ നിക്ഷേപത്തിന്റെ 34 ശതമാനമായി, 220 ടണ്‍. 2010 അത് 83 ശതമാനമായി 349 ടണ്ണിലെത്തി.
ഇവിടെയാണ് സ്വര്‍ണ്ണം അലങ്കാരമെന്ന നിലയില്‍നിന്ന് നിക്ഷേപം എന്ന സ്ഥാനത്തേക്കു മാറിയത്. 2011-ല്‍ ആഭരണമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഇടപാട് മുന്‍ വര്‍ഷത്തെ 471.9 ടണ്ണില്‍നിന്ന് 464.4 ടണ്‍ ആയി കുറഞ്ഞു. അതേ സമയം, നിക്ഷേപ രംഗത്ത് 26 ശതമാനത്തിന്റെ വര്‍ദ്ധനയോടെ 296 ടണ്‍ ആയി ഉയര്‍ന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വെളിപ്പെടുത്തുന്ന കണക്ക്. അതായത് സ്വര്‍ണ്ണത്തിന്റെ അലങ്കാര പദവി പോയി, പകരം നിക്ഷേപമെന്ന നിലയിലേക്കു മാറി. 2008 മുതല്‍ 2011 മൂന്നാം സമ്പദ് പാദം വരെയുള്ള 45 മാസത്തെ കണക്കെടുത്താല്‍ നിക്ഷേപത്തിനു മാത്രമായി ഇന്ത്യയിലേക്കു നടന്ന സ്വര്‍ണ്ണ ഇറക്കുമതി 1073 ടണ്ണാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: