ദമാസ്കസ്: സിറിയയിലെ രാസായുധ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് വിമതര്‍. സിറിയന്‍ ദേശീയ സഖ്യ നേതാവ് അഹമ്മദ് അല്‍ ജര്ബയും ഫ്രീ സിറിയന്‍ ആര്‍മി തലവന്‍ സാലിം ഇദ്രിസുമാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. സിറിയയില്‍ രാസായുധം പ്രയോഗിച്ചതായി ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര സന്നദ്ധ സംഘടനയും സ്ഥിരീകരിച്ചു.
സര്‍ക്കാര്‍ പ്രയോഗിച്ച നീച തന്ത്രമായിരിക്കില്ല വിമതരുടേത്. രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്ലെന്നും സാലിം ഇദ്രിസ് പറഞ്ഞു. വിപ്ലവം തുടങ്ങിയതു മുതല്‍ കൂട്ടക്കുരുതി പ്രതീക്ഷിച്ചിരുന്നു. അന്താരഷ്ട്ര സമൂഹം ഇടപെടാത്തതാണ് ഇപ്പോള്‍ രാസായുധ പ്രയോഗം വരെ എത്തി നില്ക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണം. അമേരിക്കയ്ക്കും ഫ്രാന്‍സിനും ബ്രിട്ടണും ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് അഹമ്മദ് അല്‍ ജര്‍ബ പറഞ്ഞു.
അതേസമയം സിറിയയില്‍ ഏത് നിമിഷവും ഇടപെടാന്‍ പാകത്തില്‍ മെഡിറ്ററേനിയന്‍ കടലില്‍ നാവിക സേനയെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണെന്ന് അമേരിക്ക അറിയിച്ചു. രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞാല്‍ സിറിയയ്ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയില്‍ വ്യോമ നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും അമേരിക്ക ആലോചിക്കുന്നുണ്ട്. ഇതിനായി വിമാനവേധ മിസൈലുകള്‍ വഹിച്ചുള്ള പടക്കപ്പല്‍ മേഖലയില്‍ തമ്പടിച്ചിട്ടുണ്ട്.
ഇതിനിടെ വിമതരാണ് രാസായുധം പ്രയോഗിച്ചതെന്ന ആരോപണവുമായി സര്‍ക്കാരും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാലിക്കാര്യം വിമതര്‍ നിഷേധിച്ചു. രാസായുധ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലെ സ്ഥിതിയെക്കുറിച്ച് പഠിക്കാനെത്തിയ ഐക്യ രാഷ്ട്ര രക്ഷാസമിതി രാജ്യത്ത് പരിശോധന തുടങ്ങിയിട്ടുണ്ട്. യുഎന്‍ നിരായുധീകരണ സംഘം മേധാവി ആംഗലാ കെയ്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാസായുധ ആക്രമണം നടന്നതായി സംശയിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുന്നത്.
തിരിച്ചടിക്കുമെന്ന് വിമതര്‍ പ്രഖ്യാപിച്ചതിനിടെ കഴിഞ്ഞ ദിവസമുണ്ടായ റോക്കറ്റാക്രമണത്തില്‍ ദമാസ്ക്കസില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: