കന്യാകുമാരിക്ഷിതിയാദിയായ്,
ഗോകര്‍ണ്ണാന്തമായി തെക്കു വടക്കുനീളെ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം
എന്ന കവി കല്പന മായുകയാണോ? കേരളമെന്ന പേര് കേട്ടാല്‍ ചോരതിളക്കണം ഞരമ്പുകളില്‍ എന്നു പാടിയ കവി ഇനി മലബാര്‍ സംസ്ഥാനക്കാരനെന്നാണോ അറിയപ്പെടുക. മലബാര്‍ സംസ്ഥാനമായാലെന്താ എന്ന് ചോദിച്ച മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് മണിശ്ശേരിയുടെ ആകാംക്ഷയെ, ഉണ്ടിരിക്കുന്ന യൂത്ത് ലീഗുകാരന്റെ ഉള്‍വിളിയെന്ന പഴമൊഴി പറഞ്ഞ് തള്ളാന്‍ കഴിയുന്നതാണോ? ഭരണത്തിലെ രണ്ടാം ശക്തിയെന്ന അഹംഭാവം അലങ്കാരമായി കൊണ്ടു നടക്കുകയും അഞ്ചാം മന്ത്രിസ്ഥാനം ചിരിച്ചു നേടുകയും ചെയ്ത ലീഗിന്റെ തലസ്ഥാനമാണ് മലപ്പുറം. അവിടുത്തെ യൂത്ത് ലീഗ് അധ്യക്ഷന്‍ ഫേസ്ബുക്കില്‍ വെറുതെ കുറിച്ചതല്ല മലബാര്‍ സംസ്ഥാനവാദം.
കേള്‍ക്കുക “കേരളം എന്നാല്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു പോകാവുന്ന ഒരു ഏകകമല്ലെന്നും മലബാര്‍/തിരു-കൊച്ചി ദ്വന്ദ്വം മാത്രമാണെന്നതുമാണ് യാഥാര്‍ത്ഥ്യം” പറയുന്നത് മറ്റാരുമല്ല, ജമാ അത്തെ ഇസ്ലാമിയുടെ യുവ ‘ബുദ്ധിജീവി’ സി. ദാവൂദ്. എഴുതിയതോ എസ്ഐ ഒ (ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന)യുടെ മലബാര്‍ കേരളത്തിന് അകത്തോ പുറത്തോ എന്ന പുസ്തകത്തില്‍.
‘മാറി മാറിവരുന്ന മുന്നണികള്‍ കേരളം എന്ന കള്ളം പറഞ്ഞ് കാപട്യങ്ങള്‍ കാണിച്ചു’കൊണ്ടിരിക്കുകയാണെന്ന് ദാവൂദിനുറപ്പുണ്ട്. കേരളം കള്ളമാണ്, സത്യം മലബാറും തിരു-കൊച്ചിയും!
ഇവര്‍ എപ്പോഴും അങ്ങിനെയാണ്. ഒരേ തൂവല്പക്ഷികള്. ഒറ്റനോട്ടത്തില്‍ ദ്വന്ദ്വങ്ങളുണ്ടെന്ന് തോന്നും. എന്നാല്‍ സൂക്ഷ്മ വിശകലനത്തില്‍ യൂത്ത് ലീഗും സോളിഡാരിറ്റിയും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ഒന്നുതന്നെയാണ് പറയുന്നത്. വ്യത്യസ്ത രീതികളിലാണെന്ന് മാത്രം.
ഫേസ് ബുക്കിലാണ് മലബാര്‍ സംസ്ഥാനത്തെക്കുറിച്ച് യൂത്ത് ലീഗ് നേതാവ് എഴുതിയത്. എന്നാല്‍ ദാവൂദ് യഥാര്‍ത്ഥ പുസ്തകത്തിലെഴുതിയത് ഇങ്ങനെ: “മലബാര്‍ എന്നത് കേരളത്തിലെ കേവലമായ ഒരു മേഖലയുടെ പേര് മാത്രമല്ല. മറിച്ച്, കേരള ദേശീയതയ്ക്കകത്തെ സങ്കീര്‍ണ്ണമായ പ്രശ്നവ്യവഹാരത്തെയാണ് മലബാര്‍ എന്ന വാക്ക് അടയാളപ്പെടുത്തുന്നത്.” എന്താ ഒരു ജിന്നയുടെ ഗന്ധമുയരുന്നുണ്ടോ? എങ്കില്‍ തുടര്‍ന്നു വായിക്കുക, “നമ്മുടെ ഭരണകൂടത്തെ അത് ഏത് മുന്നണി നയിക്കുന്നതാണെങ്കിലും ആന്തരികമായി നിയന്ത്രിക്കുന്ന തിരുവിതാംകൂര്‍ സവര്‍ണ്ണ ആഢ്യബോധത്തെ പരിക്കേല്പ്പിച്ചുകൊണ്ടല്ലാതെ മലബാറിലെ ജനങ്ങളുടെ ഇച്ഛകള്‍ പൂവണിയാന്‍ പോകുന്നില്ല.”
2008 ജനുവരി 9ന്, അല്ല 1429 മുഹറം ഒന്നിന് സി. ദാവൂദ് കുറിച്ചതാണിത്. ഹിന്ദു ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ ജിന്നയുടെ പാക് വാദം ഓര്‍ക്കുക.
മലബാര്‍ ഇന്നത്തെ കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 44.94 ശതമാനം വരും. ജനസംഖ്യയോ 42.45 ശതമാനവും. മലബാര്‍ വികസനരംഗത്ത് നിന്ന് അകറ്റിനിര്‍ത്തപ്പെട്ടുവെന്ന തുടര്‍ച്ചയായ പ്രചാരണത്തിലൂടെ മലബാറില്‍ വികസനമെത്തിക്കുകയല്ല മറിച്ച് മലബാര്‍ സ്വത്വം പ്രത്യേകമായി വികസിപ്പിക്കുക എന്ന രസതന്ത്രമാണ് ഇക്കൂട്ടര്‍ പരീക്ഷിച്ചു വിജയിപ്പിച്ചെടുക്കുന്നത്.
വിവേചന ഭീകരതെക്കതിരായ സമരങ്ങളുടെ ഫലമാണ് ഝാര്‍ഖണ്ഡും ഉത്തരാഞ്ചലും ഛത്തീസ്ഗഢുമെന്നാണ് ദാവൂദ് തെളിയിച്ചെടുക്കാന്‍ പാടുപെടുന്നത്. എന്നിട്ടോ, ഇന്ത്യയെ മൊത്തത്തില്‍ ഒരു ഏകകമായെടുക്കുമ്പോള് അവര്‍ണരും മുസ്ലിങ്ങളും ഒരു ജനവിഭാഗമെന്ന നിലയില്‍ പൊതുജീവിതത്തില്‍ നിന്ന് തള്ളിമാറ്റപ്പെട്ടതായും ജമാഅത്തെ ഇസ്ലാമിക്ക് അഭിപ്രായമുണ്ട്. ചുരുക്കത്തില്‍ ഈ അവര്‍ണ മുസ്ലിം വിഭാഗം തിരുവിതാംകൂര്‍ സവര്‍ണനെതിരെ പോരാടുമ്പോള്‍ മലബാര്‍ ജനിക്കുമെന്ന് തന്നെ! വിഘടനവാദം ഒറ്റയടിക്ക് തള്ളിക്കളയാന്‍ പറ്റുന്ന ഒരശ്ലീല പദമല്ലാതായി മാറിയിരിക്കുന്നുവെന്നു പറഞ്ഞുവെച്ചുകൊണ്ടാണ് മുസ്ലിം യൂത്ത് ലീഗിന്റെ മലബാര്‍ വാദത്തെ ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്നത്.
തിരുവോണവും തിരുവാതിരയും വിഷുപ്പക്ഷിയും വിത്തും കൈക്കോട്ടും തുഞ്ചനും കുഞ്ചനും പിറവിയെടുത്ത കേരളം 1956 നവംബര്‍ ഒന്നിന് ആരൊക്കെയോ ഉരുക്കൂട്ടി ഉണ്ടാക്കിയതാണെന്ന് കരുതുന്നവരുടെ കൂട്ടത്തിലുള്ളവരാണ് മലബാര്‍ തിരു-കൊച്ചി ദ്വന്ദ്വമെന്നും മലബാര്‍ സംസ്ഥാനവുമെന്നൊക്കെ പുലമ്പിക്കൊണ്ടിക്കുന്നത്.
മലയാളമണ്ണിന്റെ സരസ്വതിയായ നിളയും ഗംഗയാകുന്ന പെരിയാറും നനച്ചുവളര്‍ത്തിയ ജീവിതത്തിന്റെ ഗന്ധത്തില്‍ നിന്നാണ് കേരളം രൂപംകൊണ്ടത്. ഗംഗയും സരസ്വതിയും പിറവി നല്കിയ സംസ്കാരങ്ങളുടെ ഈറ്റില്ലങ്ങളെ വരമ്പിട്ട് വേര്‍തിരിച്ചവരുടെ മനോവൈകൃതമാണ് ഇന്ന് മലബാര്വാദമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യമല്ലെങ്കില്‍ സംസ്ഥാനമാക്കി മാറ്റാം. പിന്നെയത് രാജ്യമാക്കാമോ എന്ന് ചിന്തിക്കാം. കാശ്മീര്‍ മുന്നില്‍ നടക്കുന്നുണ്ട്. പിറകെ മലബാറിനെയും തെളിക്കുകയാണിവര്. തറവാടും താവഴികളും മറക്കുന്നവര്‍ക്ക് പിതൃസ്മരണയൂറുന്ന മണ്ണിന്റെ വിശുദ്ധി തിരിച്ചറിയാന്‍ കഴിയില്ല.
യജ്ഞപീഠങ്ങള് കുരുതിക്കളമാക്കിയതിന്റെ ചരിത്രം കണ്ണില്‍ നിന്നും മറയുമ്പോഴേക്കും പുണ്യനദികളിലൊഴുകിയ ചോരയുടെ ഗന്ധം മാറുന്നതിനു മുമ്പുതന്നെ തുടങ്ങിയിരുന്നു പുതിയ അതിര്‍ത്തി രേഖകള്‍ വരക്കാന്‍. കാശ്മീരിലും അസമിലും അത് വിളവെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. മലയാളത്തിന്റെ മഹിമയേറുന്ന മണ്ണിലും വിഘടനവാദത്തിന്റെ വിത്തുവിതക്കലാണ് മലബാര്‍ വാദമെന്നു പറയുന്നവരെ വികസനവിരുദ്ധരെന്നോ അതല്ലെങ്കില്‍ വര്ഗീയവാദികളെന്നോ വിളിക്കുക. അതാണല്ലോ എളുപ്പം.
പിന്നെ വികസനത്തിന്റെ കാര്യം. മലബാറിന്റെ വികസന പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള തുടര്‍ച്ചയായ പ്രചാരണം കഴിഞ്ഞ കുറേക്കാലമായി നടന്നുവരുന്നു. വികസനത്തില്‍ കേരളം പിന്നിലാണെന്ന് പറയാന്‍ മടിക്കുന്നവര്‍ മലബാറിന്റെ അവികസിതാവസ്ഥയെക്കുറിച്ച് മാത്രം പറയുമ്പോഴാണ് ഇക്കൂട്ടരുടെ ഉദ്ദേശ്യശുദ്ധിയെ ഏത് ‘മതേതര’ക്കാരനും സംശയിക്കേണ്ടിവരുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കാണല്ലോ മലബാര്‍ ഏറെ പിന്നില്‍. പി.പി. ഉമ്മര്‍കോയയെ മാറ്റിനിര്‍ത്തുക. ബാക്കി വരുന്ന കാലഘട്ടത്തിലെ 12 വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലിം ലീഗുകാര്‍ തന്നെയായിരുന്നു. എന്തുകൊണ്ടാണ് ഇവര്‍ മലബാറിനെ വികസിപ്പിക്കാതിരുന്നതെന്ന് ചോദിച്ചിട്ടുപോരെ മലബാര്‍ വികസനത്തിന്റെ പ്രചാരണം നടത്താന്‍.
നല്ല സുഖമുള്ള സ്വപ്നമാണ് കോഴിക്കോട് ആസ്ഥാനമായി മലബാര്‍ സംസ്ഥാനം. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴു ജില്ലകളും മാഹിയും തമിഴ്നാടിന്റെ നീലഗിരിയുമടങ്ങുന്ന വിശാല മലബാര്‍. അവിടെയൊരു മുസ്ലിംലീഗ് സുല്ത്താനുമായാല് സംഗതി കേമമായി. തെലങ്കാന വന്നപോലെ മലബാര്‍ വരാന്‍ എളുപ്പമാവില്ല. എതിര്‍പ്പ് എത്രയുണ്ടെന്നറിയാനുള്ള ഒരു മുഴംമുമ്പേയുള്ള ഏറാണ് യൂത്ത്ലീഗുകാരന്‍ എറിഞ്ഞത്. ജമാഅത്തെ ഇസ്ലാമി സിദ്ധാന്തം രചിക്കും, മുസ്ലിംലീഗിന്റെ ഡയറക്ട് ആക്ഷനും. പതിവുകള്‍ ആവര്‍ത്തിക്കുകയാണ്; പഴയ പടിയല്ലെങ്കിലും.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: