മനുഷ്യരക്തം വീണ് മണ്ണ് ചുവന്നു. രക്തഗന്ധത്താല് രൂക്ഷിതമായ വായു. ജാലിയന്‍വാലാബാഗും പരിസരവും ശ്മശാനമൂകതയില്‍ ആണ്ടിരിക്കുന്നു. പ്രദേശത്ത് ബ്രിട്ടീഷ് പട്ടാളം കവാത്തു നടത്തുമ്പോള്‍ ഉയരുന്ന ബൂട്ടുകളുടെ ശബ്ദം മാത്രം. 1919 ഏപ്രില്‍ 14ലെ പകല്‍. ഉദിച്ചു നില്ക്കുന്ന സൂര്യന് പോലും പ്രകാശം മങ്ങി മുഖം താഴ്ത്തി മാനവികതയ്ക്കുമേല്‍ നടമാടിയ പൈശാചിക താണ്ഡവത്തിന് നേരെ പ്രതിഷേധിച്ചുകൊണ്ടിരുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും എന്തിന് പിഞ്ചുകുട്ടികളുടെ പോലും വെടിയുണ്ടകളേറ്റ് വികൃതമായി കിടക്കുന്ന മൃതദേഹങ്ങള്‍. പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട് ഒരിറ്റു വെള്ളത്തിനായി കേഴുന്നവരുടെ ദീനരോദനം. തലേന്ന് വൈകിട്ട് അസ്തമയത്തിന് ശേഷം അരങ്ങേറിയ കൂട്ടക്കൊലയുടെ ബാക്കി പത്രമാണ് ഈ കാഴ്ച.
പ്രകൃതി പോലും വാവിട്ട് കരയുന്ന ദുഃഖസാന്ദ്രമായ പശ്ചാത്തലത്തിലേക്കാണ് കേവലം 12 വയസ് മാത്രം പ്രായമുള്ള കുട്ടിത്തം വിട്ടുമാറാത്ത കുമാരന് കടന്നു വന്നത്. ജന്മനാ അഭിമാനിയും രാഷ്ട്രഭക്തനുമായ അവന്റെ കണ്ണുകളില്‍ അസ്തമയസൂര്യന്റെ ചുവപ്പ് പടര്‍ന്നിരുന്നു. താന്‍ ആരാണെന്നും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിശ്ചയിച്ചുറപ്പിച്ചു വന്നതിന്റെയും ദൃഢത അവന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. കൂട്ടക്കൊല നടത്തിയ പട്ടാളത്തെയും ചേതനയറ്റ ശരീരങ്ങളെയും അവന് കണ്ടില്ല. പകരം നിരപരാധികളായ തന്റെ സഹോദരങ്ങളെ കൊന്നൊടുക്കിയ സാമ്രാജ്വത്വത്തിന്റെ അഹങ്കാരമുഖം മാത്രമായിരുന്നു മനസ്സില്‍. മൈതാനത്തേക്ക് കടന്നു വന്ന ആ പന്ത്രണ്ടുകാരന് മുട്ടുകുത്തി ഭൂമിയെ ചുംബിച്ചു. രക്തം വീണ് കുതിര്‍ന്ന മണ്ണ് വലതുകൈകൊണ്ട് വാരി നെഞ്ചോടു ചേര്‍ത്തു. കണ്ണുകളില്‍ നിന്നും കണ്ണുനീര് ധാരധാരയായി ഒഴുകി. അല്പസമയം മുട്ടുകുത്തി നിന്ന അവന് മാതൃഭൂമിയെ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്തു – “ഈ നരാധമം പ്രവര്‍ത്തിച്ചവരെ ഞാന്‍ വെറുതെ വിടില്ല. ഇതിന് ഞാന്‍ പ്രതികാരം ചെയ്യും. ഒരു ശക്തിക്കും എന്നെ അതില്‍ നിന്നും തടയാനാകില്ല.”
അനന്തരം വാരിയ പിടിമണ്ണുമായി അവന് വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി കയ്യില്‍ വാരിയെടുത്ത മണ്ണ് ഒരു ചെറിയ ചെമ്പു കലശത്തില്‍ നിക്ഷേപിച്ചു. തന്റെ കുഞ്ഞുപെങ്ങളെ വിളിച്ച് പറഞ്ഞു, “പ്രിയപ്പെട്ട അനിയത്തീ ഇത് നമ്മുടെ സഹോദരങ്ങളുടെ രക്തം വീണ് പവിത്രമായ മണ്ണാണ്. നിരപരാധികളായ അവര്‍ പിറന്ന നാടിന്റെ മോചനത്തിനായാണ് ജീവന് ബലിയര്‍പ്പിച്ചത്. ഇന്നുമുതല്‍ നാം ഈ മണ്ണിനെയാണ് ആരാധിക്കേണ്ടത്. ഇതിനെ ഞാനിതാ ഇവിടെ സ്ഥാപിക്കുന്നു. നിത്യവും ഇത് കണ്ട് വന്ദിക്കണം. അങ്ങനെ നമ്മുടെ ഉള്ളിലെ മാതൃഭൂമിയോടുള്ള സ്നേഹത്തിന്റെയും ആ അമ്മയെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനുള്ള അഭിവാഞ്ചയെയും നമുക്ക് വളര്‍ത്താം.” കാര്യഗൗരവം മനസ്സിലാക്കിയില്ലെങ്കിലും സഹോദരസ്നേഹം നിമിത്തം ആ കൊച്ചു പെണ്‍കുട്ടി തലകുലുക്കി.
ധീരനായ ഈ കുമാരന് മറ്റാരുമല്ല. വിപ്ലവത്തിന്റെ മരണമില്ലാത്ത രാജകുമാരനെന്ന് പുകള്‍പെറ്റ സര്‍ദാര്‍ ഭഗത് സിംഗായിരുന്നു അത്. ആത്മാഭിമാനത്തിന്റെയും പിറന്ന നാടിനോടുള്ള കൂറിന്റെയും എക്കാലത്തെയും ജീവിക്കുന്ന ഇതിഹാസമാണ് ഭഗത് സിംഗ്. ഭഗത് സിംഗിനെക്കുറിച്ച് ഓര്‍ക്കാതെ, പറയാതെ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം അപൂര്‍ണമായിരിക്കും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെയും വെള്ളക്കാരന്റെ അപരാജിത ധാര്‍ഷ്ട്യത്തെയും ഒരുപോലെ കിടിലം കൊള്ളിച്ച ധീരസേനാനി. മരണത്തെ തൃണവത്ഗണിച്ച് തൂക്കുമരച്ചുവട്ടിലേക്ക് തലയുയര്‍ത്തി കടന്നുചെന്ന് തൂക്കുകയര്‍ സ്വയംവരിച്ച ചെറുപ്പക്കാരന്. ആ വീരന്റെ ധീരപ്രവൃത്തിക്ക് തെളിവു തേടുകയാണ് ഭാരതത്തിന്റെ ആധുനികഭരണകൂടം. ഭഗത് സിംഗിന്റെ ആത്മാവിനെപ്പോലും അപമാനിക്കുന്ന വാക്പ്രയോഗങ്ങള് നടത്തിയിരിക്കുന്നത് മറ്റാരുമല്ല, ലക്ഷംകോടികളുടെ അഴിമതിക്ക് ചുക്കാന്‍ പിടിച്ച കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആ വിപ്ലവത്തിന്റെ രാജകുമാരന് നിര്‍വഹിച്ച ധീരോദാത്ത പ്രവൃത്തികള്‍ക്ക് തെളിവില്ലെന്ന വാദമുന്നയിച്ചിരിക്കുന്നത്. ഭഗത് സിംഗ് ദേശാഭിമാനിയായ വിപ്ലവകാരി മാത്രമായിരുന്നു എന്നും സ്വാതന്ത്ര്യസമരത്തിന്റെ ബലിദാനിയായിരുന്നു എന്ന് തെളിയിക്കാന്‍ മതിയായ രേഖകളില്ല എന്നുമാണ് സര്‍ക്കാരിന്റെ വാദം. സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് ഈ ധീരദേശാഭിമാനിയുടെ പേര് നാളെ മായ്ച്ചുകളയപ്പെട്ടേക്കുമെന്നതിന്റെ സൂചനയായി വേണം ഈ നീക്കത്തെ കാണേണ്ടത്. അങ്ങനെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന് കൊടുത്ത ബലിദാനികളുടെ പരമ്പരയില്‍ ജനിച്ച, പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തെക്കാള്‍ ശ്രേഷ്ഠമാണെന്ന് ഉദ്ഘോഷിച്ച വീരന്മാരുടെ പിന്തുടര്ച്ചക്കാരന് അപമാനിതനാകുന്നതിനും നാം സാക്ഷ്യം വഹിക്കേണ്ടി വരികയാണ്.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: