കര്ക്കിടകത്തിന് കറുത്തരാത്രികള്‍ മാഞ്ഞു
രാമായണ ശീലുകളൊഴിഞ്ഞു,പ്രശാന്തമാം
ചിങ്ങത്തേരേറി വരവായി ഋതുപ്പക്ഷി
മാമലനാട്ടിന്‍ തൊടികളില്‍ മുറ്റങ്ങളില്‍.
വെണ്മേഘക്കീറിന്നുള്ളില് പുഞ്ചിരിയൊളിപ്പിച്ചു
ബാലാര്‍ക്കന്‍ ഭൂമാതാവിന് വസന്തം നോക്കിക്കാണ്കെ
മറു പുഞ്ചിരിയാലെ പൂത്താലമേന്തീ ചുണ്ടില്‍
മധുരം നിറച്ചിതാ നില്ക്കയാണെന്റെ മലയാളം.
പടരാന്‍ തിരിനീട്ടും വല്ലികള്‍,പച്ചപ്പിട്ടു
വെള്ളരിപ്പല്ലും കാട്ടീ തുമ്പകള്‍
നിലാത്തിരി കത്തിച്ചു ചന്തംനീട്ടീ
യിരിപ്പൂ പൊന്തകള്‍, കടുക്കന്‍ കാതില്‍ തൂക്കി മുക്കുറ്റി,
അത്തംതൊട്ടേപൂക്കളം തീര്‍ക്കാന്‍
വെമ്പി ചിങ്ങരാവുണര്ന്നപ്പോള്
മധുരം മനോഹരം മോഹനം മലയാളം
കരളില്‍ ,കണ്ണില്‍ ,കാതിലാനന്ദം മനോമയം.
നെയ്വിളക്കെരിയുന്ന പൂമുഖത്തിരുന്നെന്റെ
മുത്തശ്ശി നീട്ടിപ്പാടും കൃഷ്ണഗാഥതന് ശീലില്
എന്മനംശൈശവചേലില് വീണുറങ്ങുബോള്
പറയാനറിയാത്തോരനുഭൂതി നുകരുമ്പോള്‍
ചിന്തയില്‍ ചിങ്ങക്കാറ്റായ് വന്നെത്തി ധന്യാത്മാവാം
ചെറുശ്ശേരി, കേരം തിങ്ങും കേരളനാട്ടിന് കവി
ഇഴയിട്ടടുക്കിയോ ‘രാളുന്തിപ്പാട്ടിന്റെ
താളത്തിലൊരുക്കിയ ശ്രീകൃഷ്ണകഥാമൃതം
മലയാളത്തിന്വെണ്മ പൂത്തുലഞ്ഞാടീടുന്ന
മധുരാനന്ദാമൃതം പകര്‍ന്നീ പ്രപഞ്ചത്തില്‍
സച്ചിദാനന്ദരൂപത്തില് വിലയിച്ചു കിടപ്പവന്
മലയാളം നിലനില്‍പ്പോളം കാലം നാം മറക്കാത്ത
ഭാവനാപ്രഭാപൂരം ഭാവാര്‍ത്ഥ സാഗരം.
കൃഷ്ണനായവതരിച്ചോരു ചിത് സ്വരൂപത്തിന്
ശക്തിയെ ചൈതന്യത്തെ ,സുന്ദരപ്രഭാവത്തെ
മലയാള പദാവലിക്കുള്ളിലായ് ലയിപ്പിച്ചു
ഭക്തിതന് പാരാവാരം തീര്ത്തകേരളകവേ
നമിപ്പൂ നമിപ്പൂ നിന് മുന്നില്‍ നാം മഹാമതേ
മലയാണ്മതന്നുണ്മക്കര്ത്ഥമേകിയ കവേ.
സതീശന്-ഇരിട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: