ട്രിപ്പോളി: ലെബനന് നഗരമായ ട്രിപ്പോളിയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 42 പേര് കൊല്ലപ്പെട്ടു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1990ന് ശേഷം ലെബനനിലുണ്ടാകുന്ന ഏറ്റവും വലിയ ബോംബ് സ്ഫോടനമാണ് വെള്ളിയാഴ്ച നടന്നത്.
വടക്കന്‍ ലബനനിലെ രണ്ട് പള്ളികള്‍ക്ക് പുറത്താണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ പള്ളിക്കു പുറത്തേയ്ക്ക് വരുമ്പോഴാണ് കാറുകളില്‍ സ്ഥാപിച്ചിരുന്ന ബൊംബ് പൊട്ടിത്തെറിച്ചത്. അല്‍-തഖ്വാ പള്ളിയ്ക്കും സലാം പള്ളിയ്ക്കും പുറത്താണ് ആക്രമണം. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രമുഖ സുന്നി പണ്ഡിതന് ഷെയ്ഖ് സലേം റാഫിയെ ലക്ഷ്യം വെച്ചായിരുന്നു സ്ഫോടനമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അദ്ദേഹം സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലെബനനിലെ ഷിയാ ഹിസ്ബുള്ള താവ്രവാദ ഗ്രൂപ്പിന്റെ വിമര്‍ശകരിലൊരാളാണ് ഷെയ്ഖ് സലേം റാഫി. സ്ഫോടനം നടക്കുമ്പോള്‍ റഫീ അല്‍ തക്വ പള്ളിയില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സിറിയയിലെ വിമതര്‍ക്കൊപ്പം അണിചേരാന്‍ ലെബനണിലെ യുവാക്കളോട് ആഹ്വാനം ചെയ്ത റാഫി ലെബനണിലെ ഹിസ്ബുള്ള വിഭാഗക്കാരുടെ കടുത്ത എതിരാളിയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനങ്ങള്‍ ഒരു വന്‍ ഭൂകമ്പത്തിന്റെ പ്രതീതി ജനിപ്പിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമീപത്തെ നിരവധി കാറുകള്‍ക്ക് തീപിടിച്ചു. കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി.
ബോംബ്സ്ഫോടനങ്ങളെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ അപലപിച്ചിട്ടുണ്ട്. സിറിയയില്‍ ആഭ്യന്തര കലാപം വീണ്ടും ശക്തിപ്രാപിച്ചത് ലെബനനിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ലെബനന് തലസ്ഥാനമായ ബീരറ്റില് കഴിഞ്ഞയാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: