കോഴിക്കോട്: സോളാര്‍ തട്ടിപ്പുകേസും അതിനെതിരെ നടന്ന എല്‍ഡിഎഫ് സമരവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് അട്ടിമറിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയസെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു. സോളാര്‍തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കളക്ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ അനിശ്ചിതകാല രാപ്പകല്‍ സെക്രട്ടറിയേറ്റ് ഉപരോധം രണ്ടരദിവസമായി ചുരുങ്ങിയതിന് പിന്നിലും സരിതാ നായര്‍ ജയിലില്‍ വച്ചു നല്കിയ 21 പേജ് മൊഴി മൂന്നര പേജായി മാറിയതിന് പിന്നിലും നടന്ന വന്‍ ഇടപാടുകള്‍ എന്തെന്ന് അന്വേഷിക്കണം. എല്‍ഡിഎഫ് നടത്തിയ സമരം പിന്‍വലിച്ചതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും ഒത്തുതീര്‍പ്പുകളും സിപിഎമ്മിനെ നാണം കെടുത്തിയിരിക്കുകയാണ്. അണികള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നാണക്കേടുകളാണ് പിണറായി വിജയന് വരുത്തിവച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.
എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി. രഘുനാഥ്, അഡ്വ.കെ.പി. പ്രകാശ്ബാബു, എം.പി. രാജന്, ടി.പി. ജയചന്ദ്രന്, എം.സി. ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: