ചെങ്ങന്നൂര്‍: മഹാദേവക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം പണയപ്പെടുത്തിയ കീഴ്ശാന്തിയെ നാട്ടുകാരും ഭക്തജനങ്ങളും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുളനട പനങ്ങാട്ട് പ്ലാക്കോട്ടുമഠത്തില് മധുസൂദനശര്മ (29)യാണ് പിടിയിലായത്.
15 ഗ്രാമിന്റെ കാശുമാല, 9.700 ഗ്രാമിന്റെ നെക്ലെയ്സ്, 6.479 ഗ്രാം, 2.610 ഗ്രാം, 2.130 ഗ്രാം, 3.790 ഗ്രാം തൂക്കത്തിലുള്ള നാല് സ്വര്‍ണമാലകളുമാണ് 80,000 രൂപയ്ക്ക് ഇയാള്‍ പണയം വച്ചത്. ക്ഷേത്രത്തിനു സമീപം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും കഴിഞ്ഞ 26ന് ചെങ്ങന്നൂര്‍, കുളനട എന്നീ സ്വകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചതിന്റെ രസീതുകള്‍ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 14ന് ദേവിയുടെ 7.600 ഗ്രാം തിരുവാഭരണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അന്നിരുന്ന കീഴ്ശാന്തിയെ സ്ഥലം മാറ്റിയ ഒഴിവിലേക്കാണ് ഇയാള്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. എന്നാല്‍ മധുസൂദനശര്മയെ കീഴ്ശാന്തിയായി ക്ഷേത്രത്തിലേക്ക് നിയമിച്ചതിനെതിരെ മറ്റ് പൂജാരികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ അനുകൂല വിധി നേടി മധുസൂദന ശര്‍മ തുടരുകയായിരുന്നു. ഇന്നലെ ഈ വിധിയുടെ കാലാവധി കഴിഞ്ഞതോടെ പുതിയ കീഴ്ശാന്തിയായി നാരായണന് നമ്പൂതിരി എത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
പുതുതായി എത്തുന്ന കീഴ്ശാന്തിക്ക് ക്ഷേത്ര ശ്രീകോവിലിലെ സ്വര്‍ണാഭരണങ്ങളും മറ്റ് സാധനങ്ങളും കൈമാറണം. ഇന്നലെ നടത്തിയ പരിശോധനയില്‍ ദേവസ്വം സ്റ്റോക്ക് രജിസ്റ്ററിലും ശ്രീകോവിലിലെ സ്വര്‍ണ ഉരുപ്പടിയിലും വ്യത്യാസം കണ്ടു. സംശയം തോന്നിയ നാരായണന് നമ്പൂതരി ചാര്‍ജെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ ഭക്തര്‍ മധുസൂദനശര്മയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണ ഉരുപ്പടികള്‍ പണയം വച്ചിരിക്കുകയാണെന്ന് ഇയാള്‍ പറഞ്ഞു. ചെങ്ങന്നൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം മോഷണം പോകുന്നത് ഇത് രണ്ടാമത്തെ സംഭവമാണെന്നും ഇതിന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹരിന്ദ്രനാഥ് ഒത്താശ ചെയ്യുകയാണെന്നും ആരോപിച്ച് ഭക്തര്‍ ഇയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജയശ്രീ സ്ഥലത്തെത്തുകയും മാനേജര്‍ക്കും കീഴ്ശാന്തിയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് ഭക്തര്‍ പിരിഞ്ഞു പോയത്.
മധുസൂധനന് ശര്‍മ്മയെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: