കണ്ണൂര്‍: ഭീകരവാദ കേസില്‍ ഉള്‍പ്പെട്ട പ്രതിക്ക് ഹൈക്കോടതി ഉത്തരവ് മറികടന്ന് ജാമ്യം നല്കിയ സെഷന്‍സ് കോടതിയുടെ നടപടി വിവാദമാകുന്നു. തടിയന്റവിട നസീറും ഷഫാസും അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പൈപ്പ് ബോംബ് കേസിലെ മൂന്നാം പ്രതി മെഹ്റൂഫിന് തലശേരി സെഷന്‍സ് കോടതിയാണ് ഇന്നലെ ജാമ്യം നല്‍കിയത്.
2008ല്‍ കണ്ണൂര്‍ ജുമാ പള്ളിക്ക് സമീപത്ത് നിന്ന് രണ്ട് പൈപ്പ് ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കണ്ണൂര്‍ മരയ്ക്കാകണ്ടി സ്വദേശിയായ മെഹ്റൂഫ് പ്രതിയായത്. കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ സിറ്റി പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. മറ്റു കേസുകളിലെ നസീറിന്റെ പങ്ക് അന്വേഷിക്കുമ്പോഴായിരുന്നു ഈ കേസിന് വഴിതിരിവുണ്ടായത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ നാടു വിട്ട മെഹ്റൂഫ് അഞ്ച് വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ് തിരിച്ചെത്തിയത്.
മെയ് 26ന് ജില്ലാ കോടതി മഹ്റൂഫിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. മെഹ്റൂഫിന് ആറ് മാസത്തേയ്ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 25നായിരുന്നു അഡ്വ. പി.കെ രവിശങ്കര്‍ മുഖേന മെഹ്റൂഫ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ജാമ്യം തള്ളിയ ഹൈക്കോടതി പ്രതിയുടെ വിചാരണ സെഷന്‍സ് കോടതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ പ്രതിക്ക് വീണ്ടും സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാവുന്നതാണ്. എന്നാല്‍ ഈ വിധി വന്ന് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് കീഴ്ക്കോടതിയില്‍ മെഹ്റൂഫ് ജാമ്യഹര്‍ജി നല്‍കുന്നതും ജാമ്യം നേടുന്നതും. സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്കിയപ്പോള് പ്രതിഭാഗം അഭിഭാഷകന് ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ കോടതിയില്‍ മറച്ചുവച്ചു. അന്വേഷണ ഉദ്യോഗസ്ഥനോ പബ്ലിക് പ്രോസിക്യൂട്ടറോ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്പ്പെടുത്തിയതുമില്ല.
കീഴ്ക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് മെഹ്റൂഫിന് ലഭിച്ച ജാമ്യം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: