കോഴിക്കോട്: റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിയന്ത്രണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സഹകരണ മേഖലയില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ്.
നബാര്‍ഡ് ചെയര്മാന് ഡോ. പ്രകാശ് ബക്ഷി ചെയര്‍മാനായി രൂപീകരിക്കപ്പെട്ട എട്ടംഗ സമിതിയുടെ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനത്തെ പ്രാഥമിക സഹകരണമേഖലയെ തകര്‍ക്കുമെന്ന വിമര്‍ശനം ഉയരുന്നത്. പ്രാഥമികസഹകരണബാങ്കുകളെ ജില്ലാ ബാങ്കുകള്‍ക്ക് കീഴില്‍ ബിസിനസ് ഏജന്റുകളാക്കി മാറ്റാനും പ്രാഥമിക സഹകരണ ബാങ്കുകളുടെ വായ്പാഇടപാടുകളും ആസ്തി ബാധ്യതകളും ജില്ലാ ബാങ്കുകളിലേക്ക് മാറ്റണമെന്നുമാണ് പുതിയ നിര്‍ദ്ദേശം. കഴിഞ്ഞ ജൂലൈ 22 ന് നബാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. രാമറാവു സംസ്ഥാന സഹകരണബാങ്ക് തലവന്മാര്ക്കായുള്ള ഈ കത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ പ്രാഥമിക സഹകരണബാങ്കുകള്‍ കൂട്ടത്തോടെ പൂട്ടേണ്ടിവരുമെന്നാണ് സഹകരണ മേഖലയില്‍ നിന്നുള്ള എതിര്‍പ്പ്.
പ്രകാശ് ബക്ഷി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കില്ലെന്നാണ് സംസ്ഥാന സഹകരണവകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതെങ്കിലും ഈ ഉറപ്പിനു ശേഷമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഇറങ്ങിയത്. 1968 ലെ കേരള സഹകരണനിയമത്തിലെ 9-ാം വകുപ്പനുസരിച്ച് രജിസ്റ്റര്‍ചെയ്യപ്പെട്ട പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് നബാര്‍ഡിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാവില്ലെന്നും വാദമുണ്ട്. പ്രാഥമികസഹകരണ ബാങ്കുകളുടെ ബാധ്യതകള്‍ ജില്ലാ സഹകരണബാങ്കുകളില്‍ ചേര്‍ക്കുന്നതോടെ ജില്ലാ ബാങ്കുകളുടെ നിലനില്‍പ്പും അപകടത്തിലാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ വിപുലമായ വേരുകളുള്ള സഹകരണമേഖലയുടെ അന്ത്യം കുറിക്കുമെന്നാണ് വിമര്‍ശകരുടെ പക്ഷം.
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നതോടെ പ്രാഥമിക കാര്‍ഷികസഹകരണ ബാങ്കുകള്‍ക്ക് കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍,കാര്‍ഷികഉപകരണങ്ങള്‍ വാടകക്ക് കൊടുക്കല്‍, തുടങ്ങി മറ്റുസാമ്പത്തികേതര സേവനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ഇതിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കാമെന്നാണ് നിര്‍ദ്ദേശം.
സഹകരണ രംഗത്തെ തൃത്താല ഹ്രസ്വകാല വായ്പാഘടനയെ കുറിച്ച് വിശദമായി പഠനം നടത്തിയ പ്രകാശ് ബക്ഷി കമ്മിറ്റി കാര്‍ഷികവായ്പകളില്‍ ഭീമമായ കുറവുണ്ടെന്നാണ് കണ്ടെത്തിയത്.കാര്‍ഷിക കടങ്ങള്‍ നല്‍കാനായി രൂപീകരിച്ച ഇത്തരം സൊസൈറ്റികള്‍ പലതും 17 ശതമാനത്തില്‍ താഴെയാണ് കാര്‍ഷിക കടങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത് മുപ്പത് ശതമാനംവരെ ഉയരണമെന്നാണ് നിര്‍ദ്ദേശം. പ്രാഥമിക സഹകരണബാങ്കുകളില്‍ 40 ശതമാനവും സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്കുകളില്‍ 50 ശതമാനവും കാര്‍ഷികേതര വായ്പകളുമെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. ഏറെ വിമര്‍ശനം വരുത്തിവെച്ച വൈദ്യനാഥന്കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും തന്നെയാണ് പ്രകാശ് ബക്ഷി കമ്മിറ്റിയും മുന്നോട്ടുവെക്കുന്നത്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നാണ് പ്രകാശ് ബക്ഷി സഹകാരികള്‍ വാദിക്കുന്നത് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സഹകരണ മേഖലയില്‍ വ്യാപകമായ എതിര്പ്പാണുണ്ടായിരിക്കുന്നത്. സഹകരണസംരക്ഷണവേദിരൂപീകരിച്ച് പ്രക്ഷോഭം നടത്താനാണ് സഹകാരികളുടെ തീരുമാനം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: