കൊല്ലം: സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഇടതുപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ച രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന് രംഗത്ത്. സെക്രട്ടേറിയറ്റ് ഉപരോധം പാതിവഴിയില്‍ പിന്‍വലിച്ചത് സി.പി.എമ്മിലെ സംഘടനാ പാടവത്തിലെ പിഴവാണെന്ന് ചന്ദ്രചൂഡന് കുറ്റപ്പെടുത്തി.
നല്ല രീതിയില്‍ തുടങ്ങിയ സമരം എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയാതെ പോയി. വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടാകാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും ചന്ദ്രചൂഡന് പറഞ്ഞു. സമരം അവസാനിപ്പിച്ചത് അവധാനതയോടെ അല്ല. സമരം തുടങ്ങാന്‍ ആര്‍ക്കുമാകാം. കുറച്ചുകൂടി നേതൃപാടവം കാണിക്കണമായിരുന്നു. സമരം എന്തിനാണ് അവസാനിപ്പിച്ചതെന്ന് ബന്ധുക്കളോടും സ്വന്തക്കാരോടും വിശദീകരിക്കേണ്ടിവരുന്നുവെന്നും ചന്ദ്രചൂഡന് പറഞ്ഞു.
ഉപരോധ സമരം ലക്ഷ്യം നേടാതെ പെട്ടെന്ന് അവസാനിപ്പിച്ചതിനെതിരെ നേരത്തെ കേരളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് എല്‍ഡിഎഫ് ഘടകക്ഷിനേതാവ് സമരം അവസാനിപ്പിച്ചതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സോളാര്‍ തട്ടിപ്പില്‍ എല്‍ഡിഎഫിന്റെ ഉപരോധം ചരിത്ര സമരമെന്നായിരുന്നു സി.പി.എം കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നത്. സമരം സംഘടിപ്പിച്ച കേരളാ ഘടകത്തെ കേന്ദ്രകമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: